ഹൈദരാബാദ്: പരിപാവനമായ ഹിന്ദുക്ഷേത്രങ്ങളിലെ സ്വര്‍ണം സര്‍ക്കാര്‍ കൈക്കലാക്കാന്‍ ശ്രമിച്ചാല്‍ ബിജെപി എന്തുവില കൊടുത്തും തടയുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. കറന്റ് അക്കൗണ്ടില്‍ കുറവ് വന്നത് വന്‍ തോതില്‍ സ്വര്‍ണം, കല്‍ക്കരി, ക്രൂഡ് ഓയില്‍ എന്നിവ ഇറക്കുമതി ചെയ്തതു കൊണ്ടാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല ആര്‍ബിഐയും സ്വര്‍ണ ഇറക്കുമതി നിരുത്സാഹപ്പെടുത്താന്‍ അടുത്ത കാലത്ത് ചില നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതെല്ലാം രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താനായിരുന്നു.
ക്ഷേത്രങ്ങളിലെ സ്വര്‍ണം സര്‍ക്കാര്‍ ഒരിക്കലും കൈക്കലാക്കാന്‍ പാടുള്ളതല്ല. മറിച്ചുള്ള ശ്രമങ്ങള്‍ ദേശവിരുദ്ധമാണ്. അതിനാല്‍ തന്നെ ബിജെപി ശക്തമായി എതിര്‍ക്കും. മാത്രമല്ല കോടതിയില്‍ അത് ചോദ്യം ചെയ്യും. തിരുപ്പതി ക്ഷേത്രത്തെ സ്വര്‍ണം പൂശാന്‍ അവര്‍ ശ്രമിച്ചതാണ്. എന്നാല്‍ കോടതി ഇടപെട്ട് അത് തടയുകയായിരുന്നു, സ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തങ്ങളുടെ കൈവശമുള്ള സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി കട്ടികളാക്കണമെന്ന വിഷയം ക്ഷേത്ര ട്രസ്റ്റികളെ ബോധ്യപ്പെടുത്തുന്നത് എങ്ങനെയെന്ന് ആര്‍ബിഐ ബാങ്കുകളുമായി ചര്‍ച്ച ചെയ്യുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ വിദേശ നാണയ വിനിമയ പ്രതിസന്ധി ഇല്ലായ്മ ചെയ്യണമെന്ന് സര്‍ക്കാര്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നെങ്കില്‍ ആദ്യം ചെയ്യേണ്ടത് രാജ്യത്തിന്റെ നിയന്ത്രണ സ്ഥാനത്തിരിക്കുന്നവരോട് വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണം പിന്‍വലിപ്പിക്കുകയാണ് വേണ്ടതെന്ന് സ്വാമി പറഞ്ഞു.
നേരത്തെ രൂപയുടെ മൂല്യത്തകര്‍ച്ചയും യുപിഎ സര്‍ക്കാരിന്റെ പരാജയവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തവെ വിദേശ കരുതലില്‍ നിന്നും കുറഞ്ഞത് 20 ദശലക്ഷം യുഎസ് ഡോളര്‍ വില്ക്കാന് ആര്‍ബിഐ തയ്യാറാകണമെന്ന് സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെ ഒറ്റയടിക്ക് ചെയ്താല്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 50 ലെത്തുമെങ്കിലും പൂഴ്ത്തിവയ്പ്പുകാര്‍ക്ക് പണം നഷ്ടമാകുമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ പങ്കാളിത്ത നോട്ടുകള്‍ പുറത്തിറക്കിയത് പിന്‍വലിക്കണമെന്നും സ്വാമി അഭിപ്രായപ്പെട്ടു. ഇതാണ് വിദേശനാണ്യ വിനിമയ പ്രതിസന്ധിയുടെ മൂലകാരണം. സെക്യൂരിറ്റീസിലോ എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയിലോ രജിസ്റ്റര്‍ ചെയ്യാത്ത നിക്ഷേപകരും ഹെഡ്ജ് ഫണ്ടുകാരും ഇന്ത്യന്‍ സെക്യൂരിറ്റീസില്‍ നിക്ഷേപിക്കാന്‍ ഇതിനെയാണ് ഉപയോഗിക്കുന്നതെന്നും സ്വാമി വ്യക്തമാക്കി.
ഈ നോട്ടുകളാണ് രൂപയുടെ മൂല്യം ഇടിയുന്നതിന് പ്രധാന കാരണം. അതിനാല്‍ സര്‍ക്കാര്‍ ഇത് നിരുത്സാഹപ്പെടുത്തണം. സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ യുപിഎ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. സര്‍ക്കാരിന്റെ വമ്പിച്ച അഴിമതിയും രൂപയുടെ മൂല്യം ഇടിക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചിട്ടുണ്ടെന്നും സ്വാമി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: