ന്യൂദല്‍ഹി: സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടക്കുന്ന എട്ടാമത് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മന്മോഹന് സിംഗ് ഇന്ന് യാത്ര തിരിക്കും. ആഗോള സാമ്പത്തിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാര മാര്‍ഗം കണ്ടെത്തുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ഈ മാസം അഞ്ച്, ആറ് തീയതികളിലാണ് ഉച്ചകോടി നടക്കുക.
ബ്രിക്സ് രാജ്യങ്ങളെന്ന് അറിയപ്പെടുന്ന ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരമാണ് പ്രധാനമന്ത്രിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഉച്ചകോടിയില്‍ ബ്രിക്സ് രാജ്യങ്ങള്‍ തങ്ങളുടെ സ്വന്തം അജണ്ട മുന്നോട്ട് വയ്ക്കാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍ ദര്‍ബനില്‍ വച്ച് ബ്രിക്സ് രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ കരാറില്‍ 100 ബില്യണ്‍ ഡോളറിന്റെ നാണ്യശേഖരം കണ്ടെത്തുന്നതിന് ധാരണയിലെത്തിയിരുന്നു. ഈ രാജ്യങ്ങള്‍ക്ക് സമാനമായ രാജ്യങ്ങളില്‍ സാമ്പത്തികസ്ഥിരത ഉറപ്പ് വരുത്തുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ കറന്‍സിയിലെന്ന പോലെ ചൈനീസ് കറന്‍സിയിലും ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം യുഎസ് ഡോളറിനെതിരായി രൂപയുടെ മൂല്യത്തില്‍ 20 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക ഉത്തേജക നടപടികളില്‍ നിന്നും പിന്മാറുമെന്ന യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്വിപണികളില് നിന്നും വിദേശ നിക്ഷേപം വന്‍തോതില്‍ പിന്‍വലിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ പ്രധാനകാരണം. രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോഴും സാമ്പത്തികവിദഗ്ധനായ പ്രധാനമന്ത്രി മന്മോഹന് സിംഗിന് രൂപയുടെ മൂല്യം നിയന്ത്രിക്കാന്‍ ഫലപ്രദമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ മുന്നോട്ട് വയ്ക്കാന്‍ സാധിച്ചിരുന്നില്ല.
2008 ലെ സാമ്പത്തിക ഉത്തേജക നടപടികളില്‍ നിന്നും ക്രമേണ മാത്രമേ പിന്മാറാവൂ എന്നാണ് ബ്രിക്സ് രാജ്യങ്ങളിലെ നേതാക്കള്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയും ചൈനയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയര്‍ത്തി കാണിക്കുന്ന പ്രശ്നവും ഇത് തന്നെയാണ്.
ആഗോള വളര്‍ച്ച വീണ്ടെടുക്കുക, സമഗ്രമായ വളര്‍ച്ച, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങി ഒട്ടനവധി വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. ഇന്ത്യയ്ക്കും യുഎസിനും പുറമെ അര്‍ജന്റീന, ആസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്, മെക്സികോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, തുര്‍ക്കി, ബ്രിട്ടണ്, യൂറോപ്യന്‍ യൂണിയനുമാണ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: