തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ജനജീവിതം ദുഷ്കരമാക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില ഓരോദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഓണക്കാലം തള്ളിനീക്കാന്‍ കൂടുതല്‍ ക്ലേശിക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാര്‍. അരിയും പച്ചക്കറിയും ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം ഓരോദിവസവും വിലകയറിക്കൊണ്ടിരിക്കുകയാണ്. വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികളൊന്നും ഫലംകാണുന്നുമില്ല. ഇതിനുപുറമെയാണ് സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കും നീങ്ങിയത്.
ഓണക്കാലത്ത് ചെലവ് അധികരിക്കുന്നതിനാല്‍ അതിനുള്ള പണം കണ്ടെത്താനാവാതെ സര്‍ക്കാരും നെട്ടോട്ടമോടുകയാണ്. ഓണച്ചെലവുകള്‍ക്കായി കടമെടുക്കുന്നു. ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാധാരണ എല്ലാവര്‍ഷവും നല്‍കിവരുമായിരുന്ന മുന്‍കൂര്‍ ശമ്പളം ഇത്തവണ ഇല്ലാത്തതും സാമ്പത്തിക പ്രതിസന്ധികാരണമാണ്. ശമ്പളത്തിന്റെ 25 ശതമാനം മാത്രം നല്‍കാനാണ് നീക്കം. ഓണവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് 1100 കോടി രൂപയുടെ കടപത്രം ധനവകുപ്പ് ഇറക്കിയിട്ടുമുണ്ട്.
എല്ലാമേഖലയിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. രൂപയുടെ മൂല്യം കുറഞ്ഞതും ഇന്ധനവില ഉയര്‍ന്നതുമെല്ലാം പ്രതിസന്ധി ഇരട്ടിയാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ റവന്യു വരുമാനം കുത്തനെ ഇടിയുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സര്‍ക്കാര്‍ വകുപ്പുകളെല്ലാം പ്രതിസന്ധിയിലാണെങ്കിലും അതിന്റെ ദുരിതം കൂടുതലനുഭവിക്കുക കെഎസ്‌ആര്‍ടിസിയാണ്. കെഎസ്‌ആര്‍ടിസിയില്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാനാവാതെ നട്ടംതിരിയുകയാണ്. ഇനിയെന്തുചെയ്യണമെന്ന ചിന്തയിലാണ് അധികൃതര്‍.
കെടിഡിഎഫ്സിക്കുള്ള കടബാധ്യത 1200 കോടി രൂപ കവിഞ്ഞു. 22 ഡിപ്പോകളുടെ വരുമാനം ഇപ്പോള്‍ നേരിട്ട് കെടിഡിഎഫ്സിക്ക് നല്‍കുന്നു. ഓണത്തിന് ഉല്‍സവബത്ത നല്‍കാന്‍ എട്ടരക്കോടി കടമെടുക്കേണ്ടിവരും. നല്ല വരുമാനമുള്ള ഡിപ്പോകളിലെ പണമാണ് കെടിഡിഎഫ്സിയിലെ വായ്പാ തിരിച്ചടിവിനായി മാറ്റിവയ്‌ക്കുന്നത്. മൂവാറ്റുപുഴ, കൊട്ടാരക്കര, അടൂര്‍ ഡിപ്പോളടക്കം 22 ഡിപ്പോകളിലെ കളക്ഷനാണ് കെടിഡിഎഫ്സിക്ക് നല്‍കുന്നത്.
ഹഡ്കോയുടെ വായ്പ തിരിച്ചടവിനായി മൂന്നു ഡിപ്പോകളിലെയും വാഹന നികുതി അടയ്‌ക്കാനായി രണ്ടു ഡിപ്പോകളിലെയും വരുമാനം നീക്കിവയ്‌ക്കുന്നു. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി മറ്റീവ്ക്കുന്നത് ഏഴ് ഡിപ്പോകളിലെ വരുമാനം. ഇതെല്ലാം പോരാഞ്ഞ് മാസംതോറും 39 കോടി രൂപ വീതം കടമെടുത്താണ് കോര്‍പറേഷന്‍ വണ്ടിയോടിക്കുന്നത്.
ഇപ്പോള്‍ ഇന്ധനവിലവര്‍ദ്ധന കൂടിവന്നതോടെ പ്രതിസന്ധി ഇരട്ടിച്ചു. വില ഇനിയും കൂടുമെന്ന ഭീഷണി കെഎസ്‌ആര്‍ടിസിയുടെ പതനത്തിലേക്കാണ് നീങ്ങുന്നത്. യാത്രാക്കൂലിയടക്കം വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ല. സ്വകാര്യ ബസ്സുകാരുടെ വാദമാണ് ട്രാന്‍സ്പോര്‍ട്ട് മന്ത്രി ആര്യാടന്‍മുഹമ്മദിനും. സ്വകാര്യബസ്സ് ഉടമകള്‍ നടത്തുന്ന സമരം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. ആര്യാടന്റെ തന്നെ വകുപ്പായ വൈദ്യുതി വകുപ്പിന് അധിക വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഡാമുകളില്‍ വെള്ളമുണ്ടെങ്കിലും അധികമായി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാന്‍ ആളില്ലെന്നതാണ് പുതിയ പ്രതിസന്ധി.
എല്ലാം കൊണ്ടും ദുരിതകാലത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. വിലക്കയറ്റം നേരിടാന്‍ വിപണിയിടപെടലിന് 135 കോടി അനുവദിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും അതൊന്നും ഫലവത്താകില്ലെന്നാണ് അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
ആര്‍.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: