ന്യൂദല്‍ഹി: റെയില്‍വേ കമ്പോണന്റ് ഫാക്ടറി പദ്ധതിയില്‍ നിന്നും റെയില്‍വേ പിന്മാറുന്നു. ചേര്‍ത്തലയിലെ ഓട്ടോക്കാസ്റ്റ്, സില്‍ക്ക് എന്നിവ ഏറ്റെടുത്ത് സംയുക്ത സംരംഭമായി ആരംഭിക്കാനിരുന്ന പദ്ധതിയില്‍ നിന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ പിന്മാറ്റം.
2007ല്‍ റെയില്‍വേ മുന്‍മന്ത്രി ലാലു പ്രസാദ് യാദവാണ് പാലക്കാട് കോച്ച് ഫാക്ടറിക്കും ചേര്‍ത്തലയില്‍ അനുബന്ധ ഫാക്ടറിയും തുടങ്ങുന്നതിനു അനുമതി നല്‍കിയത്. എന്നാല്‍ ഓട്ടോകാസ്റ്റ് നിലവിലെ രീതിയില്‍ കേരളാ പൊതുമേഖല സ്ഥാപനമായി നിലനിര്‍ത്താനും റെയില്‍വേയ്ക്കു വേണ്ടി ബോഗികളും കംപോണന്റുകളും ഉല്‍പ്പാദിപ്പിക്കുന്നതിനായി അഞ്ച് വര്‍ഷത്തേക്ക് കരാറുണ്ടാക്കാനും റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ് എക്കണോമിക് സര്‍വീസസ് (റൈറ്റ്സ്) പാര്‍ലമെന്ററി സമിതിയെ അറിയിച്ചു.
വ്യാവസായിക പദ്ധതിയായി കണക്കാക്കുന്ന റെയില്‍വേ കമ്പോണന്റ് ഫാക്ടറി പദ്ധതിയുമായി റെയില്‍വേയ്ക്കു മുന്നോട്ടു പോകാനാവില്ലെന്ന് പാര്‍ലമെന്ററി സമിതി ലോക്സഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
റെയില്‍വേ കമ്പോണന്റ് ഫാക്ടറി സ്ഥാപിക്കുമെന്ന പ്രഖ്യാപനം മമതാ ബാനര്‍ജി മന്ത്രിയായിരുന്നപ്പോള്‍ അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിലും ചൂണ്ടിക്കാട്ടിയിരുന്നതാണ്. റെയില്‍വേയ്ക്ക് ആവശ്യമായ ബോഗികളും കംമ്പോണന്റുകളും ഉത്പാദിപ്പിക്കുന്നതിനായി ചേര്‍ത്തലയില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. റെയില്‍വേയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായോ കേന്ദ്ര പൊതുമേഖല സ്ഥാപനമാക്കിയോ മാറ്റി പദ്ധതി നടപ്പിലാക്കുക, ഓട്ടോകാസ്റ്റ് എന്ന രീതിയില്‍ തന്നെ കേരളാ പൊതുമേഖല സ്ഥാപനമായി നിലനിര്‍ത്തുക എന്നിങ്ങ മൂന്നു നിര്‍ദേശങ്ങളാണ് പാര്‍ലമെന്ററി സമിതിപരിഗണിച്ചത്.
ഇതില്‍ അവസാനത്തെ നിര്‍ദേശമാണ് റൈറ്റ്സ് മുന്നോട്ടു വെക്കുന്നതെന്നും പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഓട്ടോ കാസ്റ്റ് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായി നിലനിര്‍ത്തി 3,000 ബോഗികളും 2,000 കപ്ലറുകളും നിര്‍മിക്കുന്നതിനുള്ള അഞ്ച് വര്‍ഷത്തെ കരാര്‍ നല്‍കാമെന്നും വിപണി വില നല്‍കാമെന്നുമാണ് റൈറ്റ്സ് തീരുമാനം. ഇക്കാര്യം സംസ്ഥാനസര്‍ക്കാരിനെയും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: