സതാംപ്ടണ്: ആഷസ് പരാജയത്തിന് ഏകദിന പരമ്പര വിജയിച്ച് ഓസ്ട്രേലിയ പകരംവീട്ടി. ഇംഗ്ലണ്ടിനെതിരായ അവസാനത്തെയും അഞ്ചാമത്തെയും ഏകദിനത്തില്‍ 49 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായാണ് കംഗാരുക്കള്‍ പരമ്പര സ്വന്തമാക്കിയത്. 2-1നാണ് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയത്. രണ്ട് മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിച്ചിരുന്നു. അവസാന ഏകദിനത്തില്‍ ഷെയ്ന്‍വാട്സണ്‍ നേടിയ തകര്പ്പന്സെഞ്ച്വറിയും ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ അര്‍ദ്ധസെഞ്ച്വറിയുമാണ് ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.1 ഓവറില്‍ 298 റണ്‍സിന് പുറത്തായി. വാട്സണ് 143 റണ്‍സെടുത്തപ്പോള്‍ ക്ലാര്‍ക്ക് 75 റണ്‍സുമെടുത്തു. ഇരുവര്‍ക്കും പുറമെ ഫിഞ്ചും (25), ഫള്ക്ക്നറും (10) മാത്രമാണ് രണ്ടക്കം കടന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 48 ഓവറില്‍ 249 റണ്‍സിന് ഓള് ഔട്ടായി. 62 റണ്‍സെടുത്ത രവി ബൊപ്പാറയാണ് ഇംഗ്ലണ്ടിന്റെ ടോപ്സ്കോറര്‍. ഷെയ്ന് വാട്സണ് മാന്‍ ഓഫ് ദി മാച്ചും മൈക്കല്‍ ക്ലാര്‍ക്ക് മാന്‍ ഓഫ് ദി സീരീസുമായി.
നേരത്തെ ടോസ് നേടിയ ഓസീസ് നായകന് മൈക്കല്‍ ക്ലാര്‍ക്ക് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് 48 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഹ്യൂഗ്സ് (2), മാത്യു വെയ്ഡ് (0), ഫിഞ്ച് (26) എന്നിവരാണ് പെട്ടന്ന് മടങ്ങിയത്. ഇതോടെ പിടിമുറുക്കിയ ഇംഗ്ലണ്ട് ഷെയ്ന്‍വാട്സണും മൈക്കല്‍ ക്ലാര്‍ക്കും ക്രീസില്‍ ഒത്തുചേര്‍ന്നതോടെ വീണ്ടും പ്രതിരോധത്തിലായി. നാലാം വിക്കറ്റില്‍ 163 റണ്‍സാണ് വാട്സണും ക്ലാര്‍ക്കും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഒടുവില്‍ സ്കോര്‍ 211-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞത്.
76 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും ഒരു സിക്സറുമടക്കം 75 റണ്‍സെടുത്ത ക്ലാര്‍ക്കിനെ ക്രിസ് ജോര്‍ദാന്റെ പന്തില്‍ പീറ്റേഴ്സണ് പിടികൂടുകയായിരുന്നു. പിന്നീട് വാട്സന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. ഇതിനിടെ ബെയ്ലി നാല് റണ്‍സെടുത്തും വോഗ്സ് എട്ട് റണ്‍സെടുത്തും മടങ്ങിയതോടെ ഇംഗ്ലണ്ട് 6ന് 244 എന്ന നിലയിലായി. ഇതിനിടെ വാട്സണ് സെഞ്ച്വറി പിന്നിട്ടു. 87 പന്തുകളില്‍ നിന്ന് 8 ബൗണ്ടറികളും മൂന്ന് സിക്സറുമടക്കമാണ് ഷെയ്ന് മൂന്നക്കത്തിലെത്തിയത്. ഒടുവില്‍ 44.4 ഒാവറില്‍ സ്കോര്‍ 282 റണ്‍സിലെത്തിയപ്പോള്‍ 143 റണ്‍സെടുത്ത വാട്സണും മടങ്ങി. 107 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളും 6 സിക്സറുകളുമുള്‍പ്പെട്ടതായിരുന്നു വാട്സന്റെ ഇന്നിംഗ്സ്. ബെന്‍ സ്റ്റോക്കിന്റെ പന്തില്‍ ബട്ട്ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് വാട്സണ് മടങ്ങിയത്. പിന്നീട് മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 16 റണ്‍സെടുക്കാനേ ഓസ്ട്രേലിയക്ക് കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റോക്ക് 61 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ജോര്‍ദാന്‍ മൂന്നുവിക്കറ്റുകളും സ്വന്തമാക്കി.
299 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ടിനെ തുടക്കത്തിലേ സമ്മര്‍ദ്ദത്തിലാക്കാന്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. ഇന്നിംഗ്സിലെ നാലാം പന്തില്‍ കെവിന് പീറ്റേഴ്സണ് റണ്ണൗട്ടായി മടങ്ങിയപ്പോള്‍ സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം.
പിന്നീട് കാര്‍ബെറിയും ജോ റൂട്ടും ചേര്‍ന്ന് സ്കോര്‍ 50-ല്‍ എത്തിച്ചെങ്കിലും 30 റണ്‍സെടുത്ത കാര്‍ബെറിയെ ഫള്‍ക്നര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടങ്ങി. സ്കോര്‍ 64-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത ജോ റൂട്ടിനെ മിച്ചല്‍ ജോണ്സണ് ബൗള്‍ഡാക്കി. സ്കോര്‍ 68- എത്തിയപ്പോള്‍ ലൂക്ക് റൈറ്റ് (0) റണ്ണൗട്ടാവുകയും ചെയ്തു. പിന്നീട് മോര്‍ഗനും ബൊപ്പാറയും ചേര്‍ന്ന് സ്കോര്‍ 100 കടത്തിയെങ്കിലും 103-ല്‍ എത്തിയപ്പോള്‍ മോര്ഗന് മടങ്ങി. വോഗ്സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡ് സ്റ്റമ്പ് ചെയ്താണ് 30 റണ്‍സെടുത്ത മോര്ഗന് മടങ്ങിയത്. പിന്നീട് ബൊപ്പാറയും ബട്ട്ലറും ഒത്തുചേര്‍ന്നതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍വച്ചു.
എന്നാല്‍ സ്കോര്‍ 195-ല്‍ എത്തിപ്പോള്‍ ബട്ട്ലറും (42), 197-ല്‍ എത്തിയപ്പോള്‍ ബൊപ്പാറയും (62) മടങ്ങിയതോടെ ഓസ്ട്രേലിയ മത്സരത്തില്‍ തിരിച്ചെത്തി. പിന്നീടെത്തിയവരില്‍ സ്റ്റോക്ക്സ് (27), ജോര്‍ദാന്‍ (14), റാന്‍കിന്‍ (4) എന്നിവര്‍ മടങ്ങിയതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് 249 റണ്‍സിലവസാനിച്ചു. ഓസ്ട്രേലിയക്ക് വേണ്ടി ഫള്‍ക്നര്‍ മൂന്നും മിച്ചല്‍ ജോണ്സണ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: