ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരേ ആസിഡ് ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ആസിഡ് വില്പനയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. മതിയായ രേഖകളില്ലാതെ ആസിഡ് വില്ക്കരുതെന്നാണു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം നല്കിയ മാര്‍ഗരേഖയിലുള്ളത്.
സുപ്രീംകോടതിയുടെ ഇടക്കാല മാര്‍ഗനിര്‍ദേശങ്ങളില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആസിഡ് വില്‍ക്കരുതെന്നു കര്‍ശന നിര്‍ദേശമുണ്ട്. ആസിഡിന്റെ ഉപയോഗം, വാങ്ങിയ ആളിന്റെ വിലാസം എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കുക, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, റിസര്‍ച്ച് ലാബോറട്ടികള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ എന്നിവ ഈ രജിസ്റ്റര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കുക, 18 വയസിനു താഴെയുള്ളവര്‍ക്ക് ആസിഡ് വില്‍ക്കാതിരിക്കുക എന്നിവയാണവ. ലംഘിക്കുന്നവരില്‍ നിന്ന് 50,000 രൂപ പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്.
ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ വൈദ്യ, പുനരധിവാസ ചെലവുകള്‍ക്കായി മൂന്നു ലക്ഷം രൂപ നല്‍കണം. അടിയന്തര ചികിത്സയ്ക്കുള്ള ഒരു ലക്ഷം രൂപ 15 ദിവസത്തിനുള്ളിലും ബാക്കി തുക രണ്ടു മാസത്തിനുള്ളിലും ഇരയ്ക്കു ലഭിച്ചുവെന്ന് ഉറപ്പാക്കണം. കുറ്റം ചെയ്യുന്നവരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യാന്‍ നിയമനിര്‍മാണം നടത്തണം.
ആസിഡ് ആക്രമണത്തിലെ പ്രതിക്കു ജാമ്യം നല്കരുതെന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ജൂലൈ 18 നു സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഡല്‍ഹിയില്‍ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു സുപ്രാംകോടതി ഇടക്കാല മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: