കൊച്ചി: സംസ്ഥാനത്തെ തീവ്രവാദക്കേസുകള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡിനെ നിര്‍ജീവമാക്കാന്‍ ഉന്നതതല ഗൂഢനീക്കം. 2008 ലാണ് തീവ്രവാദക്കേസുകള്‍ അന്വേഷിക്കാന്‍ ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘ(ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം – ഐ എസ് ഐ ടി)ത്തിന് രൂപം നല്‍കിയത്.
സംസ്ഥാന ഇന്റലിജന്‍സ് എഡിജിപിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്ക്വാഡിന്റെ ആസ്ഥാനം കൊച്ചിയാണ്. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈ വെട്ടിയ സംഭവം, കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം, വ്യാജ സിം കാര്‍ഡ് തുടങ്ങിയ വിഷയങ്ങളില്‍ ഈ സ്ക്വാഡ് അന്വേഷണം നടത്തിയിരുന്നു. തുടക്കത്തില്‍ എസ് പി എ.ഡി. ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. എന്നാലിപ്പോള്‍ തീവ്രവാദക്കേസുകളില്‍ ഒരന്വേഷണവും ഈ ടീം നടത്തുന്നില്ല.
സ്ക്വാഡ് രൂപീകരിച്ച സമയത്ത് അതിന്റെ തലവനെ ഇടയ്ക്കിടെ മാറ്റരുത് എന്നായിരുന്നു തീരുമാനം. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അന്വേഷണ തലവനെ പല പ്രാവശ്യം മാറ്റി. എ.ഡി. ജോര്‍ജിന് ശേഷം എസ്. ശശികുമാറിനായിരുന്നു അന്വേഷണച്ചുമതല. പിന്നീട് അജിതാ ബീഗത്തിനെ ഏല്‍പ്പിച്ചു. അധികം വൈകാതെ അവരെ മാറ്റി ഷംസു ഇല്ലിക്കലിനെ നിയമിച്ചു. ഒരു ദിവസം മാത്രമായിരുന്നു അദ്ദേഹം ആ കസേരയില്‍ ഇരുന്നത്. ഇപ്പോള്‍ സന്തോഷ് മാധവന് കേസില്‍ സസ്പെന്‍ഷനിലായ സാം ക്രിസ്റ്റി ഡാനിയലാണ് അന്വേഷണ തലവന്‍.
ശിക്ഷാ നടപടികള്‍ നേരിട്ട ഉദ്യോഗസ്ഥരെ കുടിയിരുത്തുന്ന കേന്ദ്രമാക്കി ഈ സ്ക്വാഡിനെ മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. തീവ്രവാദക്കേസുകള്‍ അന്വേഷിച്ച് പരിചയം ഇല്ലാത്ത ഉദ്യോഗസ്ഥരാണ് സ്ക്വാഡില്‍ കൂടുതലായി ഉള്ളത്. ഇതും അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിന് തടസ്സമാകുന്നു.
കെ.എസ്. ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: