കൊട്ടിയം: നെടുമ്പന പുലിയിലയില്‍ ഡെങ്കിപ്പനി പടര്‍ന്നിട്ടും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. ഡെങ്കിപ്പനി പടരുന്നത് നാട്ടുകാര്‍ക്കിടയില്‍ ഭീതി ജനിപ്പിച്ചിട്ടുണ്ട്. പുലിയിലയില്‍ പനി മൂലം മരണം രണ്ടായി. പത്തോളം പേര് ചികില്‍സയിലാണ്.
ഡങ്കിപ്പനി പിടിപെട്ട് ഒരു വീട്ടമ്മ കഴിഞ്ഞയാഴ്ച മരിച്ചതോടെയാണ് പുലിയിലയില്‍ ആശങ്ക വര്‍ധിച്ചത്. അതുല്യാ ഭവനില്‍ പ്രസന്നകുമാരിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ വ്യാഴാഴ്ച രാത്രി മരിച്ചത്. രണ്ടുമാസം മുമ്പ് പുലിയില സിഎസ് ഭവനില്‍ സുലോചന ഡെങ്കിപ്പനി പിടിപെട്ട് മരിച്ചു. പുലിയിലയിലെ അഞ്ച് പേര് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഡങ്കി ബാധിച്ച് ചികില്‍സയിലാണ്.
റബര്‍ കൃഷി വ്യാപകമായ ഗ്രാമ പഞ്ചായത്താണ് നെടുമ്പന. റബര്‍ കര്‍ഷകര്‍ ചിരട്ടകള്‍ കമിഴ്ത്താന്‍ കൂട്ടാക്കാത്തത് നീണ്ടുനില്‍ക്കുന്ന മഴയില്‍ കൊതുക് പെരുകാനുള്ള സാധ്യത വര്‍ധിപ്പിക്കും. മഴക്കാലത്ത് പഞ്ചായത്തില്‍ ക്ലോറിനേഷന് അടക്കമുള്ള ശുചീകരണവും ബോധവല്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചിരുന്നെങ്കിലും അതൊന്നും ഫലപ്രദമായില്ല. ഡെങ്കിപ്പനി വ്യാപിച്ചിട്ടും പ്രദേശത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ പനിയെ പ്രതിരോധിക്കാനുള്ള കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ഇതിനിടെ കൊല്ലം ചാത്തിനാംകുളത്തും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: