അഹമ്മദാബാദ്: സോഷ്യല്‍ മീഡിയകളില്‍ മോദിയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാകുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 126 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ മോദിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഏറെയും നടക്കുന്നതെന്ന് ഓണ്‍ലൈന്‍ പഠനം വ്യക്തമാക്കുന്നു.
2013 ജൂലൈമാസത്തില്‍ ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള 20 രാഷ്ട്രീയ നേതാക്കളുടെ പട്ടികയില്‍ മോദിതന്നെയാണ് ഒന്നാമതെന്ന് ബ്ലോഗ്വര്‍ക്സിന്റെ നാലാമത് എഡിഷനില്‍ പറയുന്നു. രാജ്യത്തെ സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ നേതാക്കളെ കുറിച്ച് നടക്കുന്ന ചര്‍ച്ചകളും ജനങ്ങളുടെ മനോഭാവവും അടിസ്ഥാനപ്പെടുത്തിയാണ് ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ നേതാവിനെ നിര്‍ണയിക്കുന്നത്.
2013 ജനുവരി മുതല്‍ മോദിയെ അനുകൂലിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും എതിര്‍ക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുകയും ചെയ്യുന്നുവെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് മോദി നടത്തിയ പ്രസംഗത്തിലൂടെ അദ്ദേഹത്തിലെ നേതാവിനെ ജനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിയെന്നാണ് ബ്ലോഗ്വര്‍ക്സിന്റെ കണ്ടെത്തല്‍. ഗുജറാത്ത് കലാപതത്തില്‍ മോദിക്ക് പങ്കില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും മോദിക്കനുകൂല നിലപാടെടുക്കാന്‍ നെറ്റിസണ്‍മാരെ പ്രേരിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മോദിയ്ക്ക് യുഎസ് വിസ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് 65 എംപിമാര്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കത്ത് അയച്ചതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് സുഹല്‍ സേത്ത്, അനുപം ഖേര്‍, ഹര്‍ഷ ഭോഗ്ലെ, ചേതന്‍ ഭഗത് തുടങ്ങിയ പ്രശസ്തര്‍ രംഗത്ത് വന്നതും മോദിയെ അനുകൂലിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാക്കി.അതേസമയം കോണ്‍ഗ്രസ് പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ ഗാന്ധിയോടുള്ള താല്പര്യത്തില് രണ്ട് ശതമാനത്തോളം ഇടിവുണ്ടായതായും ബ്ലോഗ്വര്‍ക്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സോഷ്യല്‍ മീഡിയകളില്‍ രാഹുലിനേക്കാള്‍ ഏറെ മുന്നിലാണ് മോദി. ഓണ്‍ലൈന്‍ ചര്‍ച്ചാ വേദികളില്‍ മോദിയുടെ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്.
രാഹുല്‍ ഗാന്ധിയ്ക്കെതിരായ പ്രതികൂല വികാരം ഓരോ മാസവും വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. 2013 ജൂണില്‍ 27 ശതമാനമായിരുന്നത് ജൂലൈയില്‍ 82 ശതമാനമായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: