കേരളം ഇന്ത്യന്‍ ക്രിക്കറ്റിന് സംഭാവന നല്കിയ ശാന്തകുമാരന്‍ ശ്രീശാന്തിന്റെ കരിയറിന് അന്ത്യമായി. ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയര്‍ അസ്തമിച്ചത്. ശ്രീശാന്തിന് പുറമെ രാജസ്ഥാന് റോയല്‍സിലെ സഹതാരമായിരുന്ന അജിത് അങ്കിത് ചവാനും ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും അഗ്രസീവായ താരമായിരുന്ന ശ്രീശാന്ത് ഗ്രൗണ്ടില്‍ പലപ്പോഴും ചീത്തകുട്ടിയുമായിരുന്നു. അതേസമയം അച്ചടക്ക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചത് ഐപിഎല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറിനില്‍ക്കുന്ന എന്‍. ശ്രീനിവാസനായിരുന്നു എന്നത് ഇപ്പോള്‍ തന്നെ വിവാദമായിക്കഴിഞ്ഞു.
കഴിഞ്ഞ മെയ് 16നായിരുന്നു ഐപിഎല്‍ വാതുവെപ്പ് ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിനെ ദല്‍ഹി പോലീസ് മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ശ്രീ’ക്ക് ക്രിക്കറ്റിനേയും ആരാധകരേയും ചതിച്ചവന് എന്ന പേരുവീണു. കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണമെങ്കിലും ബിസിസിഐയുടെ ഇന്നലത്തെ ധൃതിപിടിച്ച നടപടി ശ്രീശാന്ത് ഇരയാക്കപ്പെടുന്നോ എന്ന ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്.
ഐപിഎല്‍ വാതുവെപ്പ് കേസിലെ സുപ്രധാനമായ വഴിത്തിരിവുണ്ടാകുന്നത് ജൂണ്‍ നാലിനാണ്. അന്നാണ് ഐപിഎല്‍ വാതുവെപ്പ് ആസൂത്രിതമായാണ് നടന്നതെന്ന് ദല്‍ഹി പോലീസ് വിചാരണ കോടതി മുമ്പാകെ ബോധ്യപ്പെടുത്തിയത്. ദല്‍ഹി പോലീസിന്റെ ആസൂത്രിത പരാമര്‍ശത്തിന് പിന്നില്‍ വ്യക്തമായ ലക്ഷ്യവും ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലെ കുപ്രസിദ്ധമായ ആസൂത്രിത കുറ്റകൃത്യ നിയന്ത്രണ നിയമമായ മോക്ക താരങ്ങള്‍ക്ക് മേല്‍ ചുമത്തുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. എന്നാല്‍ കോടതി അന്വേഷണസംഘത്തിന്റെ വാദം തള്ളിയതോടെ 27 ദിവസത്തെ ജയില്‍ വാസത്തിനുശേഷം കഴിഞ്ഞ ജൂണ്‍ 11ന് ശ്രീശാന്ത് പുറത്തിറങ്ങി. നേരത്തെ തന്നെ ശ്രീശാന്തിനും മറ്റ് താരങ്ങള്‍ക്കുമെതിരെ ദല്‍ഹി പോലീസ് നിരത്തിയ തെളിവുകളുടെ അപര്യാപ്തത ചര്‍ച്ചയായതാണ്. സൂചനകളുടെ അടിസ്ഥാനത്തില്‍ കെട്ടിച്ചമച്ച കേസാണെന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നു.
വാതുവെപ്പ് കേസില്‍ ശ്രീശാന്ത് അടക്കം മൂന്ന് രാജസ്ഥാന് റോയല്‍സ് താരങ്ങള്‍ അറസ്റ്റിലായ ശേഷം സ്വാഭാവികമായും ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയ്ക്കിടെയാണ് ദല്‍ഹി പോലീസ് മോക്ക ചുമത്തിയത്.
കേസിന്റെ തുടക്കം മുതല്‍ തന്നെ കൂടുതല്‍ താരങ്ങള്‍ക്ക് വാതുവെപ്പുമായി ബന്ധമില്ലെന്ന് ദല്‍ഹി പോലീസ് ആവര്‍ത്തിക്കുന്നുണ്ട്. 234 കളിക്കാര്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്ന് കളിക്കാര്‍ക്ക് മാത്രമാണ് വാതുവെപ്പുമായി ബന്ധമുള്ളതെന്ന് ദല്‍ഹി പോലീസ് പറയുന്നത്. കസ്റ്റഡിയിലുള്ള പ്രതികള്‍ക്കെതിരായ അന്വേഷണം പോലും പൂര്‍ത്തിയാക്കാതെ പോലീസിന് എങ്ങനെയാണ് ഈ നിഗമനത്തിലെത്താനാവുക എന്ന ചോദ്യവും ഉയരുന്നുണ്ട്.
2005ല്‍ ശ്രീലങ്കക്കെതിരെ ഏകദിനത്തിലൂടെയാണ് രാജ്യന്തര ക്രിക്കറ്റില്‍ ശ്രീശാന്ത് അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വര്‍ഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്യാപ്പും അണിഞ്ഞ ശ്രീശാന്ത് 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും കളിച്ചു. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയത്തില്‍ നിര്‍ണായകമായത് ശ്രീശാന്തിന്റെ പ്രകടനമാണ്. 2007 ലെ ട്വന്റി 20, 2011 ലെ ഏകദിന ലോകകപ്പുകളില്‍ വിജയിച്ച ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണി യുഗത്തിനു തുടക്കം കുറിച്ച ട്വന്റി 20 ലോകകപ്പില്‍ കിരീടം കൈപ്പിടിയിലൊതുക്കിയ ക്യാച്ചെടുത്തതാണ് ശ്രീശാന്തിന്റെ എട്ടുവര്‍ഷം നീണ്ട സംഭവബഹുലമായ കരിയറിലെ സുവര്‍ണനിമിഷം. കളിമികവിനൊപ്പം വിവാദങ്ങളുടെ ക്രീസിലൂടെയുമായിരുന്നു ശ്രീയുടെ യാത്ര. സച്ചിനെതിരെയും ഹാഷിം ആംലക്കെതിരെയും ആക്രോശവുമായി ചെന്നതിന് ശ്രീ പഴികേട്ടിരുന്നു. പിന്നീടാണ് ഹര്ഭജന് സിംഗ് ശ്രീശാന്തിന്റെ കരണത്തടിച്ച സംഭവവും ഉണ്ടായത്.
ആറാം ഐപിഎല്ലിനിടെ പഴയ കരണത്തടി സംഭവം സംബന്ധിച്ചു ട്വിറ്ററില്‍ പരാമര്‍ശം നടത്തിയതോടെ പതിവു വിവാദവും പിന്നാലെയെത്തി. ഇതേത്തുടര്‍ന്ന് ഹര്ഭജന് സിങ് ഉള്‍പ്പെട്ട മുംബൈക്കെതിരായ രണ്ട് മല്‍സരങ്ങളില്‍ നിന്ന് ശ്രീശാന്തിനെ മാറ്റിനിര്‍ത്തിയിരുന്നു. അതിന് പിന്നാലെയായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കോഴവിവാദം. ഇപ്പോള്‍ തിരിച്ചുവരവിനുള്ള എലാ സാധ്യതകളും അടഞ്ഞ് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്തവിലക്കും.
നേരത്തെ ഒത്തുകളി വിവാദത്തില്‍പ്പെട്ട മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അഷറുദീനും വൈസ് ക്യാപ്റ്റനായിരുന്ന അജയ് ജഡേജക്കും ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അഷറുദീന്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും അദ്ദേഹത്തിന് പിന്നീട് കളിയില്‍ തിരിച്ചെത്താനായില്ല. അഞ്ച് വര്‍ഷത്തെ വിലക്കിനുശേഷം അജയ് ജഡേജ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയെങ്കിലും ദേശീയ ടീമില്‍ തിരിച്ചെത്തുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞില്ല.
അതുതന്നെയാണ് ശ്രീശാന്തിനെയും കാത്തിരിക്കുന്നത്. ബിസിസിഐക്കെതിരെ കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചാലും ശ്രീശാന്തിന് ഇനി തിരിച്ചുവരാന്‍ കഴിയില്ല എന്ന കാര്യം ഉറപ്പാണ്. എന്നാല്‍ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഇത്ര തിടുക്കപ്പെട്ട് എന്തിനാണ് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത് എന്ന കാര്യം ദുരൂഹമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: