1 വാമനന്റെ വരവായി മാബലി ഭരിച്ച നാടിനൊരനുഗ്രഹ-
ത്തൂനിലാവൊടെയൊരോണമായിവിടെയേവരും സുഖമെഴും ദിനം,
സദ്യയാണുവിഭവങ്ങളേറെ നിറയുന്നൊരൂണ,തിമനോഹര-
പ്പൂക്കളാലെ വിരചിച്ച പൂക്കളമതിന് നടുക്കുഭഗവാനുമായ്.
2 പണ്ടുലോകഭരണത്തില് മാബലിയില് വന്നുചേര്‍ന്ന ലഘുവായൊരാ-
ഗര്വ്വൊതുക്കി ചിരമായി സല്ഗതികൊടുത്തൊരോമനകിശോരനെ,
കണ്ടിടാനവനിലെത്തിടാന് മനമനന്തമായി വിലയിച്ചിടാന്
കാത്തിടേണമനിശം പ്രഭോ! കരുണയേറിടുന്ന ജഗദീശ്വരാ!
3 സര്വ്വപാപവുമൊഴിഞ്ഞു സല്ഗതിയുടന് ലഭിച്ചിടുമൊരാപ്പദം
കണ്ടിടാന്‍ വളരെ ജന്മമായി കൊതിയോടെക്കാത്തിടുവരേറെയാം,
തെല്ലഹമ്മതിനിറഞ്ഞുവെങ്കിലതിവേഗമാപദമണഞ്ഞിടാ-
മെങ്കിലായതിനു യോഗ്യതയ്ക്കു കുറവൊട്ടുമില്ല കനിയില്ലയോ?
4 പാപമറ്റ, പരിപാവനത്വമിയലുന്ന പാദകമലങ്ങളീ-
പാരിലാരുടെ തലയ്ക്കുമേലമരുമായവന് പരമഭാഗ്യവാന്‍
അപ്പദത്തിനധികാരിയായി ഭഗവാനുദാനമൊടെനില്ക്കുമാ-
വീരനായ ബലിയോടുതുല്യത ബലിക്കുവേറെബദലെങ്ങഹോ!
5 ഭക്തരേറെ ഭഗവാങ്കലെത്തി കൃതകൃത്യരായി മരുവുന്നതു-
ണ്ടെങ്കിലും ഗദയെടുത്തുകാവലൊടെയാര്ക്കുനില്പ്പുഭഗവാന് തുണ,
ദാനമായിസകലംകൊടുത്തു സ്വയമേവദാനമുതലായൊരാ-
വീരനായബലിയാം മഹാബലിയൊരാളതിന്നുബദലെങ്ങഹോ!
6 ഓണമാണുതിരുവോണമാണുഭഗവാന്റെ ജന്മദിനഘോഷമാ-
ണെങ്ങുമേവരുമതിന്തിരക്കില് മുഴുകീടു കാണ്മു വരവേല്ക്കുവാന്,
വന്നിടാമിനി ബലിക്കു ശാശ്വതസുഖം കൊടുത്തൊരദിതീസുതന്-
വാമനന് ഗൃഹഗൃഹാങ്കണങ്ങളില് നിറഞ്ഞ പൂക്കളസപര്യയില്.
7 മനസ്സില്‍ മുളയ്ക്കും മദം നീക്കി മര്‍ത്ത്യ-
ന്നമര്ത്ത്യത്വമേകീടുവാനായിദാനീം,
വരുംവാമനന്നായ് മഹാവിഷ്ണുവിന്നായ്
നമിച്ചര്ഘ്യപാദ്യാദിയേകാം ഗൃഹത്തില്‍.
എം.പി.ശങ്കരനാരായണന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: