പരാഗ്വേയെ പരാജയപ്പെടുത്തി അര്‍ജന്റീന ലോകകപ്പ് ഫുട്ബോളില്‍ സ്ഥാനമുറപ്പിച്ചു. യോഗ്യതാ മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാഗ്വേയെ തകര്‍ത്തുവിട്ടത്.
കളിയുടെ 12-ാം മിനിറ്റില്‍ മെസിയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. അര്‍ജന്റീനക്കുവേണ്ടി മെസി നേടുന്ന 36-ാം ഗോളാണിത്. ഗോള്‍ വഴങ്ങിയ പരാഗ്വേ ഉജ്വലമായി തിരിച്ചടിച്ചു. അഞ്ച് മിനിറ്റുകള്‍ക്കുശേഷം നുനെസ് പരാഗ്വേയുടെ സമനില ഗോള്‍ കണ്ടെത്തി. 32-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. ആദ്യപകുതി അവസാനിക്കുമ്പോള്‍ 2-1 എന്ന നിലയില്‍ അര്‍ജന്റീന മുന്നിട്ടുനിന്നു.
രണ്ടാംപകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീനയുടെ മികച്ച നീക്കങ്ങള്‍ പരാഗ്വേയെ വെള്ളംകുടിപ്പിച്ചു. 50-ാം മിനിറ്റില്‍ ഏഞ്ചല്‍ ഡി മരിയ അര്‍ജന്റീനയുടെ മൂന്നാംഗോള്‍ കണ്ടെത്തി. 53-ാം മിനിറ്റില്‍ അനുവദിച്ചുകിട്ടിയ പെനാലിറ്റി ഗോളാക്കിമാറ്റിക്കൊണ്ട് മെസി ലീഡുയര്‍ത്തി. തിരിച്ചടിക്കാനുള്ള പരാഗ്വേയുടെ നീക്കങ്ങള്‍ പലതും പാഴായെങ്കിലും 86-ാം മിനിറ്റില്‍ സാന്റാക്രൂസ് അവരുടെ രണ്ടാം ഗോള്‍ കണ്ടെത്തി. അവസാന മിനിറ്റില്‍ തിരിച്ചടിച്ച അര്‍ജന്റീന റേഡ്രിഗൂസിലൂടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
മറ്റൊരു യോഗ്യതാ മത്സരത്തില്‍ ഉറുഗ്വേ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കൊളംബിയയെ പരാജയപ്പെടുത്തി. കൊളംബിയക്ക് ഇത് നിര്‍ണായക മത്സരമായിരുന്നു. എഡിന്‍സണ്‍ കവാനി, ക്രിസ്റ്റ്യന്‍ സ്റ്റുവാനി എന്നിവരാണ് ഉറുഗ്വേക്കുവേണ്ടി ലക്ഷ്യം കണ്ടത്.
യൂറോപ്പില്‍ ഇറ്റലിയും നെതര്‍ലന്‍ഡ്സും അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പിലേക്ക് യോഗ്യത നേടി. ടൂറിനില്‍ നടന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുന്‍ ലോകചാമ്പ്യന്മാരായ ഇറ്റലി യോഗ്യത നേടിയത്. ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയാല്‍ യോഗ്യത നേടാമെന്ന നിലയിലാണ് ഇറ്റലി മത്സരത്തിനിറങ്ങിയത്. ഗോര്‍ജിയോ ചെല്ലിനി, ബെയിലോട്ടെല്ലി എന്നിവരാണ് ഇറ്റലിക്കുവേണ്ടി ഗോള്‍ നേടിയത്. ഗ്രൂപ്പ് ബിയില്‍ 20 പോയിന്റുമായി ഇറ്റലി മുന്നിലാണ്. രണ്ടാംസ്ഥാനക്കാരായ ബള്‍ഗേറിയക്ക് 13 പോയിന്റുകളാണുള്ളത്. മാള്‍ട്ടയെ ബള്‍ഗേറിയ പരാജയപ്പെടുത്തിയിട്ടുണ്ട്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം. മൂന്നാം സ്ഥാനത്തുള്ളത് ഡെന്മാര്ക്കാണ്.
റോബിന് വാന്‍ പേഴ്സിയുടെ ഇരട്ട ഗോളിന്റെ മികവിലാണ് നെതര്‍ലന്‍ഡ്സ് യോഗ്യത ഉറപ്പിച്ചത്. അന്‍ഡോറയെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ഡച്ച്പട തുരത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: