ന്യൂയോര്‍ക്ക്: ഗ്രാന്റ്സ്ലാം പോരാട്ടങ്ങളില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍ക്ക് വീണ്ടും കാലിടറി. കഴിഞ്ഞ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ മുട്ടുമടക്കിയ റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറിലാണ് പുറത്തായത്. 19-ാം സീഡ് സ്പാനിഷ് താരം ടോമി റോബ്രഡോയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫെഡറര്‍ക്ക് പുറത്തേക്കുള്ള വഴി തെളിച്ചത്. സ്കോര്‍ 7-6, 6-3, 6-4. രണ്ട് മണിക്കൂറും 24 മിനിറ്റും നീണ്ട മത്സരത്തില്‍ ആദ്യ സെറ്റില്‍ മാത്രമാണ് ഫെഡറര്‍ക്ക് റോബ്രഡോക്കെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞത്.
16 ബ്രേക്ക് പോയിന്റുകളില്‍ രണ്ടെണ്ണം മാത്രമാണ് ഫെഡററിന് സ്വന്തമാക്കാനായത്. നിരവധി പിഴവുകളും ഫെഡറര്‍ക്ക് വിനയായി. തോല്‍വി നിരാശപ്പെടുത്തുന്നതാണെന്നായിരുന്നു മത്സരശേഷം ഫെഡററുടെ പ്രതികരണം.
2002നുശേഷം ആദ്യമായാണ് ഫെഡറര്‍ ഏതെങ്കിലും ഒരു ഗ്രാന്റ്സ്ലാമിന്റെ ഫൈനലിലെത്താതെ പുറത്താകുന്നത്. യുഎസ് ഓപ്പണിന്റെ ചരിത്രത്തില്‍ 2003ന് ശേഷം ആദ്യമായാണ് ഫെഡറര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോലും കാണാതെ പുറത്താകുന്നത്. കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണില്‍ ഫെഡറര്‍ ക്വാര്‍ട്ടറിലാണ് പുറത്തായിരുന്നത്. 2013 ഫെഡററുടെ കരിയറിലെ ഏറ്റവും മോശം സമയമാണ്. നാല് ഗ്രാന്റ്സ്ലാമുകളില്‍ ഒന്നില്‍ പോലും ഫൈനലില്‍ കളിക്കാന്‍ ഫെഡറര്‍ക്ക് കഴിഞ്ഞില്ല. ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതുമാത്രമാണ് ഈ വര്‍ഷത്തെ ഏക നേട്ടം. ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലും ഫെഡറര്‍ പുറത്തായിരുന്നു. കരിയറില്‍ 17 ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ഫെഡററുടെ യുഗം അവസാനിക്കുന്നതിന്റെ സൂചനയായാണ് ടെന്നീസ് ലോകം തുടര്‍ച്ചയായ പരാജയങ്ങളെ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: