ന്യൂദല്‍ഹി: വിവരാവകാശ കമ്മിഷണര്‍മാരായി വിരമിച്ച ജഡ്ജിമാരെ മാത്രമേ നിയമിക്കാവൂ എന്ന മുന്‍ ഉത്തരവ് സുപ്രീംകോടതി തിരുത്തി. പുതിയ ഉത്തരവ് പ്രകാരം മാധ്യമ, ശാസ്ത്രരംഗത്തുള്ളവരെയും കമ്മിഷണര്‍മാരായി നിയമിക്കാം. 2012ലെ ഉത്തരവ് നിയമപരമായി തെറ്റായിരുന്നുവെന്ന് കോടതി വിലയിരുത്തി.
വിവരവകാശ കമ്മിഷനുകളുടെ തലപ്പത്ത് ജുഡീഷ്യല്‍ അംഗങ്ങളെ മാത്രമേ നിയമിക്കാവൂവെന്ന് 2012 സെപ്റ്റംബര്‍ പതിമൂന്നിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. സംസ്ഥാനങ്ങളില്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിമാരെയും കേന്ദ്രത്തില്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരെയുമാണ് നിയമിക്കേണ്ടതെന്നായിരുന്നു നിര്‍ദേശം. കമ്മിഷന് മുമ്പിലെത്തുന്ന അപേക്ഷകള്‍ ജുഡീഷ്യല്‍ അംഗം ഉള്‍പ്പെടുന്ന രണ്ടംഗ സമിതിയാണ് പരിശോധിക്കേണ്ടതെന്നും ഉത്തരവിട്ടു.
എന്നാല്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് മുന്‍ ഉത്തരവ് സുപ്രീംകോടതി തിരുത്തിയത്. അപൂര്‍വം കേസുകളില്‍ മാത്രമാണ് ഒരിക്കല്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ സുപ്രീംകോടതി തിരുത്താറുള്ളത്.
പുതിയ ഉത്തരവ് പ്രകാരം കമ്മിഷണര്‍മാരായി ജഡ്ജിമാരെ മാത്രമല്ല പ്രവൃത്തി പരിചയമുള്ള മാധ്യമ, ശാസ്ത്രരംഗങ്ങളിലെ വിദഗ്ധരെയും നിയമിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: