ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ ആദ്യകാല ആര്‍എസ്എസ് പ്രവര്ത്തകന് പാച്ചല്ലൂര്‍ പരമേശ്വരന് നായര്‍ അന്തരിച്ച വിവരം അമൃതചാനലിലെ വാര്‍ത്തകള്‍ക്കിടയില്‍ എഴുതിക്കാണിച്ചപ്പോള്‍ പല പലകാര്യങ്ങളും ഓര്‍മയില്‍ വന്നു. അനവധി വര്‍ഷങ്ങളായി പരമേശ്വരനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാതിരിക്കുകയായിരുന്നു. അദ്ദേഹം തിരുവനന്തപുരം വിഭാഗ് കാര്യവാഹ് എന്ന ചുമതല വഹിച്ചിരുന്ന കാലത്ത് എറണാകുളത്ത് വന്നപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് പ്രാന്തകാര്യാലയത്തില്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന് മോഹന്‍ജി വേറൊരു മുറിയിലാണ് കിടക്കാന്‍ സൗകര്യം ചെയ്തതെങ്കിലും ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിക്കുന്നതിനായി ഞാന്‍ കിടന്ന മുറിയില്‍ വരാന്‍ സമ്മതിച്ചു. സംഭവം 20 വര്‍ഷമെങ്കിലും അപ്പുറത്തായിരുന്നു.
1952 മുതല്ക്കുള്ള അടുപ്പമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളേജില്‍ ഞാന്‍ രണ്ടാംവര്‍ഷം ഇന്റര്‍മീഡിയറ്റ് പഠിക്കുമ്പോള്‍ ഒന്നാം വര്‍ഷത്തില്‍ ചേര്‍ന്നയാളായിരുന്നു പാച്ചല്ലൂര്‍ പരമേശ്വരന്. മുന്‍പ് പാച്ചല്ലൂര്‍ ശാഖയില്‍ സാംഘിക്കിനും മറ്റും പോയപ്പോള്‍ ഉണ്ടായിരുന്ന പരിചയം മൂലം കറ്റച്ചകോണത്തെ (ഇന്ന് കേശവദാസപുരം) എംജി കോളേജില്‍ ഞങ്ങള്‍ക്ക് ഒരുമിച്ചു കൂടാന്‍ അവസരമായി. അവിടെ പഠിച്ചിരുന്ന മറ്റ് സ്വയംസേവകരെ കണ്ടെത്താനും ഒരുമിച്ച് കൂട്ടാനും മറ്റും അത് കൂടുതല്‍ സൗകര്യമായി. ഗോഹത്യാ നിരോധന പ്രസ്ഥാനത്തിന്റെ ഭാഗമായി രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദിന് സമര്‍പ്പിക്കാനുള്ള നിവേദനത്തില്‍ ഒപ്പ് ശേഖരിക്കാന്‍ ഞങ്ങള്‍ ഒരുമിച്ചുതന്നെ കൂട്ടാനും മറ്റും അത് കൂടുതല്‍ സൗകര്യമായി. ഗോഹത്യാ നിരോധന പ്രസ്ഥാനത്തിന്റെ ഭാഗമായി രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദിന് സമര്‍പ്പിക്കാനുള്ള നിവേദനത്തില്‍ ഒപ്പ് ശേഖരിക്കാന്‍ ഞങ്ങള്‍ ഒരുമിച്ചുതന്നെ കോളേജില്‍ ശ്രമം നടത്തി.
പാച്ചല്ലൂര്‍ ശാഖയിലും സാംഘിക്ക് വെച്ച അവസരങ്ങളില്‍ പോകുമായിരുന്നു. അവിടെ ശാഖയെടുക്കാന്‍ പോയ വഞ്ചിയൂരിലെ ഒരു സ്വയംസേവകനെ വഴിയില്‍ ഏതാനും കമ്മ്യൂണിസ്റ്റുകള്‍ തടയുകയും സൈക്കിളില്‍ കെട്ടിവെച്ചിരുന്ന ദണ്ഡ ബലമായി പിടിച്ചെടുക്കുകയും ചെയ്തത് പ്രശ്നമായി. അന്ന് പ്രചാരകനായിരുന്ന ഭാസ്കര്‍ ഭാംലേ അതിനെ ഗൗരവപൂര്‍വം എടുക്കുകയും അടുത്ത ഞായറാഴ്ച വിപുലമായൊരു സാംഘിക് പാച്ചല്ലൂരില്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.
തിരുവനന്തപുരം തെക്കേത്തെരുവ് മൈതാനത്ത് നിന്നും പാച്ചല്ലൂര്‍ വരെ ഗണവേഷത്തില്‍ നടന്ന് പോയി ശാഖ നടത്തി തിരിച്ചുവരികയാണുണ്ടായത്. പ്രശ്നമൊന്നുംകൂടാതെ ആ ദിവസം കടന്നുപോയി. അന്നത്തെ സാംഘിക്കില്‍ സാധുശീലന്‍ പരമേശ്വരന് പിള്ളയും (പിന്നീട് സ്വാമി പരമേശ്വരാനന്ദ സരസ്വതി) വന്ന് സംസാരിച്ചിരുന്നു.
പാച്ചല്ലൂരില്‍ അക്കാലത്ത് ശാഖയില്‍ സജീവരായിരുന്നവരില് പാച്ചല്ലൂര്‍ വേലായുധന് നല്ല കവിത്വമുള്ളയാളായിരുന്നു. അദ്ദേഹത്തിന്റെ സുന്ദരമായ കവിതകള്‍ അക്കാലത്ത് കേസരിയില്‍ പതിവായി വന്നിരുന്നു. വേലായുധന് ഉന്നതവിദ്യാഭ്യാസത്തിനുശേഷം മലയാളത്തിലും സംസ്കൃതത്തിലും ഇംഗ്ലീഷിലും എംഎയും പിഎച്ച്ഡിയും മറ്റും എടുത്ത് കലിക്കറ്റ് സര്‍വകലാശാലയില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പിന്നീട് കവിതാ രംഗത്ത് പ്രശസ്തനായില്ലെങ്കിലും നല്ല പ്രബന്ധകാരനും അക്കാദമിഷ്യനുമെന്ന് പേരെടുത്തു. 1970 കളില്‍ ഒരിക്കല്‍ അദ്ദേഹത്തെ കോഴിക്കോട്ടെ ജനസംഘകാര്യാലയത്തില്‍ വിളിച്ചുകൊണ്ടുവന്നു. പരമേശ്വര്‍ജിയുമായുള്ള പഴയ സൗഹൃദം പുതുക്കാന്‍ താല്പര്യം കാട്ടിയെങ്കിലും അന്നത് സാധിച്ചില്ല. പിന്നീട് സര്‍വകലാശാലാ ആസ്ഥാനത്ത് പോയി കണ്ടപ്പോള്‍ സൗഹൃദം നിലനിര്‍ത്താന്‍ താത്പര്യമില്ലാത്ത മട്ടിലായിരുന്നു പെരുമാറ്റം.
പാച്ചല്ലൂരിലെ ശ്രീധരന് ഒരു പ്രസ് തൊഴിലാളിയായിരുന്നു. ടൗണില്‍ പ്രസ് ജോലിയും ശാഖയും കഴിഞ്ഞാണ് മിക്ക ദിവസവും അദ്ദേഹം വീട്ടില്‍ പോകുക. സൈക്കിള്‍ അദ്ദേഹത്തിന്റെ ഭാഗം തന്നെയായിരുന്നു. തിരുവനന്തപുരത്ത് ആദ്യമായി കേസരി ഏജന്‍സി എടുത്തത് ശ്രീധരനായിരുന്നു. അന്നുമുതല്‍ കേസരിമുടങ്ങാതെ വായിക്കാന്‍ കഴിഞ്ഞു. ശ്രീധരന് സംഘപ്രാര്‍ത്ഥനയും പ്രാതസ്മരണയും ചെറിയ പുസ്തകമായി അച്ചടിച്ചു കൊണ്ടുവന്നു സ്വയംസേവകര്‍ക്ക് നല്കി. രണ്ടണ (12 പൈസ) വില നിശ്ചയിക്കപ്പെട്ടിരുന്ന അതായിരുന്നു ഞാന്‍ ആദ്യം കണ്ട മലയാള സംഘസാഹിത്യം. ക്രൗണ്‍ 1/4 സൈസില്‍ 16 പേജുണ്ടായിരുന്ന കേസരിക്കും വില രണ്ടണ തന്നെ. ഒരു മാസത്തേക്ക് 8 അണ (50 പൈസ). അര രൂപ. മുന്‍കൂര്‍ വാങ്ങിയാണ് ശ്രീധരന് കേസരി വിതരണം ചെയ്തത്. അതിസരസനും നര്‍മബോധമുള്ള ആളുമായിരുന്ന ശ്രീധരന്. പാച്ചല്ലൂരിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി താമസിക്കാന്‍ സാധിച്ചു.
ജന്മഭൂമി എറണാകുളത്തുനിന്ന് ആരംഭിച്ചപ്പോള്‍, അതിന്റെ അച്ചടി ജോലികളുടെ ചുമതല ഏറ്റെടുക്കാന്‍ രാമന്‍പിള്ളയുടെ പ്രേരണയില്‍ ശ്രീധരന് സസന്തോഷം തയ്യാറായി. അന്ന് ടൈപ്പുകള്‍ പെറുക്കി ഗ്യാലിയില്‍ നിരത്തി കംപോസ് ചെയ്യുന്ന രീതിയാണുണ്ടായിരുന്നത്. സാഹസികതയും സഹനശേഷിയും പരമാവധി ആവശ്യമായിരുന്ന ആ ചുമതല ഏഴുവര്‍ഷത്തോളം നിര്‍വഹിച്ചശേഷമാണ് ശ്രീധരന് മടങ്ങിയത്. അക്കാലത്ത് അച്ചടി രംഗത്ത് ഇന്നത്തെ സംവിധാനങ്ങള്‍ ഒന്നും തന്നെ സ്വപ്നത്തില്‍ പോലുമുണ്ടായിരുന്നില്ല. ഫോട്ടോ കമ്പോസിങ്, ഡിടിപി, പേജ് മേക്കര്‍ തുടങ്ങിയവ പിന്നെയും വര്‍ഷങ്ങള്‍ കൊണ്ടാണ് മലയാള പത്രങ്ങള്‍ സ്വയത്തമാക്കിയത്.
സംഘജീവിതത്തിന്റെ പ്രാരംഭകാലത്ത് ഒരുമിച്ചു പ്രവര്‍ത്തിച്ച പാച്ചല്ലൂര്‍ പരമേശ്വരനെ പരാമര്‍ശിച്ചുകൊണ്ട് ആരംഭിച്ച ഈ പ്രകരണം എവിടെയൊക്കെയോ പോയി. പരമേശ്വരന്റെ അനുജന് ഗോപാലകൃഷ്ണനും അക്കാലത്ത് ശാഖയില്‍ സജീവമായുണ്ടായിരുന്നു. അദ്ദേഹം വൈദ്യശാസ്ത്രരംഗത്ത് കൂടുതല്‍ അറിവും പരിശീലനവും നേടി. തിരുവനന്തപുരത്ത് ഓവര്‍ ബ്രിഡ്ജിന് സമീപം ഉണ്ടായിരുന്ന കാര്യാലയത്തിനടുത്ത് ക്ലിനിക് നടത്തിയിരുന്നതായി ഓര്‍ക്കുന്നു.
സര്‍ക്കാര്‍ ജീവനത്തിലിരിക്കെ സംഘപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിന് തന്റേടം കാണിക്കുന്നവര്‍ ധാരാളമുണ്ട്. അവര്‍ക്ക് പല വിധത്തിലുള്ള ഭീഷണികളും സമ്മര്‍ദ്ദങ്ങളും നേരിടേണ്ടിവരുന്ന കാലത്ത് ധൈര്യപൂര്‍വം നിലകൊണ്ടയാളായിരുന്നു പരമേശ്വരന്. ഹിന്ദുഐക്യവേദിയുടെ നേതൃത്വം വഹിച്ച ജെ.ശിശുപാലനും വിവേകാനന്ദ സ്മാരക നിര്‍മാണത്തില്‍ ഏകനാഥജിയുടെ സഹായിയായി പ്രവര്‍ത്തിച്ച എം.ഗോപിനാഥും പോലെ അത്തരക്കാര്‍ എത്രയെങ്കിലും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ട്. കൊല്ലത്തെ എസ്.ഗോപാലകൃഷ്ണനും പാച്ചല്ലൂര്‍ പരമേശ്വരനും അക്കൂട്ടത്തില്‍ പെടുന്നവര്‍ മാത്രമല്ല സംഘശിക്ഷാവര്‍ഗില്‍ എന്നോടൊപ്പം പരിശീലനം നേടിയവര്‍ കൂടിയായിരുന്നു.
ഈ പ്രകരണം ഇത്രയും എഴുതിയപ്പോള്‍ തിരുവനന്തപുരം വിഭാഗ് പ്രചാരക് സന്തോഷിന്റെ ഫോണ്‍ സന്ദേശം ലഭിച്ചു. പരമേശ്വരന്റെ മരണാനന്തര ചടങ്ങുകളുടെ സമാപനം കഴിഞ്ഞു വിവരം പറയാനായിട്ടാണദ്ദേഹം വിളിച്ചത്. പാച്ചല്ലൂരിലെ വീട്ടില്‍ സംഘത്തിന്റെ ഒട്ടേറെ പ്രധാന അധികാരിമാരും അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകരും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നുവെന്നറിഞ്ഞു. പരമേശ്വരന്റെ മകന് വിജയകൃഷ്ണനുമായി ഫോണില്‍ സംസാരിക്കാനും അവസരമുണ്ടായി.
വര്‍ഷങ്ങള്‍ക്കുമുമ്പ് പാറശ്ശാലയില്‍ നടന്ന പ്രാഥമിക ശിക്ഷണ ശിബിരത്തില്‍ ഏതാനും ദിവസം താമസിക്കാന്‍ എനിക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു. അവിടെ വെച്ച് പരിചയപ്പെട്ട പാച്ചല്ലൂരിലെ സ്വയംസേവകരോട് പരമേശ്വരനെ കാണാനുളള അഭിലാഷം ഞാന്‍ പ്രകടിപ്പിച്ചിരുന്നു. ശിബിരത്തിന്റെ സമാപന ദിവസം അദ്ദേഹം എത്തുമെന്നറിയിച്ചുവെങ്കിലും പെട്ടെന്നുണ്ടായ എന്തോ അസൗകര്യം മൂലം അതിന് കഴിഞ്ഞില്ല.
തിരുവനന്തപുരം പടിഞ്ഞാറെ തെരുവില്‍ അദ്ദേഹം നടത്തിവന്ന ആയുര്‍വേദ മരുന്ന് ഷോപ്പില്‍ വെച്ച് കാണാന്‍ അവസരം ലഭിച്ചിരുന്നു. അവിടെയടുത്തു താമസിച്ച വീട്ടില്‍ പോയി ഭക്ഷണം കഴിച്ചു. വളരെ നേരം സംസാരിച്ചിരുന്നു. ചില വ്യക്തിപരമായ പ്രശ്നങ്ങള്‍ സജീവ ചുമതലകള്‍ വഹിക്കുന്നതിന് പ്രയാസമുണ്ടാക്കുന്നുവെന്നതായിരുന്നു സംസാരിച്ചതിന്റെ ചുരുക്കം. ക്രമേണ അതുമാറി വന്നിരുന്നുവെന്നും, അദ്ദേഹം വീണ്ടും താല്പര്യമെടുത്ത് വന്നുവെന്നും മനസ്സിലായി.
കഴിഞ്ഞയാഴ്ചയിലെ ഈ പംക്തി വായിച്ചശേഷം കോഴിക്കോട്ട് കാമ്പുറം ശാഖയിലെ പഴയ സ്വയംസേവകന് വാസുദേവന്‍ വിളിക്കുകയുണ്ടായി. പഴയകാലത്തെ പ്രവര്‍ത്തകരെയും സംഭവങ്ങളെയും പുതിയ തലമുറയ്ക്ക് ഓര്മപ്പെടുത്താന് എന്തെങ്കിലും ചെയ്യണമെന്നാണദ്ദേഹവും പറഞ്ഞത്. അഞ്ചും ആറും പതിറ്റാണ്ടുകള്‍ക്കപ്പുറത്ത്, ഇക്കാലത്തെ യാത്രാ സൗകര്യങ്ങളും വാര്‍ത്താവിനിമയോപാധികളും ലഭ്യമല്ലാതിരുന്നിട്ടും ആരില്‍നിന്നോ മനസ്സില്‍ കൊളുത്തപ്പെട്ട ആ ദര്‍ശനത്തിനുവേണ്ടി, നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച നൂറുകണക്കിനാളുകളുണ്ടാവും. അവരുടെ സംഭാവനകളുടെ ആകെത്തുകയാണല്ലൊ ഇന്നു നാം കാണുന്ന വിശാലവും വിശ്വവ്യാപകവുമായ മഹത്പ്രസ്ഥാനം.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: