ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് തലീബ് ലാലി അറസ്റ്റില്‍. ബണ്ഡിപൂരിലെ അജസ് മേഖലയില്‍ നിന്നാണ് ഇയാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ഈ പ്രദേശത്ത് ഹിസ്ബുള്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ സൂചനയെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിലാണ് ലാലിയെ പിടികൂടുന്നത്. ഇയാള്‍ക്കൊപ്പം രണ്ട് ഭീകരര്‍ കൂടി പിടിയിലായിട്ടുണ്ട്. അബ്ദുള്‍ റഷീദ് ലാലി, ഷൗക്കത്ത് അഹമ്മദ് മിര്‍ എന്നിവരാണ് പിടിയിലായ മറ്റ് രണ്ടുപേര്‍.
സൈനികരും ഭീകരരും തമ്മില്‍ ചെറിയ തോതില്‍ വെടിവയ്പ്പുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഭീകര ശൃംഗലയുമായി ആഴത്തിലുള്ള ബന്ധമാണ് 41 കാരനായ ലാലിയ്ക്കുള്ളത്. നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ടായിരുന്നു ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ ഏറെയും. കഴിഞ്ഞ 15 വര്‍ഷമായി ഹിസ്ബുള്‍ മുജാഹിദ്ദീനിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
പിടിയിലാകുമ്പോള്‍ ഭീകരരുടെ പക്കല്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിനായി രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഹിസ്ബുളിന് വേണ്ടി അതിര്‍ത്തിയിലുടനീളം നിരന്തരമായി ധനസമാഹരണ പ്രക്രിയയില്‍ ഇയാള്‍ ഏര്‍പ്പെട്ടിരുന്നതായും പറയപ്പെടുന്നു. എന്‍ഐഎയുടെ പ്രത്യേക കോടതി കഴിഞ്ഞ മാസം ലാലിയെ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
പണം ശേഖരത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ മുഖ സംഘടനയായ ജെകെആര്ടിയുടെ തലവന്മാരായ മഹ്ബൂബ് ഉള് ഹഖ്, സസ്റൂര് ദാര്‍ എന്നിവര്‍ക്കും സുപ്രധാന പങ്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: