ന്യൂദല്‍ഹി: ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവ് യാസിന് ഭട്കലിന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടായിരുന്നതായി എന്‍ഐഎ. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ കഴിഞ്ഞമാസം അവസാനം പിടിയിലായ യാസിനെ ചോദ്യം ചെയ്തതില്‍നിന്നാണ് ദക്ഷിണേന്ത്യയിലെ ഭീകരവാദ സംഘടനകളുമായുള്ള യാസിന്റെ ബന്ധം പുറത്തുവന്നിരിക്കുന്നത്.
ദുബായിലും കര്‍ണ്ണാടകയിലും ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത് പോപ്പുലര്‍ഫ്രണ്ടിന്റെ മുന്‍ രൂപമായ എന്‍ഡിഎഫുമായി യാസിന് ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്‍ഡിഎഫിന്റെ നേതാക്കളുമായി യാസിന് ആശയവിനിമയം നടത്തിയിരുന്നതായും എന്‍ഐഎ പറയുന്നു.
എന്‍ഡിഎഫിനു പുറമേ കര്‍ണ്ണാടകയിലെ ഭീകരവാദ പ്രസ്ഥാനമായ കര്‍ണ്ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി(കെഎഫ്ഡി)യുമായും യാസിന് ഭട്കല് ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സംഘടനകളുമായുള്ള ബന്ധമാണോ മംഗലാപുരം സ്വദേശിയായ യാസിനെ ഇന്ത്യന്‍ മുജാഹിദ്ദീനിലേക്കെത്തിച്ചതെന്ന സംശയവും എന്‍ഐഎയ്ക്കുണ്ട്. ഇരു സംഘടനകളിലേയും നേതാക്കളുമായി യാസിന് വര്‍ഷങ്ങളായി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് വെളിവാകുന്നത്. 2008ല്‍ കെഎഫ്ഡി മംഗലാപുരത്തു നടത്തിയ ഫ്രീഡം പരേഡില്‍ യാസിന് പങ്കെടുത്തിരുന്നതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. യാസിന്റെ അടുത്ത അനുയായികളായ അഹമ്മദ് ബാവ,സയീദ് നൗഷാദ് എന്നീ ഭീകരരും ഫ്രീഡം പരേഡില്‍ പങ്കെടുത്തിരുന്നു.
നിരോധിത ഭീകരസംഘടനയായ സിമിയുടെ പുതിയ രൂപങ്ങളായ എന്‍ഡിഎഫ്(ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്), കെഎഫ്ഡി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ദക്ഷിണേന്ത്യയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അന്താരാഷ്ട്ര ഭീകരവാദ സംഘടനകളുമായും ഇന്ത്യയിലെ ഭീകരപ്രസ്ഥാനങ്ങളുമായും ഇവയ്ക്കുള്ള ബന്ധങ്ങള്‍ യാസിന്റെ വെളിപ്പെടുത്തലോടെ കൂടുതല്‍ വ്യക്തമാകുകയാണ്.
അതിനിടെ യാസിന് ഭട്കലിന് കേരളത്തിലെ ഭീകരസംഘടനയായ എന്‍ഡിഎഫുമായി ബന്ധമുണ്ടെന്ന വാര്‍ത്തയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാജ്യസഭയില്‍ ശൂന്യവേളയില്‍ എം.വെങ്കയ്യനായിഡുവാണ് ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
തീവ്രവാദ കേസുകളില്‍ അറസ്റ്റിലാകുന്നവര്‍ പ്രതികള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ നിയമസഹായം നല്‍കുന്നത് ശരിയല്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കടുത്ത നിലപാടാണ് യുപിഎ സര്‍ക്കാരിനുള്ളതെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി രാജീവ് ശുക്ല മറുപടി പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: