റോം: കപ്പല്‍ ദുരന്തം എന്നാല്‍ ടൈറ്റാനിക്ക് കപ്പലിനെയാണ് ഓര്‍മ്മ വരിക. എന്നാല്‍ ടൈറ്റാനിക്കിനേക്കാള് വലുതും മൂന്ന് ഫുട്ബോള്‍ ഗ്രൗണ്ടുകളുടെയത്ര വലിപ്പവുമുളള കോസ്റ്റ് കോണ്‍കോര്‍ഡിയ എന്ന ഉല്ലാസക്കപ്പല്‍ 2012 ജനുവരിയില്‍ കടലിനടിയിലെ പാറക്കെട്ടുകളിലിടിച്ച് തകരുകയായിരുന്നു.
ചരിഞ്ഞ് ഏതാണ്ടു മുഴുവനും വെള്ളത്തിലായെങ്കിലും മുങ്ങിയിട്ടില്ലായിരുന്ന ഈ കപ്പലിനെ 20 മാസങ്ങള്‍ക്ക് ശേഷമാണ് അതിസാഹസികമായി ജലനിരപ്പിനു മുകളില്‍ കൊണ്ടുവന്നത്. ലോകത്തിലെ വലിയ കപ്പല്‍ ഉയര്‍ത്തല്‍ ഉദ്യമങ്ങളില്‍ ഒന്നാണ് കോസ്റ്റ് കോണ്കോര്ഡിയക്ക് വേണ്ടി അധികൃതര്‍ നടത്തിയത്. 19 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന്റെ ഫലമായി ചൊവ്വാഴ്ച്ചയോടെയാണ് കപ്പല്‍ ഉയര്‍ത്തിയത്.
ഇറ്റലിയന്‍ സിവില്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി തലവന്‍ ഫ്രാന്‍സിസ്സ് ഗ്രാബ്റില്ലിയാണ് കപ്പല്‍ ഉയര്‍ത്തിയതായി ലോകത്തെ അറിയിച്ചത്. കപ്പല്‍ അപകടത്തെത്തുടര്‍ന്ന് ഉയര്‍ത്തുന്നതിനായുള്ള പഠനങ്ങള്‍ വളരെ കാലങ്ങള്‍ക്ക് മുമ്പുതന്നെ എന്‍ജിനിയര്‍മാര്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. വിവിധങ്ങളായ മാര്‍ഗങ്ങള്‍ നിരവധി എന്‍ജിനിയര്‍മാരില്‍ നിന്നും ശേഖരിച്ചതിനു ശേഷം കൂട്ടായ ചര്‍ച്ചക്കൊടുവില്‍ പ്രയോഗികമായ തീരുമാനം അധികൃതര്‍ കൈക്കൊള്ളുകയായിരുന്നു.
കപ്പല്‍ ഉയര്‍ത്തുന്നതിന് നിരവധി പ്രതിബന്ധങ്ങള്‍ അധികൃതര്‍ക്ക് നേരിടേണ്ടി വന്നു. കാലാവസ്ഥയുടെ രൂപത്തില്‍ കൊടുങ്കാറ്റും, മാസങ്ങളോളം ഉപ്പ് വെള്ളത്തില്‍ കിടന്നതു കൊണ്ട് കപ്പലിന്റെ നല്ലൊരു ഭാഗം തുരുമ്പിച്ചതും പ്രയാസങ്ങള്‍ സൃഷ്ടിച്ചു. തീരത്തിനു സമീപമായതിനാല് കടലിലേക്ക് കപ്പല്‍ പൂര്‍ണ്ണമായി മുങ്ങിയില്ലായെന്നതാണ് കപ്പല്‍ ഉയര്‍ത്താമെന്ന് അധികൃതരെ കൊണ്ട് ചിന്തിപ്പിച്ചത്.
നീണ്ട 20 മാസത്തെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് കടലിലെ പാറക്കൂട്ടങ്ങളില്‍ നിന്ന് കപ്പലിനെ ഉയര്‍ത്തിയത്. കൂറ്റന്‍ ജാക്കികള്‍, കേബിളുകള്‍, ഭീമാകാരമായ കമ്പികള്‍, പ്രത്യേകം രൂപകല്പന ചെയ്ത ഉപകരണങ്ങള്‍ എന്നിവയുടെ സഹായത്തോടെയായിരുന്നു കപ്പലിനെ കടലിന്റെ ഉപരിതലത്തിലേക്ക് എത്തിക്കാന്‍ സാധിച്ചത്. കടലിന്റെ ഉപരിതലത്തില്‍ കപ്പലിനെ ഉയര്‍ത്തി നിര്‍ത്തുന്നതിനായി കടലിന്റെ അടിത്തട്ടില്‍ സ്റ്റീല്‍ കൊണ്ടും കോണ്‍ക്രീറ്റ് കൊണ്ടും പ്ലാറ്റ്ഫോമുകള് നിര്‍മ്മിച്ചതിനു ശേഷം അതിനു മുകളില്‍ കപ്പലിനെ ഉറപ്പിക്കുകയായിരുന്നു.
ഇനി കപ്പലിന്റെ കേടുപാടുകള്‍ എന്താണെന്ന് പരിശോധിച്ച് അവ പരിഹരിച്ചതിനു ശേഷം തീരത്തിലെത്തിക്കാനാണ് അധികൃതരുടെ ശ്രമം. കപ്പല്‍ ഉയര്‍ത്തല്‍ ഉദ്യമത്തിനായി ഇതുവരെ 800 മില്യന്‍ ഡോളര്‍ ചെലവഴിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
4200 യാത്രക്കാരുമായി സിവിറ്റവിക്ക തുറമുഖത്തുനിന്നും സവോണയിലേക്കു പോയ കോസ്റ്റ് കണ്‍കോര്‍ഡിയ എന്ന വമ്പന്‍ കപ്പല്‍ പാറകളില്‍ തട്ടി ഇറ്റലിയിലെ ജിഗ്ലിയോ ദ്വീപിനു സമീപത്ത് അപകടത്തില്്െപ്പടുകയായിരുന്നു. അന്ന് കപ്പലിലുണ്ടായിരുന്നവരില് 32 പേരാണ് മരണപ്പെട്ടത്. ക്യാപ്റ്റന്റെ പിഴവും തെറ്റായ സഞ്ചാരപഥവുമായിരുന്നു അപകട കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: