പാട്ന: ബീഹാര്‍ സന്ദര്‍ശനത്തിനായി ബിജെപി ജനറല്‍ സെക്രട്ടറി അമിത് ഷാ ശനിയാഴ്ച പാട്നയിലെത്തും. മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ഭോല പസ്വാന് ശാസ്ത്രിയുടെ 100-ാമത് ജന്മദിനാഘോഷത്തില് പങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നത്. ബിജെപി എസ്സി മോര്‍ച്ച പ്രസിഡന്റ് സഞ്ജയ് പസ്വാനാണ് ഇക്കാര്യം അറിയിച്ചത്.
ബീഹാറിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ സന്ദര്‍ശനവേളയില്‍ അമിത് ഷാ വിലയിരുത്തും. ഐക്യജനതാദളുമായി വേര്‍പിരിഞ്ഞശേഷം സംസ്ഥാനത്ത് ഇനി സ്വീകരിക്കേണ്ട പാര്‍ട്ടി നിലപാടുകള്‍ ഷാ പ്രാദേശിക പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യും. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്ത്തിക്കാട്ടിയശേഷമാണ് ഷാ പാട്നയിലെത്തുന്നത്. മോദി അഭിസംബോധന ചെയ്യുന്ന റാലിയുടെ തയ്യാറെടുപ്പുകള്‍ ബിജെപി ജനറല്‍ സെക്രട്ടറി പരിശോധിക്കും. ഒക്ടോബര്‍ 27നാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.
പാട്ന എസ്കെ മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന ഭോല പസ്വാന് ശാസ്ത്രിയുടെ ജന്മദിനാഘോഷ പരിപാടികളില്‍ അമിത്ഷായോടൊപ്പം സുശീല്‍കുമാര്‍ മോദിയടക്കമുള്ള ബിജെപി നേതാക്കള്‍ പങ്കെടുക്കും. അമിത് ഷായുടെ സന്ദര്‍ശനവേളയില്‍ 2014 തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുമെന്ന എസ്സി മോര്‍ച്ചാ പ്രസിഡന്റ് സഞ്ജയ് പസ്വാന് പറഞ്ഞു. അടുത്തമാസം നടക്കുന്ന റാലി ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമേറിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിതീഷ് കുമാറിന്റെ തട്ടകത്തില്‍ മോദി ആദ്യമായാണ് ഒരു റാലിയെ അഭിസംബോധന ചെയ്യാന്‍ പോകുന്നത്. ഗാന്ധി മൈതാനിയില്‍ സംഘടിപ്പിക്കുന്ന റാലിക്ക് ഹുങ്കാര്‍ റാലി എന്നാണ് പേരിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: