ഭാവനകള്‍ക്ക് വിട; ഇനി വസ്തുതകള്‍ക്കാണ് സ്ഥാനം. ഓണം നാളുകളിലാണ് ഭാവന സകല സൗന്ദര്യങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ട് രംഗത്തു വരുന്നത്. അത് സാഹിത്യസൃഷ്ടികളായി പുറത്തുവരും. രണ്ടുഭാഗം, മൂന്നു ഭാഗം(അടുത്ത തവണ എത്രവരുമെന്ന് പിന്നീടറിയാം) എന്നിങ്ങനെ ജനങ്ങളെ ആനന്ദസാഗരത്തില്‍ ആറാടിക്കാന്‍ മാധ്യമങ്ങള്‍ തയ്യാര്‍. എന്നാല്‍ ഇത്തവണ ഭാവന വേണ്ട വസ്തുത പോരട്ടെ എന്നാണ് കോഴിക്കോട്ടെ പത്രമുത്തശ്ശി പറഞ്ഞത്. അത് രണ്ട് ഭാഗങ്ങളില്‍ പതഞ്ഞു പൊങ്ങിക്കിടക്കുന്നു. മനസ്സിന്റെ ആകുലതകള്‍, ശരീരത്തിന്റെ അവധികള്‍ എന്ന പൊതുപേരിലാണ് അക്ഷരക്കസര്‍ത്ത്. ഘടാഘടിയന്മാര് തന്നെയാണ് ഓണക്കാലത്ത് തങ്ങളുടെ ആധിയും വ്യാധിയും വായനക്കാരുടെ മനസ്സിലേക്ക് കോരിയൊഴിച്ചിരിക്കുന്നത്.
ടി. പത്മനാഭന് മുതല്‍ ഇങ്ങേയറ്റത്തെ മാധ്യമപ്രവര്ത്തകന് കെ.വി. അനൂപ് വരെയുള്ളവരുടെ ആകുലതകളും അസ്വസ്ഥതകളുമാണ് മാതൃഭൂമി ഓണപ്പതിപ്പ് കെട്ടഴിച്ച് തള്ളിയിരിക്കുന്നത്. നാല്പ്പത്തൊന്പത് ബഹുമാനിതരുടെ ആധിയിലേക്കാണ് 60 ഉറുപ്പിക കൊടുത്ത് പാവം വായനക്കാരന് ഊളിയിടേണ്ടത്. കുറ്റംപറയരുതല്ലോ രണ്ട് നോവലെറ്റുകള്‍ ഇതിലുണ്ട്. ഒരര്‍ത്ഥത്തില്‍ അതും വായനക്കാരന് ആകുലത തന്നെ. ഓണത്തിന് സാമ്പാര്‍ വെക്കുന്നവര്‍ക്കായി ഒരു പായ്ക്കറ്റ് സാമ്പാര്‍ പൊടിയും ഇനാം നല്‍കിയിട്ടുണ്ട്. ആകുലതകള്‍ ഇങ്ങനെ വാരിയെറിഞ്ഞ സ്ഥിതിക്ക് മേപ്പടി സാധനത്തിന് 60 ഉറുപ്പിക വാങ്ങിയതിന് ന്യായീകരണമില്ല. ഉജ്വോജ്വല സ്ഥാപനങ്ങളുടെ കേമന്‍ സാധനങ്ങള്‍ വിറ്റഴിക്കാന്‍ ഇമ്മാതിരി ആകുലതകളുടെ അകമ്പടി വേണോയെന്ന് മേപ്പടി സ്ഥാപനങ്ങള്‍ ആലോചിക്കുന്നത് നന്ന്. വസ്തുത വിറ്റ് കാശാക്കുന്നതില്‍ ഒരു ലോജിക്ക് (ശ്രേഷ്ഠ മലയാളം ക്ഷമിക്കട്ടെ) വേണ്ടേ എന്ന് നിങ്ങള്‍ക്ക് ന്യായമായും ചോദിക്കാം.
രണ്ടു വരി കവിത പോലും ഓണപ്പതിപ്പില്‍ ചേര്‍ക്കാത്തവര്‍ക്ക് എന്ത് ലോജിക്ക് എന്ന് സമാധാനിക്കുകയുമാവാം. ഭാവനകള്‍ വായനക്കാരനെ ഭ്രമാത്മകമായ ഒരവസ്ഥയില്‍ എത്തിക്കുമെന്ന ഭയംമൂലം ഒരു പക്ഷേ, വസ്തുതകള്‍ പോരട്ടെ എന്ന് പത്രാധിപര്‍ (അങ്ങനെയൊരു വിദ്വാന് ഉണ്ടെങ്കില്‍) കരുതിയിരിക്കാം. വസ്തുതകള്‍ വളച്ചൊടിച്ചുകൊണ്ടുള്ള ഓണപ്പെരുമകള്ക്ക് ശക്തി വര്‍ധിക്കുന്നതും മറ്റൊരു കാരണമാവാം. എന്തായാലും ഭിഷഗ്വരന്മാര് പരാമര്‍ശിത ഓണപ്പതിപ്പ് വാങ്ങി സൂക്ഷിക്കുന്നത് നന്ന്. ഘടാഘടിയന്മാരുടെ ആകുലതകളും വ്യാധികളും നന്നായറിഞ്ഞാല്‍ തേരാപാരകള്‍ക്ക് കുറിപ്പടി നല്കാന് എളുപ്പമാവുമല്ലോ. ഇനി ചിലര്‍ക്ക് ചെറിയൊരു ചോദ്യമുണ്ടാവും. മേപ്പടി വിദ്വാന്മാരുടെ ആധികളും വ്യാകുലതകളും മാത്രമേ പഥ്യമാവുകയുള്ളൂ? അങ്ങനെയല്ലാത്ത ലക്ഷങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ലേ? 60 ഉറുപ്പിക കൊടുത്ത് മേപ്പടി സാധനം വാങ്ങുന്നവരില്‍ ഭൂരിഭാഗവും അത്തരക്കാരല്ലേ? ഉത്തരമുണ്ടാവില്ലെന്നറിയുന്ന നമുക്ക് അടുത്ത ഓണക്കാലത്തിനായി കാത്തിരിക്കാം.
മാബാലി വന്നാലും ഇല്ലെങ്കിലും അതേ മനസ്സുള്ള അനവധി പേര് നമുക്കു ചുറ്റുമുണ്ട്. അതില്‍ ഒരാളെ ദേശാഭിമാനി വാരാന്തപ്പതിപ്പും (സപ്തം. 15) അപരനെ മാതൃഭൂമി വാരാന്തപ്പതിപ്പും (സപ്തം.15) പരിചയപ്പെടുത്തുന്നു. ദാനത്തില്‍ മാവേലി എന്ന ദേശാഭിമാനിയിലെ കവര്‍ ഫീച്ചര്‍ തയ്യാറാക്കിയിരിക്കുന്നത് വിനോദ്പായം ആണ്. കേരളത്തിന്റെ വടക്കേയറ്റത്തുനിന്നുള്ള ഒരു മഹാദാനത്തിന്റെ നിലയ്ക്കാത്ത വിവരണമാണത്. കാസര്‍കോട് ബദിയടുക്ക കിളിംഗാറിലെ കര്‍ഷകനായ കെ.എന്‍. ഗോപാലകൃഷ്ണഭട്ട് എന്ന സായിറാം ഭട്ടിന്റെ അസാധാരണമായ ദാനധര്‍മ്മത്തിന്റെ കഥ. 18 വര്‍ഷം കൊണ്ട് ഭട്ട് ദാനം ചെയ്തത് 207 വീടുകള്‍. കാശിക്ക് പോകാന്‍ വെച്ച പണം കൊണ്ട് ആദ്യം ഒരു പാവപ്പെട്ടവന് വീട് വെച്ചുകൊടുത്തുകൊണ്ട് പുണ്യത്തിന്റെ വനസ്ഥലികളിലൂടെ ഈ ഭട്ട് കാലിടറാതെ ഇപ്പോഴും നടക്കുന്നു. കാശിയില്‍ പോയാല്‍ പോലും കിട്ടാത്ത പുണ്യത്തിന്റെ അനേകായിരം മടങ്ങ് പുണ്യം ഭട്ടിനെ പൊതിയുന്നു. ദൈവം മനുഷ്യനാവുന്നതും മനുഷ്യന് ദൈവമാവുന്നതും സ്നേഹത്തിന്റെ പുലര്ക്കാലവെളിച്ചമാവുന്നതും എങ്ങനെയെന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഭട്ടിന്റെ ദാനം. വാത്സല്യം പെയ്തിറങ്ങുന്ന ഫീച്ചര്‍ അവസാനിക്കുന്നതിങ്ങനെ: സാമൂഹ്യസേവനത്തിന് കേരളത്തിലെയും കര്‍ണാടകത്തിലെയും നിരവധി സംഘടനകള്‍ നല്കിയ അംഗീകാരമുദ്രകള്‍ ചാര്‍ത്തിയ ഭട്ടിന്റെ മുറിവിട്ടിറങ്ങിയപ്പോള്‍ മുറ്റത്ത് ബുര്‍ഖ ധരിച്ച ഒരു വീട്ടമ്മയും മകനും. “എന്താണുമ്മാ…” എന്ന വിളിയില്‍ അലിഞ്ഞ് ഖദീജയും മകനും വീടിന്റെ ഉമ്മറത്ത് കയറി. തുളുവും കന്നഡയും കലര്‍ന്ന ഭാഷയില്‍ എന്തൊക്കെയോ പരാധീനതകള്‍ പറയുന്നത് കേട്ടു. വീടിന്റെ പിന്നാമ്പുറത്തെ ഷെഡ്ഡില്‍ 208-ാമത്തെ വീടിന്റെ അളവെടുക്കാന്‍ തയ്യാറെടുത്തു നില്‍ക്കുകയായിരുന്നു ആശാരി പുത്തിരന് അപ്പോള്‍…. സായിറാം ഭട്ട് ദൈവമോ, മാബലിയോ, അതോ കാരുണ്യത്തിന് കൈയും കാലും വെച്ചതോ?
ബിരുദം: പി.എച്ച്.ഡി. വിഷയം: ജീവിതം എന്ന മാതൃഭൂമി ഫീച്ചറില്‍ മറ്റൊരു മാബലി തുടിച്ചുനില്ക്കുന്നു. ഈ മാബലിക്ക് പേര് ഡോക്ടര്‍ ഗോപകുമാര്‍. റാങ്കോടുകൂടി ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടുകയും അന്താരാഷ്ട്ര ജേണലുകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ഗോപകുമാര്‍ ഇന്ന് മിടുക്കനായ പശുവളര്ത്തുകാരനാണ്. മാന്നാര്‍ പഞ്ചായത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡു നേടിയ ഗോപകുമാര്‍ ജീവിതത്തിന്റെ സമ്പന്നമായ വഴിയാണ് കാര്‍ഷികവൃത്തിയെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയാണ്. കഷ്ടപ്പെട്ടും ഉറക്കമിളച്ചും പഠിച്ചു നേടിയ വിജയമായതിനാല്‍ പണം കൊടുത്ത് കോളജ് അധ്യാപകനാവാന്‍, അത് എളുപ്പത്തില്‍ നടക്കുമായിരുന്നിട്ടുകൂടി മനസ്സ് അനുവദിച്ചില്ല. ശുപാര്‍ശക്കും കാലുപിടിത്തത്തിനും പോയില്ല. അതുകൊണ്ടു തന്നെ ഏതെങ്കിലും ഉന്നതപദവിയില്‍ കോട്ടും സൂട്ടും ഇട്ട് ഇരിക്കാനും ഗോപകുമാറിന് ആയില്ല. പക്ഷേ, ഇന്ത്യയുടെ നട്ടെല്ല് എന്താണെന്ന് അനുഭവിച്ചറിഞ്ഞ ഗാന്ധിജിയുടെ ഉദാത്തമായ കാഴ്ചപ്പാടിനെക്കുറിച്ച് ഗോപകുമാറിനറിയാം. ആ അറിവിന്റെ ഇരിപ്പിടത്തില്‍ വിജയശ്രീലാളിതനാവുമ്പോള് മറ്റേത് പദവിയും ഇതിന് താഴെയേ വരൂ എന്ന ശക്തമായ അഭിപ്രായമാണ് അദ്ദേഹത്തിനുളളത്. കവര്‍സ്റ്റോറി ആക്കാമായിരുന്ന ഫീച്ചര്‍ ഉള്‍പ്പേജിലേക്കു നീക്കിയ പത്രാധിപര്‍ക്ക് ഗോപകുമാറിന്റെ നന്മനിറഞ്ഞ മനസ്സ് ഉള്‍ക്കൊള്ളാനായില്ല എന്ന ദു:ഖസത്യം അവശേഷിക്കുന്നു.
നീതിയധിഷ്ഠിത നിയമമോ നിയമാധിഷ്ഠിത നീതിയോ അഭികാമ്യം എന്ന ചോദ്യം വല്ലാതെ വിഷമിപ്പിക്കുന്നുവോ? സമൂഹത്തിന്റെ അഭിപ്രായത്തില്‍ ഒരാള്‍ കുറ്റവാളിയാണെന്ന് വന്നാല്‍ നിയമാധിഷ്ഠിതമായി അത് നൂറുശതമാനം ശരിയാവുമോ? ഇത്തരം സങ്കീര്‍ണതകളെ അതിവിദഗ്ധമായി വിടര്‍ത്തിയെടുക്കുന്നു അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. മലയാള മനോരമ (സപ്തം.13)യില്‍ അദ്ദേഹം എഴുതിയ നിയമാധിഷ്ഠിത നീതിയും കോടതിവിധിയും ഇതു സംബന്ധിച്ചുള്ള എല്ലാ ആശങ്കകളും സംശയങ്ങളും തീര്‍ത്തുതരുന്നു. അടുത്തിടെ വിവാദം സൃഷ്ടിച്ച ഒട്ടേറെ കേസുകളുടെ പശ്ചാത്തലത്തിലാണ് പിള്ളയുടെ ലേഖനം. അവസാനിപ്പിക്കും മുമ്പ് അദ്ദേഹത്തിന്റെ നിരീക്ഷണം ഇങ്ങനെ: പ്രതിക്കു സംശയത്തിന്റെ ആനുകൂല്യം നല്‍കിക്കൊണ്ട് കേസില്‍ നിഗമനങ്ങളിലെത്തുന്ന ഇന്നത്തെ സമ്പ്രദായം തന്നെ തുടരുന്നതാണ് നല്ലത്. പഴുതുകള്‍ ഇല്ലാത്ത കുറ്റാന്വേഷണം വഴി കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാന്‍ വേണ്ട കരുതലുകള്‍ ഉറപ്പിക്കുകയും വേണം. നിയമാധിഷ്ഠിത നീതിക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് കോടിതിവിധികള് ഉണ്ടാകുന്നതാണ് ഉചിതം. സന്മാര്ഗ-നിയമാധിഷ്ഠിത സങ്കല്‍പ്പങ്ങള്‍ തമ്മില്‍ നൂലിഴയും വസ്ത്രവും തമ്മിലുള്ള ബന്ധമാണുള്ളത്. നൂല് നീക്കിയാല്‍ വസ്ത്രമില്ല. നൂലു വെറുതെ കിടന്നാല്‍ വസ്ത്രമാവുകയുമില്ല. സ്ഫടികസമാനമായ ഈ കാഴ്ചപ്പാടിന്റെ ആത്മാര്‍ത്ഥത മനോരമ പൂര്‍ണമായി ഉള്‍ക്കൊണ്ടു തന്നെയാണ് ലേഖനം കൊടുത്തിരിക്കുന്നത്. ഇത്തരം ലേഖനങ്ങള്‍ എങ്ങനെയാണ് വിന്യസിക്കേണ്ടതെന്ന് കാണിച്ചു തരികയും ചെയ്യുന്നു മനോരമ.
ഉത്തരം താങ്ങുന്ന പല്ലികളെക്കുറിച്ച് കേട്ടിട്ടുണ്ടോ? കോഴിക്കോട് ഐ.ഐ.എം ഡയറക്ടര്‍ ക്ലുഇന്‍ (മാതൃഭൂമി സപ്തം.18) എന്ന പംക്തിയില്‍ സരസമായി തന്നെ അതിനെക്കുറിച്ച് പറയുന്നു. ചില സ്ഥാപനമേധാവികളുടെ പെരുമാറ്റത്തെ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ വിശകലനം. അതില്‍ നിന്ന് ഒരു ഭാഗം: ഞാനൊരു വ്യക്തിയല്ല പ്രതിഭാസം തന്നെയാണെന്ന തോന്നലാണ് പ്രശ്നത്തിനു കാരണം. നിയമത്തിന്റെ കണ്ണില്‍ സമനില തെറ്റിയവരല്ല പലരുമെങ്കിലും മറ്റു മനുഷ്യരെ യന്ത്രമായിക്കണ്ട് സ്വിച്ചിട്ട് പ്രവര്‍ത്തിപ്പിക്കാന്‍ തുനിയുന്നവന്‍ ഒരു തരത്തില്‍ മാനസിക രോഗി തന്നെയാണ്. അവരുടെ ആ വിശ്വാസത്തിന്റെ കഥ വേഗം തന്നെ കഴിയുന്നില്ലെങ്കില്‍ അവര്‍ നയിക്കുന്ന സ്ഥാപനങ്ങളുടെ കഥ കഴിയാന്‍ വലിയ താമസമുണ്ടാവുകയില്ല. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഇമ്മാതിരി മാനുഷര്‍ വേണ്ടതു ചെയ്യട്ടെ.
കെ. മോഹന്‍ദാസ്
തൊട്ടുകൂട്ടാന്‍
സ്വയം ഒരവകാശവുമില്ലാത്ത ‘രോഗി’ ശരീരത്തെ ചാപ്പകുത്തി ആഹരിച്ച് വീര്‍ത്തപള്ളയുമായി വാതുറന്ന് നില്പാണ് ജന്തു!
എല്‍. തോമസ്കുട്ടി
കലാകൗമുദി ഓണപ്പതിപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: