മനസ്സിന്റെ സ്ഥിതിവിശേഷങ്ങള്‍ നമ്മുടെ സ്ഥൂല ശരീരത്തില്‍ പ്രകടീഭൂതങ്ങളാകുന്നുവെന്ന് മാത്രമല്ല, സ്ഥൂലശരീരത്തിന്റെ ഇരുപ്പും സ്ഥിതിയും വലിയൊരളവോളം നമ്മുടെ മാനസസ്ഥിതിയെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നും വാസ്തവത്തില്‍ നമുക്ക് കാണാന്‍ കഴിയും. ഇങ്ങനെ നോക്കുമ്പോള്‍ നമ്മുടെ അംഗവിന്യാസക്രമവും മാനസഭാവവും തമ്മില്‍ അടുത്ത ഒരു ബന്ധം ഉണ്ടെന്നുവരുന്നു.
ഇക്കാര്യം വളരെയേറെ മുഖ്യമാണെന്ന് നമ്മുടെ പൂര്വ്വര്ഷിമാരും ആചാര്യന്മാരും മോക്ഷേച്ഛുക്കളേയും തത്വാന്വേഷകരേയും പ്രത്യേകം ഉപദേശിച്ചിട്ടുമുണ്ട്. പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും ഹിതകരമായ അംഗന്യാസക്രമം (ഇരുപ്പ്) വലിയൊരനുഗ്രഹമായിരിക്കുമെന്ന് അവര്‍ ഉറപ്പിച്ചുപറയുന്നു. പരിചയംസിദ്ധിച്ച ഒരു സാധകന് എങ്ങനെ ഏത് നിലക്കിരുന്നാലും ധ്യാനിക്കാന്‍ വിഷമമുണ്ടാവില്ലെങ്കിലും അനഭ്യസ്തനായ ഒരു പുതുസാധകന് ശാസ്ത്രീയമായ ഒരു പ്രത്യേകാസനത്തിലിരുന്ന് ധ്യാനിക്കുമ്പോഴായിരിക്കും തെണ്ടിത്തിരിയുന്ന മനസ്സിനെ നിലയ്ക്ക് നിര്‍ത്താന്‍ എളുപ്പമെന്ന് ഒരുപക്ഷേ വളരെക്കാലത്തെ നിരീക്ഷണപരീക്ഷണങ്ങള്ക്കുശേഷം അവര്‍ കണ്ടെത്തിയതായിരിക്കണം.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: