ന്യൂയോര്‍ക്ക്: നിലവിലെ പുരുഷ വിഭാഗം സിംഗിള്‍സ് ചാമ്പ്യനും മൂന്നാം സീഡുമായ ബ്രിട്ടന്റെ ആന്‍ഡി മുറെ യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. മറ്റൊരു മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ഡോകോവിച്ച് സെമിയില്‍ പ്രവേശിച്ചു.
ഒന്‍പതാം സീഡ് സ്വിറ്റ്സര്‍ലന്റിന്റെ സ്റ്റാനിസ്ലാവ് വാവ്റിങ്കയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റാണ് മുറെ പുറത്തായത്. സ്കോര്‍ 6-4, 6-3, 6-2. സ്വിസ് താരം ആദ്യമായാണ് ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റിന്റെ സെമിയില്‍ എത്തുന്നത്. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചാണ് സെമിയില്‍ വാവ്റിങ്കയുടെ എതിരാളി. രണ്ടേകാല്‍ മണിക്കൂര്‍ നീണ്ടുനിന്ന മത്സരത്തില്‍ ഒരിക്കല്‍ പോലും ഒളിമ്പിക്സ്, വിംബിള്‍ഡണ്‍ ചാമ്പ്യനായ മുറെക്ക് വാവ്റിങ്കക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ കഴിഞ്ഞില്ല.
മുറെക്ക് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു ഇന്നലെ. തന്റെ പതിവ് മികവിന് അടുത്തെങ്ങും എത്താന്‍ കഴിയാതിരുന്ന മുറെ 15 വിന്നറുകള്‍ പായിച്ചപ്പോള്‍ വാവ്റിങ്ക 45 എണ്ണമാണ് പായിച്ചത്.
ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് റഷ്യയുടെ മിഖായേല്‍ യൂഷ്ണിയെ തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. തുടര്‍ച്ചയായ ഏഴാം യുഎസ് ഓപ്പണ്‍ സെമിയാണ് ഡോകോവിച്ചിന്റേത്. 6-3 6-2 3-6 6-0 എന്ന സ്കോറിനായിരുന്നു ഒന്നാം സീഡിന്റെ ജയം. രണ്ട് മണിക്കൂറും 34 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഡോകോവിച്ച് എതിരാളിയെ കീഴ്പ്പെടുത്തിയത്. ആദ്യ രണ്ട് സെറ്റുകളും അനായാസം സ്വന്തമാക്കിയ ഡോകോവിച്ചിനെ ഞെട്ടിച്ചുകൊണ്ട് മൂന്നാം സെറ്റ് യൂഷ്ണി 3-6ന് സ്വന്തമാക്കി. എന്നാല്‍ നാലാം സെറ്റില്‍ തകര്‍പ്പന്‍ ഫോമിലേക്ക് തിരിച്ചെത്തിയ ഡോകോവിച്ച് ഒരു ഗെയിംപോലും വിട്ടുകൊടുക്കാതെ യൂഷ്ണിയെ നിഷ്പ്രഭനാക്കി മത്സരം സ്വന്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: