അമൃതപുരി(കൊല്ലം): പ്രകൃതിദുരന്തങ്ങളെപ്പറ്റി മുന്‍കൂട്ടി വിവരം നല്കാനുതകുന്ന വയര്‍ലെസ് സെന്‍സര്‍ നെറ്റ്വര്‍ക്ക് സംവിധാനം ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥാപിക്കാന്‍ അമൃത സര്‍വകലാശാല തയ്യാറെടുക്കുന്നു. ആസാമില്‍ കാലവര്ഷക്കാലത്തുണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിലാണിത്. അമൃതപുരിയില്‍ നടക്കുന്ന അമ്മയുടെ അറുപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഈ സംവിധാനം സമര്‍പ്പിക്കും.
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ 100 കേന്ദ്രങ്ങളിലാണ് സെന്‍സറുകള്‍ സ്ഥാപിക്കുക. 24 മണിക്കൂറും പ്രകൃതിയിലെ മാറ്റങ്ങള്‍ നിരീക്ഷിച്ച് വിവരങ്ങള്‍ കൈമാറാന്‍ ഉപകരിക്കുന്ന ഈ സംവിധാനം (അമൃത ഡബ്ല്യുഎന്‍എ) സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്വര്‍ക്ക്സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ് ആണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ലോകത്തെവിടെയും ഉപയോഗിക്കാനാകുന്ന ഇത്തരത്തിലുള്ള ആദ്യസംവിധാനമാണിത്. ഇതിന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി അമൃത ഡബ്ല്യുഎന്എയുടെ ഡയറക്ടര്‍ ഡോ. മനീഷ സുധീര്‍ വ്യക്തമാക്കി.
ഇടുക്കി ജില്ലയിലെ മൂന്നാറില്‍ പ്രകൃതിക്ഷോഭം നാശം വിതച്ചതിനെ തുടര്‍ന്ന് 2009ല്‍ ആണ് ഈ സംവിധാനം ആദ്യം സ്ഥാപിക്കപ്പെട്ടത്. യൂറോപ്യന്‍ കമ്മീഷന്റെ എഫ്പി6 പരിപാടിയുടെ ഭാഗമായി മൂന്നാറിലായിരുന്നു ഉദ്ഘാടനം.
ആധുനിക സാങ്കേതിക വിദ്യകളോടു കൂടിയ ആദ്യത്തേതും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതുമായ ലബോറട്ടറിയാണ് തങ്ങളുടെ സെന്ററില്‍ സജ്ജീകരിച്ചിട്ടുള്ളതെന്നും രാജ്യത്തുതന്നെ ഇതാദ്യത്തേതാണെന്നും ഡോ. മനീഷ പറഞ്ഞു. മഴപെയ്യുമ്പോള്‍ അത് ഭൂമിയില്‍ ഏല്പിക്കുന്ന ആഘാതവും ഊര്‍ന്നിറങ്ങുന്ന ജലത്തെ സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കാനുതകുന്ന തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങളാണ് ലബോറട്ടറിയിലുള്ളത്.
മണ്ണിടിച്ചിലും മറ്റും മുന്‍കൂട്ടി മനസിലാക്കാന്‍ ഉതകുന്ന വയര്‍ലെസ് സെന്‍സര്‍ നെറ്റ്വര്‍ക്കിനൊപ്പം ഇത്തരത്തിലുള്ള ചെറുതും വലുതുമായ ലബോറട്ടറികളും സഹകരണാടിസ്ഥാനത്തില്‍ തങ്ങള്‍ സജ്ജീകരിക്കുന്നുണ്ടെന്നും ഇതിലൂടെ യഥാസമയം പ്രകൃതി ദുരന്തങ്ങളെ കൈകാര്യം ചെയ്യാനാകുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള കേന്ദ്രങ്ങളില്‍ അടുത്ത മാസത്തോടെയാണ് ഇവ സ്ഥാപിച്ചു തുടങ്ങുക. പ്രാഥമികസൗകര്യങ്ങള്‍ സ്ഥാപിക്കല്‍ 2014 ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് ഡോ. മനീഷ പറഞ്ഞു.
2009ല്‍ സംസ്ഥാനത്തുടനീളം കനത്ത മഴ പെയ്തപ്പോള്‍ മൂന്നാറില്‍ സ്ഥാപിച്ചിരുന്ന 150 ജിയോഫിസിക്കല്‍ സെന്‍സറുകളും ഇവയോട് ബന്ധിപ്പിച്ച 20 വയര്‍ലെസ് സെന്‍സറുകളും വഴി മണ്ണിടിച്ചില്‍ സാധ്യതകളെപ്പറ്റി മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിച്ചിരുന്നതായി ഡോ. മനീഷ ചൂണ്ടിക്കാട്ടി. ഇതിനാവശ്യമായ ഗവേഷണങ്ങളുടെ ഏറ്റവും വലിയ പ്രചോദനം അമൃതാനന്ദമയീ ദേവിയായിരുന്നെന്ന് അവര്‍ പറഞ്ഞു.
ഗവേഷണങ്ങളുടെ ഓരോ ഘട്ടത്തിലും അമ്മ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ആവശ്യമായ ധനസഹായവും ആള്‍ശേഷിയും അനുവദിക്കുകയും ചെയ്തിരുന്നതായി അമൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. വെങ്കട്ട് രംഗന് പറഞ്ഞു. മണ്ണിടിച്ചില്‍ സാധ്യത കണ്ടെത്തുകയെന്ന ലക്ഷ്യം ആദ്യം ഈ പദ്ധതിക്കുണ്ടായിരുന്നില്ലെന്നും പിന്നീട് ജനജീവിതത്തെ സംരക്ഷിക്കാനുതകും വിധം മണ്ണിടിച്ചില്‍ സാധ്യതാ മേഖലകള്‍ കണ്ടെത്താനാകുന്നതരത്തില് സംവിധാനം വികസിപ്പിക്കാന്‍ അമ്മയാണ് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ കമ്മീഷന്റെയും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെയും പിന്തുണയോടെ ആരംഭിച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സഹായത്തോടെയാണ് പുരോഗമിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നബാര്‍ഡ് ഇന്നൊവേഷന് അവാര്‍ഡിന് 2012 ഒക്ടോബറില്‍ ഈ സംവിധാനം അര്‍ഹമായിരുന്നു. മറ്റ് ദുരന്തങ്ങളും മുന്‍കൂട്ടി മനസ്സിലാക്കാനുതകും വിധത്തില്‍ ഇതിനെ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കുന്നതിലൂടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ഡോ. മനീഷ പറഞ്ഞു. ദുരന്തസ്ഥലങ്ങളില്‍ അകപ്പെട്ടുപോകുന്നവരെ രക്ഷിക്കാനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്താനും ഉതകുന്ന വയര്‍ലെസ് സെന്‍സറുകള്‍ ഉപയോഗിച്ചു നിയന്ത്രിക്കാനാകുന്ന റോബോട്ടുകളെയും തങ്ങള്‍ വികസിപ്പിച്ചുവരികയാണെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: