ഹരാരെ: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ സിംബാബ്വെക്ക് ത്രസിപ്പിക്കുന്ന വിജയം. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 264 റണ്‍സ് ആവശ്യമായിരുന്ന പാക്കിസ്ഥാനെ 239 റണ്‍സിന് എറിഞ്ഞിട്ടാണ് സിംബാബ്വെ 24 റണ്‍സിന്റെ ചരിത്ര വിജയം സ്വന്തമാക്കിയത്. 61 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ചതാരയാണ് സിംബാബ്വെക്ക് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. ഒറ്റയാനായി പൊരുതിയ പാക് ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖിന് (79 നോട്ടൗട്ട്) സഹതാരങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കാതിരുന്നത് തിരിച്ചടിയായി. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര സമനിലയില്‍ കലാശിച്ചു. സ്കോര്‍: ചുരുക്കത്തില്‍: സിംബാബ്വെ 294, 199. പാക്കിസ്ഥാന്: 230, 239. ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന് 221 റണ്‍സിന് വിജയിച്ചിരുന്നു.
ചതാരയാണ് മാന്‍ ഓഫ് ദി മാച്ച്. പാക് താരം യൂനിസ് ഖാന് മാന്‍ ഓഫ് ദി സീരീസുമായി. ആദ്യ ഇന്നിംഗ്സില്‍ സിംബാബ്വെക്ക് വേണ്ടി മസാകഡ്സയും ബ്രണ്ടന്‍ ടെയ്ലറും പാക്കിസ്ഥാന് വേണ്ടി യൂനിസ് ഖാനും ഖുറാം മന്‍സൂറും അര്‍ദ്ധസെഞ്ച്വറികള്‍ നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പാക്കിസ്ഥാനെതിരായ രണ്ടാം വിജയമാണ് സിംബാബ്വെ സ്വന്തമാക്കിയത്.
അഞ്ചിന് 158 എന്ന നിലയില്‍ അവസാന ദിവമസമായ ഇന്നലെ ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന് അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. 17 റണ്‍സുമായി ബാറ്റിംഗ് തുടര്‍ന്ന അക്മല്‍ മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ചതാരയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങി. തുടര്‍ന്നെത്തിയ അബ്ദുര്‍ റഹ്മാന് 16 റണ്‍സെടുത്ത് മിസ്ബക്ക് പിന്തുണ നല്‍കിയെങ്കിലും സ്കോര്‍ 197-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും പാക്കിസ്ഥാന് നഷ്ടമായി.
പന്യാന്ഗരയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുതുംബാമിക്ക് ക്യാച്ച് നല്‍കിയാണ് അബ്ദുര്‍ റഹ്മാന് മടങ്ങിയത്. ഇതോടെ സിംബാബ്വെ ക്യാമ്പില്‍ ആഹ്ലാദം ഉയര്‍ന്നു. എന്നാല്‍ ക്യാപ്റ്റന്റെ ഉത്തരവാദിത്തം തലയിലേറ്റി മിസ്ബ ഉള് ഹഖ് മികച്ച പ്രകടനം നടത്തിയതോടെ മത്സരം ആവേശകരമായി മാറി. സ്കോര്‍ 214-ല്‍ എത്തിയപ്പോള്‍ രണ്ട് റണ്‍സെടുത്ത സയിദ് അജ്മലിനെ ചതാര വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതിനിടെ മിസ്ബ അര്‍ദ്ധസെഞ്ച്വറിയും പിന്നിട്ട് ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും സ്കോര്‍ 238-ല്‍ എത്തിയപ്പോള്‍ ഒമ്പതാം വിക്കറ്റും പാക്കിസ്ഥാന് നഷ്ടമായി. ഒരു റണ്‍സെടുത്ത ജുനൈദ് ഖാനെ ചതാര വാളറുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് പാക് ഇന്നിംഗ്സിന് ഏറെ ആയുസ്സുണ്ടായില്ല. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അവസാന ബാറ്റ്സ്മാനെയും പുറത്താക്കി സിംബാബ്വെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ഒരു റണ്‍സെടുത്ത രാഹത് അലി റണ്ണൗട്ടാവുകയായിരുന്നു. 23 ഓവറില്‍ 61 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉത്സേയ 62 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: