കോഴിക്കോട്: പ്രതിസന്ധികളില്‍ അകപ്പെട്ട മുതലാളിത്തം പ്രതിസന്ധികളുടെ പടുകുഴിയിലേക്ക് വീഴുമ്പോള്‍ പ്രതീക്ഷ നല്‍കുന്നത് സഹകരണമേഖലയെപ്പോലെയുള്ള ബദല്‍ സംവിധാനങ്ങളാണെന്ന് പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും കോഴിക്കോട് ഐ ഐ എമ്മും മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സഹകരണ സെമിനാറിന്റെ അക്കാദമിക് സെഷന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നവ ഉദാരവല്‍ക്കരണത്തിന്റെ പേരില്‍ മുതലാളിത്തം സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. മുതലാളിത്തത്തിന്റെ എതിര്‍പ്പുകളെ അതിജീവിച്ച് സഹകരണ പ്രസ്ഥാനം ലോകസാമ്പത്തികരംഗത്ത് ശക്തമായ സാന്നിദ്ധ്യമായിരിക്കുകയാണ്. സാധാരണക്കാരന്റെ പ്രതീക്ഷയായ സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ എല്ലായിടത്തും നിന്നും ചെറുത്തുനില്‍പ്പ് ഉയരണരമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആഗോളവല്‍ക്കരണത്തിന്റെ ദുരന്തം അനുഭവിക്കുന്നത് ചെറുകിട ഉല്‍പ്പാദന മേഖലയാണ്. ഉദാരവല്‍ക്കരണ നയങ്ങള്‍ ചെറുകിട കാര്‍ഷിക-ഉത്പാദന മേഖലകളെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ചെറുകിട ഉത്പാദകരെയും വിതരണക്കാരെയും തകര്‍ത്ത് വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകളാണ് കടന്നുകയറിക്കൊണ്ടിരിക്കുന്നത്. പരമ്പരാഗത തൊഴില്‍ മേഖലയ്ക്കും പുത്തന്‍ സാമ്പത്തിക നയങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിക്കഴിഞ്ഞു. ചെറുകിട-പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിന് കൂട്ടായ ശ്രമം ഉയരണം. സഹകരണ മേഖലയുടെ സംരക്ഷണത്തിലൂടെ മാത്രമേ ബദല്‍ സാമ്പത്തികനയം ഉയര്‍ത്തിപ്പിടിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക രംഗത്ത് സഹകരണ സംഘങ്ങള്‍ വഴി യന്ത്രവല്‍ക്കരണം നടപ്പാക്കിയിരുന്നെങ്കില്‍ കാര്‍ഷിക മേഖലയില്‍ ഇന്ന് നിലനില്‍ക്കുന്ന മരവിപ്പ് ഒഴിവാക്കാമായിരുന്നു. യന്ത്രവല്‍ക്കണം നടപ്പിലാക്കുമ്പോള്‍ മാനുഷികവശം നഷ്ടപ്പെടാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ഐ ഐ എമ്മില്‍ നടക്കുന്ന അക്കാദമിക് സെഷന് ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ റസിഡന്റ് കോ-ഓര്‍ഡിനേറ്ററും യുഎന്‍ഡിപി റസിഡന്റ് ഇന്ത്യ റപ്രസന്റേറ്റീവുമായ ലിസ് ഗ്രാന്‍ഡെ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രൊഫ. കൃഷ്ണകുമാര്‍ ലാഥ അധ്യക്ഷനായിരുന്നു. പ്രൊഫ. സജി ഗോപിനാഥ് സ്വാഗതവും പ്രൊഫ. ആര് രാമകുമാര്‍ നന്ദിയും പറഞ്ഞു.
ആഗോളവത്ക്കരണ കാലഘട്ടത്തിലെ സഹകരണ പ്രസ്ഥാനം എന്ന വിഷയത്തില്‍ നടന്ന പ്ലീനറി സെഷനില്‍ പ്രൊഫ. വെങ്കിടേശ് ആത്രേയ, ഹിലാരി വെയ്ന്‍ റൈറ്റ്, പ്രൊഫ. കെ നാരായണന് നായര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിവിധ സെഷനുകളില്‍ അമലേന്ദു ജ്യോതിഷി, റാണ മിത്ര, യാതിഷ് ജെയിന്, ജ്യോതി ജെയിന്, സെങ്ങ് ഫെയ്ഹു, ദിവ്യ കണ്ണന്, ജസീക്ക ഗോര്‍ഡന്‍, കേതന് ഖോസ്ലേ, മക്ബുല്‍ അഹമ്മദ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാര്‍ ഇന്ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: