ന്യൂദല്‍ഹി: ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് സ്വാഭാവിക നീതിക്കെതിരെന്ന് ശ്രീശാന്തിന്റെ അഭിഭാഷക റബേക്ക ജോണ്‍.
ആരോപണങ്ങള്‍ ശരിയാണോയെന്ന കോടതി തീരുമാനത്തിന് കാത്തിരിക്കാന്‍ പോലും ബിസിസിഐ തയാറായില്ലെന്ന് റബേക്ക ജോണ്‍ കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് ശിഥിലമായതാണെന്ന് പറഞ്ഞ റബേക്ക ജോണ്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ ആധികാരികതയെയും ചോദ്യം ചെയ്തു. റിപ്പോര്‍ട്ടില്‍ അല്പം പോലും വസ്തുതകളില്ലെന്നും അവര്‍ പറഞ്ഞു. ശ്രീ ഉള്‍പ്പെടെയുള്ളവരെ ജയിലില്‍ ഇടാന്‍ പോലും വകയില്ലാത്ത തെളിവുകള്‍ ബിസിസിഐ എങ്ങനെയാണ് വിലക്കിന് അടിസ്ഥാനമാക്കിയെടുക്കുകയെന്ന് അവര്‍ ചോദിച്ചു. പോലീസിന്റെ കണ്ടെത്തല്‍ ദുര്‍ബലമാണെന്ന് കളിക്കാര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും റബേക്ക ജോണ്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണു ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ഐപിഎല്‍ ഒത്തുകളി അന്വേഷിച്ച രവി സവാനി സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശ്രീശാന്ത് കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. ഇതു പരിഗണിച്ചാണു വിലക്ക് ഏര്‍പ്പെടുത്താന്‍ ബിസിസിഐ അച്ചടക്ക സമിതി യോഗം തീരുമാനമെടുത്തത്. എന്നാല്‍ രവി സവാനി റിപ്പോര്‍ട്ട് ശ്രീശാന്തിന്റെ അഭിഭാഷക തള്ളിക്കളഞ്ഞു. ഒത്തുകളി അന്വേഷിച്ച ഡല്‍ഹി പോലീസിലെ ഏതാനും ഉദ്യോഗസ്ഥരില്‍ നിന്നും വ്യക്തിപരമായി ശേഖരിച്ച വിവരങ്ങളുടെയും അവര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇത് ഒരാളെ ആജീവനാന്തം വിലക്കാന്‍ മതിയായ വസ്തുതയാണോയെന്ന് അവര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: