ആത്മവിദ്യാലയമേ..അവനിയില്‍ ആത്മവിദ്യാലയമേ…തലമുറയില്‍ മരണസ്മരണ വിതയ്ക്കുന്ന ഈ ഗാനം ഹരിശ്ചന്ദ്ര മഹാരാജാവിന്റെ കഥയിലെ ഒരു ഭാഗം. വാക്കുപാലിക്കാന്‍ ചെങ്കോലും കിരീടവുമുപേക്ഷിച്ച് ശ്മശാന കാവല്‍ക്കാരനായിത്തീര്‍ന്ന രാജാവിന്റെ കഥ മലയാളിക്ക് മനഃപാഠം. വേദേതിഹാസങ്ങളിലേക്ക് ചെന്നാല്‍ ചുടലപ്പറമ്പില്‍ വിഹരിക്കുന്ന ദക്ഷിണാമൂര്‍ത്തിയായ കൈലാസനാഥനെ കാണാം. ദേവാലയത്തോളം പ്രാധാന്യമാണ് ഹിന്ദുവിന് പിതൃക്കളുറങ്ങുന്ന ശ്മശാന ഭൂമി.
മനുഷ്യജീവിതത്തിന്റെ കര്‍മകാണ്ഡം അവസാനിക്കുന്നത് ശ്മശാനത്തില്‍. ഒരു ചിത കത്തിയമരുമ്പോള്‍ പിന്നാലെ ഒരുങ്ങുന്നു മറ്റൊരു ചിത. അവധിയില്ലാത്ത മരണത്തിന്റെ തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഘോഷയാത്ര. മരണശേഷം ശരീരത്തിനുള്ള അവസാന കര്‍മത്തിന് ‘അന്തേഷ്ടി’ എന്നുപറയാം. വേദത്തിലോ ഇതിന് ഭസ്മാന്തം ശരീരമെന്നും. ശരീരം അവസാനം ഭസ്മമായിത്തീരുമെന്നര്ത്ഥം. യജുര്‍വേദ മന്ത്രമനുസരിച്ച് അന്ത്യകര്‍മമായി ദഹന കര്‍മവും അസ്ഥിചയനവും മാത്രം മതി.
മരിച്ചു കഴിഞ്ഞാല്‍ പാഴ്സികള്‍ ശവശരീരം ദഹിപ്പിക്കില്ല. അഗ്നി അശുദ്ധമാകുമത്രെ. ജലാശയത്തില്‍ ഒഴുക്കാറില്ല. ജലം മലിനമാകും. ഭൂമി അശുദ്ധമാകാതിരിക്കാന്‍ കുഴിച്ചിടാറുമില്ല. ജന്തുക്കള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണമെന്ന ധാരണയില്‍ ജനവാസമില്ലാത്തിടത്ത് ശവം നുറുക്കി ഉപേക്ഷിക്കുന്നു. ഓരോ മതത്തിനും വ്യത്യസ്ത സംസ്കാരവും ആചാരാനുഷ്ഠാനുങ്ങളും. ഹിന്ദുവിന് ശരീരം അഗ്നിയില്‍ സ്ഫുടം ചെയ്യുന്നതാണ് അതിവിശിഷ്ടം.
ഇനി കാര്യത്തിലേക്ക്. ലോകത്തില്‍ അറിയപ്പെടുന്ന ശ്മശാനങ്ങളില്‍ ഒന്നാണ് പയ്യാമ്പലം. പ്രശാന്ത സുന്ദരമായ കടലോരം, കണ്ണൂരിന്റെ ആത്മവിദ്യാലയം. ദല്‍ഹിയിലെ ശാന്തിവനംപോലെ ചരിത്രം ഇവിടെ നിതാന്ത നിദ്രയിലാണ്. ഒട്ടേറെ ദേശീയ-സംസ്ഥാന രാഷ്ട്രീയ-സാംസ്കാരിക-ആധ്യാത്മിക നേതാക്കന്മാരുടെ അന്ത്യവിശ്രമ സ്ഥാനം. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യ വിഷയമാണ് പയ്യാമ്പലം ശ്മശാനം.
‘പയ്യാമ്പല’മായതിന് പിന്നില്‍ ചരിത്രത്തിന്റെ കയ്യെഴുത്തുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെയൊരു വഴിയമ്പലമുണ്ടായിരുന്നു. വാമൊഴിയായി തലമുറകള്‍ കൈമാറിയപ്പോള്‍ അത് ഇന്നത്തെ പയ്യാമ്പലമായി. ജീവിതവും മരണവും കൈകോര്‍ക്കുന്നൊരു സംഗമസ്ഥലി. ഒരു സംസ്കൃതിയുടെ പൈതൃക തിരുശേഷിപ്പുകളായി തലയുയര്‍ത്തി നില്ക്കുന്ന സ്തൂപങ്ങളും സ്മാരകശിലകളും മണ്ഡപങ്ങളും.
പയ്യാമ്പലത്തു അന്ത്യവിശ്രമം കൊള്ളുന്ന മഹാരഥന്മാര് അനേകം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എന്‍.സി.ശേഖര്‍, കെ.ജി.മാരാര്‍, അഴീക്കോടന്‍ രാഘവന്, മുഖ്യമന്ത്രി ഇ.കെ.നായനാര്‍, ചിറക്കല്‍ ടി. ബാലകൃഷ്ണന് നായര്‍, ഡോ.സുകുമാര്‍ അഴീക്കോട്, കെ.പി.ഗോപാലന്, ടി.പി.ഭാസ്കരന്, കായ്യത്ത് ദാമോദരന്‍, എന്‍.കെ.കുമാരന് മാസ്റ്റര്‍, സി.കെ.കൃഷ്ണന്, പി.ടി.ബാലകൃഷ്ണന്..പട്ടിക നീളുകയാണ്.
പയ്യാമ്പലം ശ്മശാനത്തിന് പ്രായം ഏറെയാണ്. ഇവിടെ ശവശരീരം ആദ്യമായി മറവു ചെയ്തിട്ട് വര്‍ഷങ്ങള്‍ ഇരുന്നൂറു കഴിഞ്ഞു. മുരിക്കഞ്ചേരി കേളുവിന്റെ മൃതദേഹമാണ് ആദ്യം സംസ്കരിച്ചത്. ചിറക്കല്‍ രാജാവിന്റെയും പിന്നീട് അറക്കല്‍ രാജാവിന്റെയും സേനാനായകനായിരുന്നു കേളു. ഇടിഞ്ഞുപൊളിഞ്ഞൊരു സ്മാരക സ്തൂപം പയ്യാമ്പലം കുന്നിനു മുകളില്‍ ഇന്നും കാണാം. അന്ന് അറയ്ക്കല്‍ രാജാവ് കേളുവിനെ സംസ്കരിച്ചിടത്ത് പണികഴിപ്പിച്ച സ്നേഹ സ്മാരകം.
തീയ്യസമുദായത്തിന്റെ പേരില്‍ ചാര്‍ത്തിക്കിട്ടിയതാണ് പയ്യാമ്പലം ശ്മശാനഭൂമി. 1870 ല്‍ ഉപ്പോട്ടു കണ്ണന് മലബാര്‍ ഡെപ്യൂട്ടി കളക്ടറായിരുന്നപ്പോഴാണിത്. റാവു സാഹേബ് കെ.ചന്തന് ഡെപ്യൂട്ടി കളക്ടറായപ്പോഴും ശ്മശാനത്തിനായുള്ള സഹായം നീണ്ടു. 1919 മുതല്‍ പത്തുവര്‍ഷം ചന്തന് നഗരസഭാ ചെയര്‍മാനായിരുന്നു. ശവസംസ്കാര കമ്മറ്റി ഒരു സംഘടനയായി രൂപപ്പെട്ടതും ഇക്കാലത്തുതന്നെ. തീയ്യ സമുദായ ശവസംസ്കാര സഹായ സംഘമാണ് ഈ ഹിന്ദു ശ്മശാനത്തിന്റെ നടത്തിപ്പുകാര്‍.
പാരമ്പര്യത്തിന്റെ വന്മയും മഹത്വവും പേറുന്ന വേര്‍പാടിന്റെയും സ്നേഹത്തിന്റെയും ഈ നിത്യ സ്മാരകം രണ്ടുമാസം മുന്‍പാണ് പള്ളിക്കുന്ന് പഞ്ചായത്ത് കയ്യേറിയത്. സംസ്കാര സമിതി നിരന്തരം ദ്രോഹിക്കുന്നതില്‍ കണ്ണൂര്‍ നഗരസഭയും പള്ളിക്കുന്നു പഞ്ചായത്തും ഒരു കൈയാണ്. സമീപകാലത്ത് വീട് പണിതവരേയും ഫ്ലാറ്റുടമകളേയും പിന്തുണച്ച് പരിസ്ഥിതി മലിനീകരണത്തിന്റെ പേരില്‍ പോലീസിനേയും ഉപയോഗിച്ചാണ് ഈ ദ്രോഹം.
കണ്ണൂര്‍ നഗരസഭയ്ക്കും പള്ളിക്കുന്നു പഞ്ചായത്തിനും സ്വന്തമായി ഭൂമിയില്ല. സ്വന്തമായി ഭൂമിയില്ലെങ്കില്‍ അന്യരുടെ തട്ടിപ്പറിക്കണോ. പക്ഷേ തട്ടിപ്പറിച്ചു. മൂന്നേക്കര്‍ വരുന്ന ഹിന്ദുക്കളുടെ ശ്മശാന ഭൂമി കയ്യേറി. പണ്ടേ നോട്ടം വെച്ചതാണ്. ശ്മശാനത്തിന് നാമമാത്രമായി ഭൂമി നീക്കിവെച്ച് ബാക്കി ടൂറിസത്തിനും വികസനത്തിനും വേണ്ടി ഉപയോഗിക്കാന്‍.
ശ്മശാന കമ്മറ്റി 1923 ല്‍ ഒരു ഓഫീസ് കെട്ടിടം പണിതു. ഇതിന്റെ ശിലാഫലകം ഇന്നും ഈ കെട്ടിട ഭിത്തിയിലുണ്ട്. ഈ ചരിത്രവും രേഖയും മറികടന്നാണ് കയ്യേറ്റ തോന്ന്യവാസം.
എല്ലാ പഞ്ചായത്തിലും പൊതുശ്മശാനം ഉറപ്പാക്കണമെന്ന് 2008 നവംബര്‍ 22 ന് ഓംബുഡ്സ് മാന്‍ നിര്‍ദ്ദേശിച്ചിരുന്നു. 1998 ലെ ബറിയല്‍ ആന്റ് ബേണിംഗ് റൂള്‍സായിരുന്നു ഇതിനടിസ്ഥാനം. 2009 ല്‍ സമാനമായൊരു സംഭവത്തില്‍ ഓംബുഡ്സ്മാന് കേസെടുത്തു. മൃതദേഹം അടക്കാന്‍ ഇടമില്ലാത്ത ദളിത് കുടുംബത്തിന്റെ വേദനയാര്‍ന്ന പത്രവാര്ത്തയെത്തുടര്ന്നായിരുന്നു ഇടപെടല്‍. ജീവിക്കാനുള്ള ഇടംപോലും അനുദിനം കുറഞ്ഞുവരുന്ന കേരളത്തില്‍ മരിച്ചവരെ ഏറ്റുവാങ്ങാന്‍ മണ്ണില്ലാതാകുന്നു. കുടിലു പൊളിച്ചും അടുക്കള പൊളിച്ചും അടുപ്പു കല്ലിളക്കിയും ശവമടക്കുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്.
പയ്യാമ്പലം ശ്മശാന ഭൂമി പള്ളിക്കുന്നു പഞ്ചായത്ത് കയ്യേറിയത് വ്യാജരേഖകളുമായി കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ്. നഗരസഭയും ശ്മശാനത്തിന്റെ അവകാശിയായി കോടതിയിലെത്തിയിട്ടുണ്ട്. ഒന്നരമാസത്തിലേറെയായി പള്ളിക്കുന്നു ഗ്രാമപഞ്ചായത്താണ് പോലീസ് സഹായത്തോടെ ശവദാഹ ക്രിയ നിര്‍വഹിക്കുന്നത്.
കേരളത്തിലെ പ്രശസ്ത ശവസംസ്കാരയിടം പാമ്പാടി ഐവര്‍ മഠമാണ്. ഒത്തിരിയുണ്ട് ഇവിടെ പ്രത്യേകതകള്‍. ശ്മശാനത്തിലേക്ക് ശവം കൊണ്ടുവരാന്‍ ആറ് ആംബുലന്‍സുകള്‍. ഒരാംബുലന്‍സില്‍ ഒരു ദിവസം ഏഴ് ശവങ്ങള് വരെ എത്തിച്ചിരുന്നു. സ്വന്തമായി മൃതദേഹം സൂക്ഷിക്കാന്‍ നാല് ഫ്രീസറുകള്‍. ദിവസവും പത്തു പതിനഞ്ച് മൃതദേഹങ്ങള്‍ വരെ സംസ്കരിച്ചിരുന്നു. പിന്നീടത് അമ്പതിലേറെയായി. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍നിന്നുവരെ മൃതദേഹങ്ങള്‍. ഒരു മൃതദേഹത്തിന് 50 രൂപ തിരുവില്വാമല പഞ്ചായത്തിലടക്കണം. 400 കിലോ വിറക്. പ്രശസ്തി കൂടിയപ്പോള്‍ സംസ്കാരക്രിയകളുടെ എണ്ണം പിന്നേയും കൂടി. അപ്പോഴാണ് മണല്‍ മാഫിയയുടെ രൂപത്തില്‍ പ്രശ്നം പൊന്തി വന്നത്. തങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുമോയെന്ന് അവര്‍ക്ക് ഭയം. അതുപിന്നെ സംസ്കാര ക്രിയ നിര്‍ത്തലാക്കുവാന്‍ ശ്രമിക്കും വരെ എത്തി. പിന്നാലെ വന്നു ഭരണസമിതിയുടെ പുതിയ തീരുമാനം; തിരുവില്വാമല പഞ്ചായത്തിലുള്ളവരുടെ മൃതദേഹം മാത്രം സംസ്കരിച്ചാല്‍ മതി. ശ്മശാനത്തിന്റെ വിപുലമായ പ്രവര്‍ത്തനം അങ്ങനെ പഴങ്കഥയായി.
തിരുവനന്തപുരം തൈക്കാട്ട് ശാന്തി കവാടം ശ്മശാനം, തൃശ്ശൂരിലെ ലാലൂര്‍ ശ്മശാനം, കോഴിക്കോട് മാവൂര്‍ റോഡിലെ ശ്മശാനം തുടങ്ങിയവയ്ക്ക് ഇന്ന് തടസ്സങ്ങളില്ല. നാളത്തെ കാര്യം…… അത് പറയാനാവില്ല.
ഖബറടക്കാന്‍ മുസ്ലീങ്ങള്‍ക്ക് ഖബറിടമുണ്ട്. ക്രിസ്ത്യാനികള്‍ക്ക് സെമിത്തേരികളും. ആത്മാവ് ഉപേക്ഷിച്ചു പോയ ശരീരം അതര്‍ഹിക്കുന്ന രീതിയില്‍ സംസ്ക്കരിക്കാന്‍ മണ്ണില്ലാതാകുന്നത് ഹിന്ദുക്കള്‍ക്കാണ്. നാട്ടിന്‍പുറങ്ങളില്‍ സ്വന്തമായി വിശാലമായ പറമ്പുള്ള സമ്പന്നര്‍ തെക്കേപ്പുറത്ത് ചിതയൊരുക്കി ചന്ദനമുട്ടികളോ ചാണകവറളിയോ വരുത്തി ദഹനം നടത്തുമ്പോള്‍ സ്വന്തമായി ഒരുപിടി മണ്ണ് പോലുമില്ലാത്തവന് ഉറ്റവര്‍ക്ക് അന്ത്യനിദ്രയ്ക്കായി ആറടിമണ്ണിനായി യാചിക്കുന്നു. പുഴുവരിച്ച് ദുര്‍ഗന്ധം വമിക്കുന്നതിന് മുമ്പ് അവരുടെ ശരീരം സംസ്ക്കരിക്കാന്‍ വഴിയില്ലാതെ മൃതദേഹവുമായി കിലോമീറ്ററുകള്‍ താണ്ടി പൊതുശ്മശാനം അന്വേഷിച്ച് അലയുന്നു. ഒന്നു സത്യം; ആറടി മണ്ണുപോലും ഹിന്ദുവിന് നഷ്ടപ്പെടുകയാണ്. വികസനത്തിന്റെ പേരില്‍ ഹിന്ദുവിന്റെ ശ്മശാന ഭൂമി ഭൂമാഫിയയും ഫ്ലാറ്റ് ഉടമകളുമൊക്കെ കയ്യടക്കുന്ന ദുരവസ്ഥ. ഈ അപകടം തിരിച്ചറിഞ്ഞില്ലെങ്കില്‍ വരുംകാലത്ത് അടുപ്പുകല്ലിളക്കി മാറ്റി മറവു ചെയ്യേണ്ടി വരുന്ന മൃതദേഹങ്ങളുടെ എണ്ണം കൂടും.
ഭാഗ്യശീലന്‍ ചാലാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: