ന്യൂയോര്‍ക്ക്: റോജര്‍ ഫെഡററെ അട്ടിമറിച്ചെത്തിയ സ്പാനിഷ് താരം ടോമി റോബര്ഡോക്ക് സ്വന്തം നാട്ടുകാരനായ റാഫേല്‍ നദാലിന് മുന്നില്‍ അടിപതറി. ക്വാര്‍ട്ടര്‍ ഫൈലില്‍ ടോമി റോബര്ഡോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം സെമിയിലേക്ക് കുതിച്ചു.
മറ്റൊരു മത്സരത്തില്‍ നാലാം സീഡും സ്പാനിഷ് താരവുമായ ഡേവിഡ് ഫെററെ അട്ടിമറിച്ച് എട്ടാം സീഡ് റിച്ചാര്‍ഡ് ഗാസ്കറ്റും സെമിയില്‍ പ്രവേശിച്ചു. നദാലാണ് സെമിയില്‍ ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്കറ്റിന്റെ എതിരാളി.
റോബര്ഡോക്കെതിരായ മത്സരത്തില്‍ അനായാസ വിജയമാണ് നദാല്‍ സ്വന്തമാക്കിയത്. 6-0, 6-2, 6-2 എന്ന സ്കോറിനാണ് നദാല്‍ വിജയം സ്വന്തമാക്കിയത്.
ടൂര്‍ണമെന്റിലെ തന്റെ മികച്ച പ്രകടനമാണ് റോബര്ഡോക്കെതിരെ കാഴ്ചവെച്ചതെന്ന് മത്സരശേഷം നദാല്‍ പറഞ്ഞു. പ്രീക്വാര്‍ട്ടറില്‍ മുന്‍ ലോക ഒന്നാം നമ്പറും അഞ്ചു തവണ യുഎസ് ഓപ്പണ്‍ ചാമ്പ്യനുമായിട്ടുള്ള ഫെഡററെ അട്ടിമറിച്ചായിരുന്നു റോബെര്ഡോയുടെ ക്വാര്‍ട്ടര്‍ പ്രവേശം. എന്നാല്‍ ക്വാര്‍ട്ടറില്‍ നദാലിന്റെ കരുത്തിന് മുന്നില്‍ പിടിച്ചുനില്ക്കാന് റോബെര്ഡോയ്ക്കായില്ല. കേവലം ഒരു മണിക്കൂര്‍ 40 മിനിട്ടുകൊണ്ട് നദാല്‍ ജയവും സെമി ബര്‍ത്തും സ്വന്തമാക്കി.
അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഡേവിഡ് ഫെററെ മറികടന്നാണ് ഗ്യാസ്കറ്റ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. സ്കോര്‍: 6-3, 6-1, 4-6, 2-6, 6-3. മൂന്നരമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഗാസ്കറ്റിന്റെ വിജയം.
വനിതാ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം ബലാറസിന്റെ വിക്ടോറിയ അസരങ്ക, ഇറ്റലിയുടെ സീഡ് ചെയ്യപ്പെടാത്ത താരം ഫ്ലാവിയ പെന്നറ്റ എന്നിവരും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. അസാരങ്ക സ്ലോവാക്യയുടെ ഡാനിയേല ഹന്റുച്ചോവയെയും പെന്നറ്റ 10-ാം സീഡും നാട്ടുകാരിയുമായ റോബര്‍ട്ട വിന്‍സിയെയും പരാജയപ്പെടുത്തിയാണ് അവസാന നാലില്‍ ഇടംപിടിച്ചത്.
ഒരുമണിക്കൂറും അഞ്ച് മിനിറ്റും നീണ്ട ഏകപക്ഷീയമായ മത്സരത്തിനൊടുവില്‍ 6-4, 6-1 എന്ന സ്കോറിനായിരുന്നു പെന്നറ്റ 10-ാം സീഡ് വിന്‍സിയെ അട്ടിമറിച്ചത്. ആദ്യസെറ്റില്‍ മാത്രമാണ് റോബര്‍ട്ട വിന്‍സിക്ക് പിടിച്ചുനില്ക്കാന് കഴിഞ്ഞത്.
ഒരു മണിക്കൂറും 16 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ലോക രണ്ടാം നമ്പര്‍ വിക്ടോറിയ അസരങ്ക സ്ലോവാക്യയുടെ ഡാനിയേല ഹന്റുച്ചോവയെ കീഴടക്കിയത്. സ്കോര്‍: 6-2, 6-3. ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്ല്യംസും അഞ്ചാം സീഡ് ചൈനയുടെ ലി നായും നേരത്തെ സെമിയില്‍ പ്രവേശിച്ചിരുന്നു. സെമിയില്‍ അസാരങ്ക ഫ്ലാവിയ പെന്നറ്റയുമായും സെറീന വില്ല്യംസ് ലി നായുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: