മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ സ്കോര്‍ ഷീറ്റിലെ നിത്യ സാന്നിധ്യമാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. എന്നാല്‍ ശനിയാഴ്ച്ച മെസിക്ക് അതില്‍ ഇടം ലഭിച്ചില്ല. പകരം പുതിയൊരു ഹീറോയുടെ പേര് എഴുതിച്ചേര്‍ക്കപ്പെട്ടു, പെഡ്രോ റോഡ്രിഗസ്. ഹാട്രിക്ക് തിളക്കത്തോടെ പെഡ്രോ അരങ്ങുവാണ ദിനത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് റയോ വല്ലെക്കാനൊയെ മുക്കി. ബാഴ്സ പോയിന്റ് ടേബിളില്‍ ആധിപത്യം നിലനിര്‍ത്തി. സെസ്ക് ഫെബ്രെഗസാണ് നിലവിലെ ചാമ്പ്യന്മാരുടെ മറ്റൊരു സ്കോറര്‍. ഗോളവസരങ്ങള്‍ ഒരുക്കിയതിലൂടെ മെസിയും ആരാധകരെ തൃപ്തിപ്പെടുത്തി.
പതിവുപോലെ പന്തടക്കത്തിലും ഗോള്ലക്ഷ്യംവച്ചുള്ള ഷോട്ടുകളിലും ബാഴ്സ മുന്നില്‍ നിന്നു. നെയ്മറും മെസിയും വലകുലുക്കാന്‍ കിണഞ്ഞുശ്രമിച്ചെങ്കിലും പെഡ്രോയുടെ നിമിഷങ്ങളായിരുന്നു പിറവിയെടുത്തത്.
കളിയുടെ ആദ്യ മിനിറ്റുകളിലൊന്നില്‍ രണ്ടു റയോ പ്രതിരോധ ഭടന്മാരെ ഞൊടിയിടയില്‍ വെട്ടിച്ച മെസി പെനല്‍റ്റി ബോക്സിനു പുറത്തുവച്ചു തൊടുത്ത ഷോട്ട് ഗോളി റൂബന്‍ മാര്‍ട്ടിനസിനെ മറികടന്നു പക്ഷെ, അനാറ്റിസ് അര്ബില ബോള്‍ ക്ലിയര്‍ ചെയ്തു. പിന്നാലെ സാവിയുടെ വളഞ്ഞൊരു ക്രോസ് നെയ്മറെ ഉന്നംവെച്ച് നീങ്ങിയെങ്കിലും ഗോളി അപകടം ഒഴിവാക്കി. മൂന്നു ഡിഫന്‍ഡര്‍മാരെ മറികടന്ന് മെസി നല്കിയ പാസില്‍ നെയ്മര്‍ തീര്‍ത്ത ഷോട്ടും അകന്നുപോയി. ഒടുവില്‍ 33-ാം മിനിറ്റില്‍ ബാഴ്സലോണ ലീഡെടുത്തു. മെസിയുടെ മനോഹരമായ നീക്കത്തിനൊടുവില്‍ ലഭിച്ച പാസ് പെഡ്രോ വലയുടെ മൂലയിലേക്ക് പറഞ്ഞയച്ചു (1-0). രണ്ടു മിനിറ്റുകള്‍ക്കുശേഷം വല്ലെക്കാനൊയ്ക്ക് സമനിലയ്ക്കുള്ള അവസരം ലഭിച്ചു. ത്രഷോറാസിനെ അഡ്രിയാനൊ ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തതിനു റഫറി പെനാല്‍റ്റി വിധിച്ചു. എന്നാല്‍ ത്രഷോറാസിന്റെ കിക്ക് തട്ടിത്തെറിപ്പിച്ച വിക്റ്റര്‍ വാല്‍ഡെസ് ടീമിനു രക്ഷയൊരുക്കി.
രണ്ടാം പകുതിയിലും ബാഴ്സ നന്നായി തുടങ്ങി. ഫാബ്രെഗസിന്റെ ക്രോസ് പെഡ്രോ (47 -ാം മിനിറ്റ്) വരകടത്തുമ്പോള് സ്കോര്‍: 2-0. തുടര്‍ന്ന് രണ്ടു തവണ മെസിയും ഒരുതവണ നെയ്മറും ഗോളിനടുത്തെത്തി. പിന്നീട് 72-ാം മിനിറ്റില്‍ നെയ്മറുടെ നിസ്വാര്‍ത്ഥത സമ്മാനിച്ച പന്ത് പെഡ്രോ ഹാട്രിക്കാകിമാറ്റി (3-0). കളിയവസാനിക്കാന്‍ പത്തു നിമിഷങ്ങള്‍ അവശേഷിക്കെ സാവിയുടെ പാസിലൂടെ ഫാബ്രെഗസ് ടീമിന്റെ അക്കൗണ്ടും തികച്ചു (4-0).
പ്രതികരിക്കാൻ ഇവിടെ എഴുതുക: