ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ വിജയക്കുതിപ്പിന് വിരാമം. തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമാക്കി ഇറങ്ങിയ ലിവര്‍പൂളിനെ സ്വാന്‍സീ സിറ്റിയാണ് സമനിലയില്‍ തളച്ചത്. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി.
മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ സ്വാന്‍സീ സിറ്റി മുന്നിലെത്തി. ജോസ് ഹെന്റിക്വെ നല്കിയ ക്രോസ് സ്വീകരിച്ച് ഷെല്വീയ് ഇടംകാലുകൊണ്ട് തൊടുത്ത ഷോട്ട് ലിവര്‍പൂള്‍ ഗോളിയെ മറികടന്ന് വലയില്‍ കയറി.
എന്നാല്‍ രണ്ട് മിനിറ്റിനുശേഷം ലിവര്‍പൂള്‍ സമനില പിടിച്ചു. ഒരു ഫ്രീകിക്കിനൊടുവില്‍ പന്ത് ലഭിച്ച ഡാനിയേല്‍ സ്റ്ററിഡ്ജാണ് ലിവര്‍പൂളിന് സമനില നേടിക്കൊടുത്തത്. പിന്നീട് 36-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് നേടി. ഷെല്വീയുടെ പിഴവ് മുതലെടുത്ത് വിക്ടര്‍ മോസസാണ് ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ സ്വാന്‍സീയുടെ മിച്ചുവിന്റെ ഒരു ശ്രമം പാഴായി. പിന്നീട് മത്സരത്തിന്റെ 64-ാം മിനിറ്റില്‍ സ്വാന്‍സീ സിറ്റി സമനില പിടിച്ചു. ഷെല്വീയുടെ പാസില്‍ നിന്ന് വലംകാലുകൊണ്ട് മിച്ചു തൊടുത്ത ഷോട്ട് ലിവര്‍പൂള്‍ വലയില്‍ തറച്ചുകയറി.
സമനില പാലിക്കേണ്ടിവന്നെങ്കിലും ലീഗില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാല് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റാണുള്ളത്. 9 പോയിന്റ് വീതമുള്ള ആഴ്സണലും ടോട്ടനവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: