ഇപ്പോ: ഏഷ്യാകപ്പ് ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ ഇന്ന് ദക്ഷിണ കൊറിയയുമായി മാറ്റുരയ്ക്കും. നിലവിലുള്ള ജേതാക്കളായ കൊറിയയെ പ്രാഥമിക റൗണ്ടില്‍ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാവും ഇന്ത്യ ഇന്നിറങ്ങുക. ശക്തരായ മലേഷ്യയെയും നിഷ്പ്രഭമാക്കിയ ഇന്ത്യക്ക് ഇന്ന് മികച്ച പ്രതീക്ഷയാണുള്ളത്. അടുത്തവര്‍ഷം നെതര്‍ലന്‍ഡ്സില്‍ നടക്കുന്ന ലോകകപ്പ് ഹോക്കിയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുകയും ചെയ്ത് ഇന്ത്യ ഇന്നത്തെ കലാശപ്പോരാട്ടത്തിന് തയ്യാറെടുത്തുകഴിഞ്ഞു.
കൊറിയയുടെ ടീം അതിശക്തമാണ്. അവരെ വിലകുറച്ച് കാണുന്ന ഒരു നടപടിയും ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല. ഇന്ത്യന്‍ കോച്ച് റോളണ്ട് ഓള്‍ട്ട്മാന്‍സിന് എതിരാളികളുടെ ശക്തിയും ദൗര്‍ബല്യവും ടൂര്‍ണമെന്റില്‍നിന്നും വ്യക്തമായിട്ടുണ്ട്. ഇതിനനുസരിച്ചുള്ള തന്ത്രമാകും കോച്ച് ഇന്ത്യന്‍താരങ്ങള്‍ക്ക് മുന്നില്‍ രൂപപ്പെടുന്നത്.
രഘുനാഥ്, രൂപീന്ദര്‍പാല്‍ സിംഗ് എന്നിവര്‍ ടൂര്‍ണമെന്റിലുടനീളം ഉജല്വലമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. പരിക്കിന്റെ പിടിയിലായ ഇന്ത്യന്‍ താരങ്ങള്‍ക്ക് പകരമെത്തിയവരും മോശമല്ലെന്ന് തെളിയിച്ചതോടെ ഇന്ത്യയുടെ സ്വപ്നങ്ങള്‍ ചിറക് വിരിച്ചു.
ശക്തരായ പാക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് ദക്ഷിണ കൊറിയ ഫൈനലില്‍ കടന്നിരിക്കുന്നത്. പ്രാഥമിക റൗണ്ടില്‍ ഇന്ത്യയില്നിന്നേറ്റ പരാജയത്തിന് കണക്കുതീര്‍ക്കാന്‍ കൂടിയാവും അവര്‍ കലാശപ്പോരാട്ടത്തിന് ഒരുങ്ങുക. അതിനാല്‍ ഇന്ത്യക്ക് ഇന്ന് കനത്ത വെല്ലുവിളിയാകും നേരിടേണ്ടിവരിക. വേഗതയുടെ പര്യായമായ കൊറിയ ഗ്രൗണ്ട് നിറയുമ്പോള്‍ മികച്ച പ്രകടനത്തിലൂടെ മാത്രമേ അവരെ നിയന്ത്രിക്കാന്‍ കഴിയൂ.
ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയെങ്കിലും കിരീടനേട്ടത്തിലൂടെ അത് തിളക്കമാര്ന്നതാക്കാനാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: