സാമൂഹികകാഴ്ചപ്പാട്, സമാജസ്നേഹം, ഐക്യം,കൂട്ടുചേരല് എന്നൊക്കെ നമ്മള് നിത്യേനപറയുകയും കേള്‍ക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ അതിനനുസരിച്ച് ജീവിക്കുകയോ, എന്തിന് അതിന്റെ വഴിയിലൂടെ ഒന്ന് നടന്നു നോക്കുകയോ ചെയ്യാറില്ല. വലിയ വലിയ വാദഗതികളും പാണ്ഡിത്യപ്രകടനങ്ങളും നിര്ലോപമുണ്ടാവാറുണ്ടെങ്കിലും മനുഷ്യത്വത്തിന്റെ മഹനീയത വെളിപ്പെടുത്തുന്ന പ്രവൃത്തികളില്‍ നിന്ന് വേറിട്ട് നില്‍ക്കാനാണ് താല്പര്യം. അത്തരം താല്പര്യക്കാര് നിറയുന്ന സമൂഹത്തില്‍ വ്യത്യസ്തനാവുകയാണ് കോഴിക്കോട് നഗരത്തില്‍ നിന്ന് മൂന്ന് നാല് കിലോമീറ്റര്‍ ദൂരത്ത് താമസിക്കുന്ന ബാലകൃഷ്ണന് മാസ്റ്റര്‍. കണ്ണഞ്ചേരി എന്ന പ്രദേശത്ത് ഗണപതിക്ഷേത്രത്തിന്റെ തൊട്ടടുത്താണ് അദ്ദേഹത്തിന്റെ വീട്.
സമൂഹത്തിലെ സകലകൊള്ളരുതായ്മകള്ക്കുമെതിരെ തനതുശൈലിയില്‍ പ്രതികരിക്കുന്ന ബാലകൃഷ്ണന് മാസ്റ്ററെ അറിയാത്തവര്‍ ചുരുക്കം. സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കുകയും അവരെ നന്മയിലേക്ക് കൊണ്ടുവരികയും ചെയ്യുകയെന്ന ധന്യമായ ഉത്തരവാദിത്തമാണ് അദ്ദേഹം നിറവേറ്റുന്നത്. അടുത്തിടെ മകന്റെ വിവാഹസല്‍ക്കാരവേളയില്‍ മാസ്റ്റര്‍ ചെയ്ത പ്രവൃത്തി സമൂഹത്തിന് മഹത്തായ ഒരുകാഴ്ചപ്പാട് നല്‍കുന്നതായിരുന്നു. ധൂര്‍ത്തിന്റെ മഹാഘോഷങ്ങളായി മാറുന്ന ഇന്നത്തെ വിവാഹങ്ങള്‍ കണ്ടവര്‍ക്ക് വല്ലാത്തൊരു അനുഭവമായി ബാലകൃഷ്ണന് മാസ്റ്ററുടെ മകന് അരുണ്‍ ദേവിന്റെ വിവാഹസല്‍ക്കാരം. ലളിതമായ ചായസല്‍ക്കാരത്തിനൊപ്പം പ്രദേശത്തെ നൂറിലധികം വരുന്ന സ്കൂള്‍ കുട്ടികള്‍ക്ക് നോട്ടുപുസ്തകങ്ങള്‍ നല്‍കിയാണ് മാസ്റ്റര്‍ മാതൃകകാട്ടിയത്.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ക്കൊപ്പം കൊച്ചു വേഷ്ടിയും സമ്മാനിച്ചു. പ്രദേശത്തുള്ളവര്‍ ഒന്നടങ്കം ഒഴുകിയെത്തിയചടങ്ങില് പ്രൊഫ. ശോഭീന്ദ്രന്,ഡോ. ആര്‍സു, സ്വാതന്ത്ര്യസമരസേനാനി പി. വാസു, വത്സന് നെല്ലിക്കോട്,തായാട്ട് ബാലന്, ശ്രീവത്സന്‍, ഷൗക്കത്തലി എരോത്ത്, രാജന് നായര്‍ എന്നിവരാണ് കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചത്. വിവാഹത്തിന്റെ ആര്ഭാടങ്ങള്ക്ക് ചെലവഴിക്കുന്ന പണം ഇത്തരമൊരു നല്ല കാര്യത്തിനു മാറ്റിവെച്ചുകൊണ്ട് സമൂഹത്തിനോടുള്ള ഉത്തരവാദിത്തം നിറവേറ്റിയ മാസ്റ്ററെ സംസാരിച്ച എല്ലാവരും അഭിനന്ദനം കൊണ്ടുമൂടി. എന്നും എന്തിനും മാതൃകകാണിക്കാന്‍ മുന്നിട്ടിറങ്ങാറുള്ള മാസ്റ്റര്‍ മകന്റെ വിവാഹത്തോടനുബന്ധിച്ച് ചെയ്ത പ്രവൃത്തിയിലെ ധീരതയും സ്നേഹവും സമൂഹം മൊത്തം ഏറ്റെടുക്കേണ്ടതാണെന്നും പ്രഗല്ഭവ്യക്തികള് നിര്‍ദ്ദേശിക്കുകയുണ്ടായി. അറുപത്തഞ്ചുവര്ഷത്തെ ഓര്മയ്ക്കിടെ ഇത്തരമൊരു പ്രവൃത്തിക്ക് താന്‍ സാക്ഷ്യം വഹിച്ചിട്ടില്ലെന്നായിരുന്നു ഡോ. ആര്‍സു വിലയിരുത്തിയത്.
അദ്ദേഹത്തിന്റെ അഭിപ്രായം അക്ഷരംപ്രതി ശരിയാണ്. മൂന്നും നാലും ദിവസം നീളുന്ന വിവാഹങ്ങളിലെ ധൂര്‍ത്തും ആഡംബരവും ദുഷിച്ചുനില്‍ക്കുന്ന ഇന്നത്തെ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്താന്‍ ബാലകൃഷ്ണന് മാസ്റ്റര്‍ ചെയ്ത പ്രവൃത്തി നിമിത്തമാവുന്നെങ്കില് അതു ദൈവഹിതം തന്നെയല്ലേ? മകന്റെ വിവാഹം പോലും സമൂഹത്തിന് മാതൃകയാകണമെന്ന് താല്പര്യപ്പെടുകയും അതിനായി ധീരമായി രംഗത്തിറങ്ങുകയുംചെയ്ത മാസ്റ്റര്‍ പുസ്തകം സമ്മാനിക്കേണ്ട കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിലും മാതൃക കാട്ടി. കണ്ണഞ്ചേരിക്കും തൊട്ടടുത്തുമുള്ള വിവിധ സാംസ്കാരികസംഘടനകള്‍ വഴിയാണ് കുട്ടികളെ തെരഞ്ഞെടുത്തത്. ഓരോ സംഘടനയും കൊടുത്ത ലിസ്റ്റില്‍ നിന്ന് അതാത് സംഘടനയുടെ ഉത്തരവാദപ്പെട്ടവര്തന്നെയാണ് കുട്ടികളെ ചടങ്ങിലേക്ക് വിളിച്ച് പുസ്തകം സമ്മാനിച്ചത്. സംസ്ഥാനത്ത് മാതൃകാ അധ്യാപകനുള്ള പുരസ്കാരം ലഭിച്ച മാസ്റ്റര്‍ക്ക് ഹൃദയം നിറയെ സ്നേഹമാണെന്നതിന് മേറ്റ്ന്ത് തെളിവുവേണം.
വിവാഹനാളില്‍ പണ്ടൊക്കെ ഒഴിച്ചുകൂടാനാവാത്തതായിരുന്നു മംഗളപത്രം വായന. ഇന്നത്തെ തലമുറയ്ക്ക് അത് അജ്ഞാതമാണ്. മാസ്റ്ററുടെ മകന്അരുണ്ദേവിനും കാവ്യയ്ക്കും വേണ്ടിശ്രീവത്സന് ചൊല്ലിയ മംഗള പത്രത്തില്‍ മാസ്റ്ററുടെ സാമൂഹിക കാഴ്ചപ്പാടിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. അതില്‍ നിന്ന് എട്ടുവരി വായിച്ചാലും
വന്ദനം ശ്രീഗണപതിക്കായി
വന്ദനം ശ്രീഭൂതനാഥനുമായി
വന്ദനം വന്ദ്യരാംഗുരുഭൂതന്മാര്ക്കും
വന്ദനം വേദിക്കും സജ്ജനങ്ങള്‍ക്കും
കണ്ണന്റെ ചേരിയില്‍ നില്ക്കകൊണ്ടത്രെ
കണ്ണഞ്ചേരിയീദേശത്തിന് നാമം
ഈ നല്ല ദേശത്തിന് നടുവിലായ്
നില്പ്പൂ നടുവീടെന്ന ഭാഗ്യമാംഗേഹം
ആ ഗേഹത്തിന്റെ നാഥനാണ് മാസ്റ്റര്‍. കണ്ണന് എന്നും സമൂഹത്തെ ഒപ്പം ചേര്‍ത്താണ് മുന്നോട്ടു പോയതെന്നുള്ള കാര്യം ആര്‍ക്കാണറിയാത്തത്. ആ കണ്ണന്റെ ചേരിയില്‍ നില്ക്കുന്ന കണ്ണഞ്ചേരിയിലെ ബാലകൃഷ്ണന് മാസ്റ്ററും സമൂഹത്തെ ഒന്നായിക്കണ്ട് പ്രവര്‍ത്തിച്ച് മാതൃകകാട്ടുന്നു. ചിലരെ ദൈവം കൈയ്യൊപ്പിട്ട് ഭൂമിയിലേക്കയക്കുന്നു എന്ന കവി ഭാവന ബാലകൃഷ്ണന് മാസ്റ്ററുടെ കാര്യത്തില്‍ വസ്തുതയാവുന്നു.സരള-ബാലകൃഷ്ണന് മാസ്റ്റര്‍ ദമ്പതികളുടെ മക്കളായി പിറക്കാന്‍ കഴിഞ്ഞ അരുണ്‍ ദേവിനും അപര്ണാദേവിക്കും ഇതില്പരം ധന്യത മേറ്റ്ന്തുണ്ട്. മരുമക്കളായ ലിജീഷും കാവ്യയും കൃതാര്ഥാനിര്ഭരരായി ആ സ്നേഹസാമ്രാജ്യത്തില്‍ ആഹ്ലാദത്തോടെ കഴിയട്ടെ.
ചിലര്‍ പ്രവൃത്തികൊണ്ട് ആകാശതുല്യം ഉയരുമ്പോള്‍ മറ്റുചിലര്‍ വര്‍ത്തമാനം കൊണ്ട് പാതാളത്തേക്കു താഴുന്നത് കണ്ടിട്ടുണ്ടോ? ഇതാ നമ്മുടെപ്രധാനമന്ത്രിയുടെ ഒരു ഡയലോഗ്: ജി-20 രാജ്യങ്ങളുടെ നേതാക്കള്‍ക്കിടയില്‍ ഞാന്‍ ഗണ്യമായി ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ്. എന്തിന്റെ പേരിലാണ് ബഹുമാനിക്കപ്പെടുന്നത് എന്ന് നമുക്കറിയില്ല. പ്രതിപക്ഷവിമര്‍ശനത്തിന്റെ കുന്തമുനയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാഞ്ഞപ്പോഴാണ് ആഗസ്ത് 30 ന് രാജ്യസഭയില്‍ സിങ്ങ്ജി ഈ പൂഴിക്കടകന്‍ കൈയിലെടുത്തത്. ന്റുപ്പാപ്പായ്ക്ക് ആനെണ്ടാര്ന്ന് എന്ന സ്റ്റെയില്‍ ഓര്‍മവരുന്നവര്‍ തല്ക്കാലം അത് മനസ്സില്‍ തന്നെ വെക്കുക.
യാസിന് ഭട്കല് എന്ന തീവ്രവാദിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ഭൂരിപക്ഷം മാധ്യമങ്ങള്‍ക്കും ആഗസ്റ്റ് 30 ന് പ്രധാനവാര്‍ത്ത അതായിരുന്നു. അങ്ങനെതന്നെവേണമെന്നാവും പത്രപ്രവര്‍ത്തനത്തിലെ കൈയാങ്കളി അറിയാത്ത സകലമനുഷ്യരുടെയും അഭിപ്രായം. എന്നാല്‍ അതിലത്ര വലിയകാര്യമില്ലെന്ന് ചിലര്‍ പറയുന്നു. ആ വാര്‍ത്ത രണ്ട് കോളത്തില്‍ ഏറ്റവും താഴെ നല്കി തേജസ്. നടുവില്‍ രണ്ടു കോളം കൊടുത്തു വര്‍ത്തമാനം; നടുവില്‍ തന്നെ നാലു കോളത്തില്‍ ചന്ദ്രിക. അവര്‍ക്കൊക്കെ അന്ന് പ്രധാനവാര്‍ത്ത മറ്റുചിലതായിരുന്നു. ഇതില്‍ നിന്ന് എന്തുതോന്നുന്നു?. ശേഷിച്ച സകലമാനപത്രക്കാരും പത്രപ്രവര്‍ത്തനം ഒന്നുകൂടിപഠിക്കണമെന്നോ? അതല്ല ഇപ്പണി നിര്‍ത്തണമെന്നോ? ഏതായാലും യാസിന് എന്ന പേരിനൊപ്പം ഭട്കല് ചേര്‍ക്കരുതെന്ന് ഭട്കല് വാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തൊട്ടുകൂട്ടാന്‍
ഞാന്‍ തീ
നീ തൈലം
നാമൊരുമിച്ചുകത്തുന്നതിന്റെ
വെളിച്ചത്തിലിരുന്ന് ദൈവം
ഒരു പ്രണയകവിതപൂര്ത്തിയാക്കുന്നു
വീരാന്‍കുട്ടി
കവിത: അനന്യം
മാധ്യമം വാര്‍ഷികപ്പതിപ്പ്
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: