കോതമംഗലം: കോതമംഗലത്തെ വിദൂര ആദിവാസി കുടികളിലൊന്നായ ഉറിയംപെട്ടിയില്‍ സേവാഭാരതിയുടെയും സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷം കാടിന്റെ മക്കള്‍ക്ക് ഒരു പുത്തനനുഭവമായി. മണികണ്ഠന്ചാലില്നിന്നും നാല് ജീപ്പ്പുകളിലായി അഞ്ച് മണിക്കൂറോളം കൊടും വനത്തിലൂടെ നടത്തിയ ശ്രമകരമായ യാത്രക്കൊടുവിലാണ് സേവാഭാരതി സംഘം ഉറിയംപെട്ടിയിലെത്തിയത്. ഉറിയംപെട്ടി, തുമ്പിമേട്, ഇടമലക്കുടി എന്നീ മൂന്ന് കുടികളിലെയും കാണിക്കാരെ വേദിയില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന വനവാസികളുടെ തനതായ ആട്ടവും പാട്ടും നൃത്തവും കുട്ടികളുടെ കലാപരിപാടികളും ഓണോത്സവവേദിയെ ഹര്‍ഷപുളകിതമാക്കി. വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആഘോഷപരിപാടികള്‍ക്ക് സമാപനമായി. ശബ്ദം, വെളിച്ചം, ജനറേറ്റര്‍ എന്നീ സംവിധാനങ്ങളുമായാണ് സേവാഭാരതി സംഘം ഉറിയംപെട്ടിയില്‍ എത്തിയത്. സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ഇ.എന്‍.നാരായണന് ആഘോഷച്ചടങ്ങിന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് എറണാകുളം വിഭാഗ് കാര്യവാഹ് കെ.പി.രമേശ് ഓണസന്ദേശം നല്കി. ജില്ലാ സേവാപ്രമുഖ് പി.ജി.സജീവ്, സേവാകിരണ്‍ സെക്രട്ടറി പി.ആര്.മധു, കൊച്ചി മഹാനഗര്‍ സേവാപ്രമുഖ് മണികണ്ഠന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: