നാളെ തിരുവോണമാണ്. ലോകത്തുള്ള സകല മലയാളികളുടെയും മഹോത്സവം. പോയകാലത്തിന്റെ നന്മയിലേക്ക് മനസ്സു കൊണ്ടുള്ള തീര്‍ത്ഥയാത്രയാണ് ഓരോ ഉത്സവവും. അതില്‍ ഓണം വേറിട്ടു നില്ക്കുന്നു എന്നുമാത്രം. ഉള്ളവനും ഇല്ലാത്തവനും അവര്‍ണനും സവര്‍ണനും രോഗിയും അരോഗദൃഢഗാത്രനും അങ്ങനെ സകലപേര്‍ക്കും തങ്ങള്‍ ഒന്നാണെന്ന് തോന്നുന്ന ഓണമല്ലാതെ ലോകത്ത് മേറ്റ്ന്ത് ഉത്സവമാണുള്ളത്. ഐതിഹ്യപെരുമകളും ചരിത്രവസ്തുതകളും ഇഴപിരിച്ചെടുത്ത് ഗവേഷണത്തിന്റെ കഠിനവഴികളിലൂടെ തപ്പിത്തടഞ്ഞ് നടക്കുമ്പോഴും ഓണം ആഹ്ലാദത്തിന്റെ നിറച്ചാര്‍ത്തായി ആയിരം കൈകളുമായി നമ്മെ കെട്ടിപ്പുണരുകയാണ്. ഓര്‍മയില്‍ പൂക്കളമിടാത്ത എത്രപേരുണ്ട്. ഓണം ഉര്‍വരതയുടെ മഹാവരദാനമായാണ് നമ്മുടെ മുമ്പില്‍ പൊലിമയോടെ നില്‍ക്കുന്നത്.
അനുസ്യൂതമായ യാത്രയില്‍ എന്തിലും മാറ്റങ്ങള്‍ അനിവാര്യമാണ്. അതു പോലെ തന്നെയാണ് ഓണവും. അന്നത്തെയോണം ഗംഭീരം ഇന്നത്തെയോണം പോര എന്ന രീതിയിലുള്ള നിരീക്ഷണത്തില്‍ വസ്തുതയുണ്ടെങ്കില്‍ പോലും മനുഷ്യനന്മയുടെ ഏടുകള്‍ മറിക്കാന്‍ അന്നും ഇന്നും അവസരങ്ങള്‍ ധാരാളം. ഒരു പക്ഷേ, കച്ചവടത്തിന്റെ പൂക്കാലമായി ഇന്ന് ഓണം മാറിയിരിക്കാം. കുടവയറും ഓലക്കുടയും ചൂടിയ അപഹാസ്യരൂപം മാവേലിയായി ചിത്രീകരിക്കപ്പെട്ട് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡറും ആവാം. സൂപ്പര്‍ സ്റ്റാറുകളുടെ റേറ്റിങ്ങിനെപോലും തട്ടിത്തെറിപ്പിച്ചു കൊണ്ടാണ് അപഹാസ്യമാവേലി രൂപത്തിന് കിട്ടുന്ന സ്വീകാര്യത എന്നത് മറ്റൊരു കാര്യം. എന്തുതന്നെയായാലും ഓണം നന്മയുടെ പ്രകാശം പരത്തുന്ന, കൂട്ടുചേരലിന്റെ ആഹ്ലാദം പങ്കിടുന്ന, ഒരുമയുടെ സൗന്ദര്യം വെളിപ്പെടുത്തുന്ന മഹോത്സവം തന്നെ.
പ്രകൃതിപോലും ഈ ആഹ്ലാദത്തില്‍ പങ്കുചേരുന്നു എന്നതാണ് ഏറ്റവും സുന്ദരമായ കാര്യം. കള്ളവും ചതിവും കുതികാല്‍വെട്ടും കൊലയും കൊള്ളിവെപ്പും പീഡനവും കൊടികുത്തിവാഴുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഓണത്തിന്റെ പ്രസക്തി മേറ്റ്ന്നത്തേക്കാളുമേറെ പ്രാധാന്യമുള്ളതാണ്. അഹങ്കാരത്തിന്റെ അധപ്പതനം മഹത്വത്തിലേക്ക് മനുഷ്യരെ ഉയര്‍ത്തുമെന്ന സന്ദേശം തന്നെയാണെന്നു തോന്നുന്നു ഈ ഉത്സവത്തെ ഇത്രമാത്രം ജനങ്ങള്‍ നെഞ്ചേറ്റാന്‍ കാരണം. മലയാളികളുടെ സ്വകാര്യാഭിമാനത്തിന്റെ മൂര്‍ത്തരൂപമായ ഓണത്തെ ഓരോതവണയും മാധ്യമങ്ങള്‍ ആഘോഷിക്കുന്നു. വിശേഷാല്‍ പ്രതികളുടെ തള്ളിക്കയറ്റം തന്നെയാണ് ഉണ്ടാവുന്നത്. ഓണത്തെ ഏറ്റവും നന്നായി വിറ്റുകാശാക്കാനുള്ള അവസരം ആരും നഷ്ടപ്പെടുത്താറില്ല എന്നതത്രേ എടുത്തു പറയേണ്ടത്.
ചിലര്‍ മൂന്നു ഭാഗങ്ങളില്‍, മറ്റ് ചിലര്‍ രണ്ടുഭാഗങ്ങളില്‍ വിശേഷാല്‍ പതിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. പരസ്യങ്ങളുടെ കുത്തൊഴുക്കാണ് രണ്ടും മൂന്നും ഭാഗങ്ങളിലേക്ക് മാറാനുള്ള കാരണം എന്നു പറയേണ്ടതില്ല. നന്മയുടെ പ്രകാശരേണുക്കള്‍ പലതിലും ചിതറിക്കിടക്കുന്നു. ലബ്ധപ്രതിഷ്ഠരായ സാഹിത്യകാരന്മാരെ അവതരിപ്പിക്കുകയെന്ന സ്വതേയുള്ള വികാരത്തിന് ഒരുടവും തട്ടിയിട്ടില്ല.ചിലര്‍ പക്ഷേ, ചെറുതായി മാറിച്ചിന്തിച്ചിട്ടുണ്ട്. അതിന്റെ ഫലം നന്നായെന്നു തന്നെ പറയേണ്ടിയിരിക്കുന്നു.പ്രഗല്ഭരും പ്രശസ്തരുമായവരുടെ പന്തിയില്‍ ഇങ്ങേയറ്റത്തെങ്കിലും നവമുകുളങ്ങളെ ഇരുത്താനുള്ള താല്പര്യമാവണം ഉണ്ടാവേണ്ടത്. സംഗതിവശാല്‍ സംഘടനാദര്ശനത്തിന് മുന്‍തൂക്കം നല്കുന്ന മാധ്യമങ്ങളില്‍ പോലും ഇത്തരം ചിന്തയുള്ളവര്‍ ഉണ്ടാവുന്നില്ല എന്നതത്രേ കഷ്ടം.വളരുന്ന സമൂഹത്തിന്റെ ലക്ഷണം വളര്‍ത്തിയെടുക്കാന്‍ കാഴ്ചപ്പാടുള്ളവരുടെ ഇടപെടലാണ.് അയാം ദ സ്റ്റേറ്റ് മാനസികാവസ്ഥയുള്ളവരില്‍ നിന്ന് പക്ഷേ, അതൊക്കെ പ്രതീക്ഷിക്കുകവയ്യല്ലോ. നാടോടുമ്പോള്‍ നടുവെ അവരും ഓടട്ടെ, നമുക്കു മാറി നില്ക്കാം.
220 പേജില്‍ 69 പേജ് പരസ്യമുള്ള ദേശീയ വാരികയുടെ ഓണപ്പതിപ്പില്‍ സവിശേഷതയുള്ളത് വിവേകാനന്ദനെ സംബന്ധിച്ചലേഖനങ്ങളാണ്. പക്ഷേ, അതിന്റെ വിന്യാസം ആള്‍ക്കൂട്ടത്തിലേക്ക് നെല്ല്വാരിയെറിഞ്ഞതു പോലെയായി. ഒരു പ്രത്യേകഭാഗമാക്കി ഒന്നിച്ച് കൊടുത്തിരുന്നെങ്കില്‍ എങ്ങനെയാവുമായിരുന്നെന്ന് ഓര്‍ത്തുനോക്കുക. വിവേകാനന്ദന്റെ മനോഹരമായ സ്കെച്ച് മുഖചിത്രമാക്കിയതിലെ ഔചിത്യം എടുത്തുപറയേണ്ടതുതന്നെ. ഇതിലെ മറ്റൊരു വിശേഷപ്പെട്ട വിഭവം യൂസഫലികേച്ചേരിയും അംബികാസുതന്‍ മാങ്ങാടുമായുള്ളവരുടെ അഭിമുഖങ്ങളാണ്.പണ്ഡിതനായ കവി. പി ബാലകൃഷ്ണന്റെ കാവ്യസാഗരത്തിലെ ആലിലകൃഷ്ണന്‍ കളഭച്ചാര്ത്തുതന്നെ.യൂസഫലിയുടെ കാവ്യഭാവനയുടെ വഴിയിലൂടെ ബാലകൃഷ്ണന്റെ യാത്രയും കാവ്യാത്മകം. എന്താണ് കവിത എന്ന് ഞാന്‍ മനസ്സിലാക്കിയത് എന്റെ പൂര്‍വികരായ കവികളില്‍ നിന്നാണ്. ആ പൂര്‍വ്വികരായ മലയാള കവികളെ പരിചയപ്പെട്ടപ്പോള്‍ അവിടെ നിര്‍ത്താന്‍ പറ്റില്ല, അതിനപ്പുറത്തേക്കു പോകണം എന്ന ചിന്ത വന്നു എന്ന് യൂസഫലി പറയുന്നു.അങ്ങനെയുള്ള ചിന്തയാണ് ആ കാവ്യസാര്വഭൗമനെ നമുക്കു മുമ്പില്‍ കിട്ടാന്‍ കാരണം. ഇന്നത്തെ തലമുറ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതാണത്. കവിതസ്വയം ഭൂവാണ്.അതിന് ഒരു പ്രചോദനമോ പരിതസ്ഥിതിയോ വേണ്ട എന്നും അദ്ദേഹം പറയുന്നു. മാനിഷാദ എങ്ങനെയുണ്ടായി എന്ന സംശയത്തിന് ഇതുതന്നെയല്ലേ മറുപടി. എന്താണ് അഭിമുഖം, എങ്ങനെയായിരിക്കണം അത് എന്നതിന്റെ ഉത്തമ നിദര്‍ശനമാണ് പി.ബാലകൃഷ്ണന്റെ രചന. യുവപത്രപ്രവര്‍ത്തകര്‍ ഇതൊരായിരംവട്ടം വായിക്കട്ടെ.
പ്രതിഭയുടെ കൂട്ടുചേരല് എങ്ങനെയിരിക്കും എന്നതിന്റെ ഉദാഹരണമാണ് എഴുത്തുകാരന് ആക്ടിവിസ്റ്റാകുമ്പോള്‍ എന്ന സുകുമാരന്‍ പെരിയച്ചൂരിന്റെ അംബികാസുതന്‍ മാങ്ങാടുമായുള്ള അഭിമുഖം. വേറിട്ടനിരീക്ഷണങ്ങളിലൂടെ ആസ്വാദകലോകത്ത് ചിരപ്രതിഷ്ഠ നേടിയ സുകുമാരനും ഭാവനയുടെ പൂക്കാലങ്ങളിലേക്ക് സഹൃദയരെ കൈപിടിച്ചുകയറ്റുന്ന അംബികാസുതനും അഭിമുഖത്തില്‍ ഇഴുകിച്ചേര്‍ന്നു നില്ക്കുന്നു.അംബികാസുതന്റെ മനസ്സ് വായനക്കാര്‍ക്ക് തുറന്നു കാണിക്കുന്ന സുകുമാരന്റെ രചനാ സൗകുമാര്യത്തിനു മുമ്പില്‍ ആദരവോടെ നിന്നുപോകും.എഴുത്തുകാര്‍ ആക്ടിവിസ്റ്റാകുമ്പോള്‍ ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ചുള്ള അംബികാസുതന്റെ നിരീക്ഷണം നോക്കുക: കച്ചവടമാണെന്നു തോന്നുന്നവര്‍ക്ക് ഇതെല്ലാം നഷ്ടം തന്നെയാണ്. എഴുത്തിനിരിക്കേണ്ട എന്റെ ഒരുപാട്സമയം ഇങ്ങനെ പോകുന്നു. എഴുതിയതില്‍ നിന്നു കിട്ടുന്ന റോയല്‍റ്റിയും അവാര്‍ഡ്തുകയും ഇരകള്‍ക്കുതന്നെ നല്കിവരുന്നു.ആകെ നോക്കിയാല്‍ ഒരാള്‍ക്ക് നഷ്ടക്കച്ചവടം തന്നെയാണ് എന്നു തോന്നാം. എന്നാല്‍ എനിക്കങ്ങനെ തോന്നിയിട്ടില്ല. മന:സാക്ഷിക്കുത്തില്ലാതെ ജീവിക്കാം എന്ന സമാധാനമുണ്ട്. ഈ അഭിമുഖം വായിച്ചു തീരുമ്പോള്‍ സാഹിത്യകാരന്റെ കടമയും കടപ്പാടും ആരോടാണ് എന്ന് വ്യക്തമാവും. ആത്മാര്‍ത്ഥത നിറഞ്ഞതാണ് രചന.
ഒരു പാര്‍ട്ടി ജനകീയമാകുന്നതെങ്ങനെയാണ്? എല്ലാതരം ജനങ്ങളെയും ആകര്‍ഷിക്കുക, അവരുടെ ആഗ്രഹങ്ങള്‍ ഒട്ടുമുക്കാലും സാധിച്ചുകൊടുക്കുന്നുവെന്ന് തോന്നിപ്പിക്കുക. അങ്ങനെ തോന്നിപ്പിക്കുന്ന പ്രവര്‍ത്തനമാണ് പാര്‍ട്ടി പ്രവര്‍ത്തനം. അങ്ങനെയുള്ള പാര്‍ട്ടിയില്‍ ജനജീവിതത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആളുകള്‍ എത്തും.ജയില്‍ ചാടിയ ജയാനന്ദനും പാര്‍ട്ടിപരിപാടിയില്‍ എത്താന്‍ കാരണവും മറ്റൊന്നല്ല. ഒടുവില്‍ എന്തായി എന്നാണ് ചോദ്യമെങ്കില്‍ കാണുക ചന്ദ്രിക ദിനപത്രത്തില്‍ സഗീര്‍ വരച്ചിട്ടത്. ഇനിവരികളെന്തിന്?
എല്ലാ വായനക്കാര്‍ക്കും സമൃദ്ധവും ഹൃദയഹാരിയുമായ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് കാലികവട്ടത്തിന്റെ നന്ദി, നമസ്കാരം.
തൊട്ടുകൂട്ടാന്‍
എത്രയോതിണ്ണകളില്
എത്രയോ കുഞ്ഞുങ്ങള്‍
തിളങ്ങുന്ന കണ്ണുകളോടെ
അപ്പാപ്പവും കളിപ്പാട്ടങ്ങളും
കാത്തിരിക്കുന്നുണ്ടാവാം.
എം.ആര്. രേണുകുമാര്‍
കവിത: എത്രയോ ഇടങ്ങളില്‍
മലയാളം ഓണപ്പതിപ്പ് (സപ്തം.13)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: