1988 ലാണ് അമൃതാനന്ദമയി ദേവിയെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത്. പ്രശസ്ത ഭാഗവത സപ്താഹാചാര്യനായിരുന്ന വൈശ്രവണത്ത് രാമന് നമ്പൂതിരിയായിരുന്നു മദ്രാസിലെ ഞങ്ങളുടെ വീട്ടില്‍ വച്ച് അമ്മയെക്കുറിച്ച് പറഞ്ഞത്. ശാരദാ ദേവിയെന്ന സങ്കല്‍പ്പമായിരുന്നു രാമന് നമ്പൂതിരി അന്ന് മുന്നോട്ട് വച്ചത്. ആരെക്കുറിച്ചോ പറയുന്നു എന്ന ഭാവത്തില്‍ ഒരു ചെവിയില്‍ കേട്ടു മറന്നു. പിന്നീട് കൃത്യം ഇരുപതാം ദിവസം രാവിലെ ഹിന്ദു പത്രം വന്നപ്പോള്‍ മൂലയില്‍ ഒരു ചെറിയ പരസ്യം അമൃതാനന്ദമയി മദ്രാസില്‍ എന്ന്. അമ്മയുടെ ഒരു ഫോട്ടോയും ഉണ്ട്. കൗതുകത്തോടെ നോക്കി..ദാ തിരുമേനി പറഞ്ഞ ആ അമ്മയാണിതെന്ന് തോന്നുന്നു എന്ന് വനിതയോട് പറഞ്ഞു. ഇവിടെ വരികയല്ലേ നമുക്കൊന്നു പോയി നോക്കിയാലോ എന്ന് അവള്.
എന്തായാലും കോടമ്പാക്കത്ത് അമ്മയെത്തിയപ്പോള്‍ കാണാനായി പുറപ്പെട്ടു. ഇന്നത്തെപ്പോലെ വലിയ ക്യൂ ഒന്നുമില്ല. എങ്കിലും കുറച്ചു കാത്തുനിന്നു അമ്മയുടെ മുന്നിലെത്തി. അമ്മ കെട്ടിപ്പിടിച്ചപ്പോഴേക്കും ഞങ്ങള്‍ രണ്ടുപേരും കരയാന്‍ തുടങ്ങി. എന്തിനാണ് കരയുന്നതെന്ന് പോലുമറിയില്ല. കരച്ചില് നിര്ത്താനാകുന്നില്ലെന്ന് മാത്രം. ഇപ്പോഴും അന്ന് എന്തിനാണ് അങ്ങനെ കരഞ്ഞതെന്ന് ഞങ്ങള്‍ക്കറിയില്ല. കരയാന്‍ മാത്രം വലിയ ഒരു സങ്കടവും ജീവിതത്തില്‍ ഉണ്ടായിരുന്നുമില്ല. അന്ന് അമ്മ പോകുന്നതുവരെ പിന്നാലെ നടക്കുകയായിരുന്നു ഞങ്ങള്‍ രണ്ടുപേരും. അതില്പിന്നെ അമ്മയെ വിട്ടു പോകാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. പിന്നീട് അമ്മയില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ചപ്പോള്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ഒരേ മന്ത്രമാണ് അമ്മ നല്‍കിയത്. അത് അപൂര്‍വ്വ ഭാഗ്യമായാണ് ഞങ്ങള്‍ കരുതുന്നത്. 86ലായിരുന്നു ഞങ്ങളുടെ വിവാഹം. ഒരു കുഞ്ഞിനെക്കുറിച്ച് കാര്യമായി ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. പിന്നീട് വള്ളിക്കാവ് ആശ്രമത്തിലെത്തിയപ്പോള്‍ അമ്മയാണ് അക്കാര്യം ഓര്‍മ്മിപ്പിച്ചത്. സന്താനഭാഗ്യത്തിന് ചില തടസ്സങ്ങളുണ്ടെന്നും പ്രാര്‍ത്ഥിക്കണമെന്നും അന്ന് അമ്മ ഉപദേശിച്ചു.
ഒരിക്കല്‍ വള്ളിക്കാവ് ആശ്രമത്തില്‍ സംഘടിപ്പിച്ച യൂത്ത് ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങാനൊരുങ്ങവേ അമ്മ പറഞ്ഞു, മോനേ ഇനി കുഞ്ഞിന്റെ കാര്യത്തില്‍ അധികം താമസമില്ല എന്ന്. അത് യാഥാര്‍ത്ഥ്യമായി. വനിതയുടെ ഗര്‍ഭാവസ്ഥ മുതല്‍ പ്രസവം വരെ അമ്മയുടെ അദൃശ്യസാന്നിധ്യം ഞങ്ങളോടൊപ്പം നിറഞ്ഞുനില്‍ക്കുകയായിരുന്നു. 1990 ല്‍ അമ്മയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് നടന്ന സംഗീതപരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ ആശ്രമത്തിലെ മുതിര്‍ന്ന സ്വാമി അമൃതാത്മാനന്ദപുരി പിന്നാലെ വന്ന് ഒരു കവര്‍ കയ്യില്‍ തന്നു. പിറന്നാള്‍ ദിനത്തില്‍ മറ്റുള്ളവര്‍ക്കൊപ്പം പാടിയതിന് എനിക്കും പ്രതിഫലമോ? എങ്കില്‍ പിന്നെ ഞാനെങ്ങനെ അമ്മയുടെ ഭക്തനാകും. പ്രതിഫലം വാങ്ങാതെ നിന്നപ്പോള്‍ സ്വാമി നിര്‍ബന്ധിച്ചു അമ്മ തന്നയച്ചതാണെന്ന് ഓര്‍മ്മിപ്പിച്ചു. വാങ്ങാതെ നിവൃത്തിയില്ലെന്നായി. ചെന്നൈയിലെത്തുമ്പോള്‍ വനിതക്ക് പ്രസവവേദന. ആശുപത്രിയിലെ ചെലവുകള്‍ക്ക് ഓടേണ്ടി വന്നില്ല, അമ്മ സമ്മാനിച്ച കാശുതന്നെയായിരുന്നു ആദ്യം ഉപകരിച്ചത്.
മറ്റുള്ളവര്‍ക്ക് അന്ധവിശ്വാസമെന്ന് തള്ളിക്കളയാവുന്ന എത്രയോ അനുഭവങ്ങള്‍ ജീവിതത്തില്‍ പിന്നെയുമുണ്ടായി. വനിതയുടെ പ്രസവത്തിന് ശേഷം അവരുടെ വീട്ടിലായിരുന്നു കുറച്ചുനാള്‍ താമസം. ഇതിനിടെ ഒരുദിവസം ഞങ്ങളുടെ അയല്‍വാസിയുടെ ഫോണ്‍, ഒന്നു വന്നു നോക്കണം, വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നു. ഓടിപ്പിടിച്ച് എത്തിയപ്പോള്‍ വീട് കുത്തിത്തുറന്ന് അതിനുള്ളിലെ സകല സാധനങ്ങളും കള്ളന്മാര് കൈക്കലാക്കിയിരിക്കുന്നു. ആകെ വിഷമിച്ചുപോയി. പക്ഷേ ആ വിഷമത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. രണ്ട് ദിവസത്തിനുള്ളില്‍ കള്ളന് പിടിയിലായി. പോലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ വിളിയെത്തി. സാധനങ്ങള്‍ ഞങ്ങളുടേത് തന്നെയാണെന്ന് ഉറപ്പാക്കാന്‍…ഇത് യാദൃശ്ചികം മാത്രമായി കണക്കാക്കാം, എന്നാല്‍ കള്ളന് എങ്ങനെ പിടിയിലായി എന്നതാണ് രസകരം. മോഷണമുതല്‍ ഒരു ഓട്ടോറിക്ഷയിലാക്കി കള്ളനും കൂട്ടുകാരനും പോകുന്നതിനിടെ പട്ടുപാവാടയും ഉടുപ്പുമിട്ട ഒരു ചെറിയ പെണ്‍കുട്ടി ഓട്ടോയ്ക്ക് കുറുകെ ചാടുകയും പെട്ടെന്ന് ഓട്ടോ മറിയുകയുമായിരുന്നത്രെ. ആ കുട്ടിയെ പിന്നീടാരും കണ്ടുമില്ല. മറ്റുള്ളവര്‍ എന്ത് പറഞ്ഞാലും അത് അമ്മയായിരുന്നു എന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം. ഇക്കാര്യം പിന്നീട് അമ്മയോട് നേരിട്ട് പറഞ്ഞിട്ടുമുണ്ട്. അപ്പോള്‍ അമ്മ വെറുതെ ചിരിച്ചുകൊണ്ട് മുഖത്തു നോക്കിയിരുന്നു. 25 വര്‍ഷമായി അമ്മയെ അടുത്തുകാണുന്നു. ഇതിലും തീക്ഷ്ണമായ അനുഭവങ്ങള്‍ മാസങ്ങള്‍ പരിചയമുള്ളവര്ക്കുപോലുമുണ്ടായിട്ടുണ്ട്. അമ്മ നമ്മെ മനസ്സിലാക്കുന്നത് നിമിഷങ്ങള്‍ക്കകമാണ്. അതുകൊണ്ടാണല്ലോ കാലദേശഭാഷകള്‍ക്കതീതമായി ആ നോട്ടത്തിന് മുന്നില്‍ മനുഷ്യന് വിതുമ്പിക്കരഞ്ഞുപോകുന്നത്.
അമ്മയുടെ ചില നേരങ്ങളിലെ പെരുമാറ്റവും വാക്കുകളും അതിശയിപ്പിക്കുന്നതാണ്. ഒരിക്കല്‍ ഏറെ പ്രായമുള്ള ഒരാള്‍ ആശ്രമത്തിലെത്തി. അമ്മയുടെ മുന്നിലെത്തിയപ്പോള്‍ അയാള്‍ ഉറക്കെ പറഞ്ഞു. നിങ്ങളോടുള്ള വിശ്വാസം കൊണ്ടൊന്നുമല്ല ഇവിടെ കുറെ സ്ഥലങ്ങളൊക്കെ കാണാമല്ലോ എന്ന് കരുതിയാണ് ഞാനെത്തിയത്. എനിക്ക് വയസ് 80 ആയി. കഴിഞ്ഞ 75 വര്‍ഷമായി ഈശ്വരനില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ചിരിച്ചുകൊണ്ട് എല്ലാം കേട്ടിരുന്ന അമ്മ അയാളോട് ഒരു ചോദ്യം – അയ്യോ മോനേ ഇല്ലാത്ത ഒന്നിനെ ഇല്ല എന്ന് പറയാന്‍ 75 വര്‍ഷം വേണ്ടി വന്നു അല്ലേ…ഇതുപോലെ കേള്‍ക്കുന്നവര്‍ക്ക് പലപ്പോഴും മനസ്സിലാക്കാന്‍ പോലുമാകാത്ത പല കാര്യങ്ങളും അമ്മ പറയുന്നു ചെയ്യുന്നു. ഞാനൊരു തൂപ്പുകാരിയാണെന്ന പ്രഖ്യാപനം അതിലൊന്നു മാത്രം.
സ്ത്രീകളെ വിഷമിപ്പിക്കുന്നതും ശകാരിക്കുന്നതും അമ്മയ്ക്കിഷ്ടമല്ല. ചിലരോട് അമ്മ സംസാരിക്കുന്നതും നമ്മെ അമ്പരപ്പിക്കും. തീര്‍ത്തും അപ്രസക്തരെന്ന് തോന്നുന്ന ചില വ്യക്തികളോട് സംസാരിക്കാന്‍ അമ്മ ഏറെ നേരമെടുക്കാറുണ്ട്. അതിലെന്തോ കാര്യമുണ്ടെന്ന് കൂടെയുള്ളവര്‍ക്ക് മനസ്സിലാകും. പക്ഷേ എല്ലാവരോടും അമ്മ ഒരുപോലെയാണ് പെറുമാറുന്നത്. നിറഞ്ഞ സ്നേഹം മാത്രം. ആ സ്നേഹമുള്ക്കൊള്ളുന്ന അമ്മയുടെ ഭക്തര്‍ക്കിടയിലും ഒരു മമത എപ്പോഴുമുണ്ടാകും. കുടുംബാംഗത്തെപ്പോലെ ഒരു അടുപ്പം.
തനിക്ക് ഇപ്പോഴും മനസ്സിലാക്കാന്‍ കഴിയാത്ത അത്ഭുതമാണ് അമ്മയെന്ന് കൃഷ്ണചന്ദ്രന്റെ ഭാര്യ വനിത. അമ്മ ചിലപ്പോള്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ഒന്നുമറിയാത്തപോലെ തോന്നും. നിറയെ സംശയങ്ങള്‍ നമ്മളോട് ചോദിക്കും. പക്ഷേ അതേ അമ്മ നിമിഷങ്ങള്‍ക്കകം നമ്മെ അതിശയിപ്പിച്ചുകളയും. എല്ലാമറിയുന്ന ഗുരുവാണ് അമ്മ. അമ്മയ്ട സ്വാധീനമാണ് ജീവിതം മുഴുവന്‍. ചെന്നൈയില്‍ നിന്ന് താമസം തിരുവനന്തപുരത്തേക്ക് പറിച്ചു നട്ടത് അമ്മ പറഞ്ഞിട്ടാണ്. അമ്മ പറഞ്ഞിട്ടാണ് അഭിനയം നിര്‍ത്തിയ ഞാന്‍ വീണ്ടും ക്യാമറക്ക് മുന്നിലെത്തിയത്. അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രധാനതീരുമാനങ്ങള്‍ക്ക് പിന്നിലും അമ്മയുണ്ട്. അമ്മ ഒരുകാര്യം പറയുമ്പോള്‍ അപ്പോള്‍ അത് എന്താണെന്ന് പൂര്‍ണ്ണമായും മനസ്സിലാക്കാനാകില്ല. പക്ഷേ അനുഭവത്തില്‍ കൂടി അത് എനിക്ക് ബോധ്യപ്പെടുകയാണ് പതിവ്. അമ്മ എല്ലാവരെയും കാണുന്നു, എല്ലാവരെയും കേള്‍ക്കുന്നു. മറ്റുള്ളവരെ ജീവിച്ചു കാണിക്കുകയാണ് അമ്മ. അമ്മയുമായി ബന്ധപ്പെട്ട് നൂറുകൂട്ടം കാര്യങ്ങള്‍ പുറത്തു നടക്കുമ്പോള്‍ അതൊന്നും ചിന്തിക്കാതെ ഉത്സാഹത്തോടെ അടുക്കളയില്‍ കയറി കട്ടന്‍ ചായ ഉണ്ടാക്കുകയും ദോശ ചുടുകയും ചെയ്യുന്ന അമ്മയെ ഞാന്‍ എത്രയോ തവണ കണ്ടിരിക്കുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാത്ത കര്മ്മയോഗിയാണമ്മ. ഞങ്ങളുടെ മകള്‍ ജനിച്ചപ്പോള്‍ അമൃത വര്‍ഷിണി എന്നല്ലാതെ മറ്റൊരു പേര് മുന്നിലുണ്ടായിരുന്നില്ല. അവളും അമ്മയുടെ കൃപയറിഞ്ഞാണ് ജീവിക്കുന്നത്.
അനുഭവങ്ങളെ പലവിധത്തില്‍ പങ്കു വയ്ക്കാം, അമ്മയെക്കുറിച്ച് മറ്റൊരാളോട് ചോദിച്ചാല്‍ ഞങ്ങള്‍ തരുന്ന വിവരണങ്ങള്‍ ഒന്നുമല്ലായിരിക്കും. അമ്മ ആരാണെന്നോ എന്താണെന്നോ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ ഞങ്ങളായിട്ടില്ല. എങ്കിലും ചെറിയ ജീവിതത്തില്‍ കരുണാമൂര്‍ത്തിയായ ഒരു ഗുരുവിന്റെ സാന്നിധ്യം അനുഭവിച്ച് ജീവിക്കാന്‍ ഭാഗ്യം ലഭിച്ച കുടുംബമാണ് ഞങ്ങളുടേത്. അതിലെ സന്തോഷം, ധന്യത അത് മാത്രമാണ് ഞങ്ങള്‍ പങ്ക് വയ്ക്കുന്നത്. അധ്യാത്മതലത്തില് അമ്മയെ വ്യാഖ്യാനിക്കാനോ ആസ്വാദ്യമായി അനുഭവങ്ങള്‍ എഴുതാനോ അറിയില്ല. എങ്കിലും വിശ്വസിക്കുന്നു, ഈ നിമിഷം പോലും അമ്മയുടെ അനുഗ്രഹമാണെന്ന്. അമ്മയെപ്പോലൊരു ഗുരുവിന്റെ തണലില്‍ കഴിയുന്നതിന്റെ ആനന്ദത്തിലാണ് ജീവിതം…അമ്മയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ഇനി ദിവസങ്ങളോളം ഊണും ഉറക്കവും വള്ളിക്കാവിലെ അമൃതപുരി ആശ്രമത്തില്‍ തന്നെ.നിറഞ്ഞ സന്തോഷത്തോടെ കൃഷ്ണചന്ദ്രന്-വനിതാ ദമ്പതികള്‍ പറഞ്ഞവസാനിപ്പിക്കുന്നു.
(തയ്യാറാക്കിയത് രതി.എ.കുറുപ്പ് )
പ്രതികരിക്കാൻ ഇവിടെ എഴുതുക: