ചരിത്രത്തിന്റെ ഭാഗധേയം തിരുത്തി എഴുതിയ എണ്ണയുടെ ഉറവ് വറ്റിക്കൊണ്ടിരിക്കുന്നുവെന്നത് ഈ നൂറ്റാണ്ടിലെ ഞെട്ടിക്കുന്ന വാര്‍ത്തയാണ്. 41 വര്‍ഷത്തേക്കുള്ള എണ്ണ മാത്രമേ ഭൂമിക്കടിയില്‍ ശേഷിപ്പുള്ളൂ എന്നാണ് ജിയോളജിക്കല്‍ സര്‍വേ പറയുന്നത്. അറബ് നാടുകള്‍ തീക്ഷ്ണമായ പ്രതിസന്ധി അഭിമുഖീകരിക്കുകയും ജനകീയ പ്രക്ഷോഭം കത്തിപ്പടരുകയും ചെയ്യുന്ന അവസരത്തില്‍ നാടിനെ നടുക്കുന്ന മറ്റൊരു വാര്‍ത്ത! പശ്ചിമേഷ്യയില്‍ എണ്ണയുടെ ഉറവ് ഞെട്ടിക്കുന്ന വിധത്തില്‍ വറ്റിക്കൊണ്ടിരിക്കയാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു.
എണ്ണ ഇനി എത്രകാലം? എണ്ണ ഉല്‍പ്പാദന രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂമിക്കടിയില്‍ ഇനി 41 വര്‍ഷത്തേക്കുള്ള എണ്ണ മാത്രമാണുളളത്.
ഭൂഗര്‍ഭത്തില്‍ നിന്ന് മണലാരണ്യത്തിലേക്കുള്ള എണ്ണയുടെ വരവ് ചരിത്രത്തിന്റെ ഗതി മാറ്റി മറിച്ചതാണല്ലോ ഈ നൂറ്റാണ്ടില്‍ നാം കണ്ടത്. ഭൂമിയുടെ തൊലി കീറി പുറത്തുവന്ന ഒരു ദ്രാവകത്തിന് ഭൗതിക ലോകത്തിന്റെ അവസ്ഥ മാറ്റാനുള്ള അത്ഭുത ശേഷിയുണ്ടെന്ന് ലോകം മനസ്സിലാക്കിയതോടെ അറബ് രാജ്യങ്ങള്‍ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറി.
എണ്ണയുടെ പിറവി
ഇരുപതാം നൂറ്റാണ്ടിന്റെ ഉദയത്തോടെ ഈജിപ്തില്‍ എണ്ണ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പശ്ചിമേഷ്യയില്‍ എണ്ണയുടെ ചരിത്രം തുടങ്ങുന്നത്. 1932 ല്‍ ബഹറൈനിലും 1938 ല്‍ സൗദി അറേബ്യയിലെ ജബല്‍ ദഹ്റാന്‍, കുവൈത്തിലെ ബുര്‍ഗാന്‍ എന്നിവിടങ്ങളിലും എണ്ണ കണ്ടെത്തി.
ലോകത്തെ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് പിന്നീട് മരുഭൂമിയില്‍ നാം കണ്ടത്. വരള്‍ച്ചയുടെയും ചൂടിന്റെയും ദുര്‍ദേവതകള്‍ അടക്കി ഭരിച്ചിരിക്കുന്ന ഭൂവിഭാഗങ്ങളില്‍ എണ്ണ എന്ന അപ്സരസ്സ് പ്രത്യക്ഷപ്പെടുകയും തന്റെ മാന്ത്രിക വടി വീശുകയും ചെയ്തതായി പഴമക്കാരായ അറബികള്‍ പറഞ്ഞു.
മുന്‍ മഹാരാഷ്ട്ര മന്ത്രിയും പശ്ചിമേഷ്യന്‍ ചരിത്രത്തിന്റെ ആധികാരിക വക്താവുമായ ഡോ.റഫീഖ് സക്കറിയ ‘എണ്ണ’ എന്ന പുസ്തകത്തില്‍ എഴുതി: എണ്ണ എന്ന ഇന്ധനം ഒരു സമൂഹത്തിന്റെ ജീവിതം തിരുത്തിയെഴുതിയ കഥയാണ് അറബ് നാടുകളില്‍ നാം കണ്ടത്. സമൃദ്ധിയുടെ അക്ഷയഖനി കണ്ടെത്തിയ ഒരു ജനതയുടെ കഥ-എണ്ണപ്പണത്തിന്റെ താങ്ങോടെ പുരോഗതിയുടെ അത്യുന്നതങ്ങളിലേക്ക് അറബ് ജനത മുന്നേറി. കാലാവസ്ഥയോ ഭൂമി ശാസ്ത്രപരമായോ ആയ അസൗകര്യങ്ങള്‍ അവരെ തളര്‍ത്തുന്നില്ല.
എണ്ണയുടെ മാസ്മര ശക്തി
എണ്ണ ഇന്ധനത്തിന്റെ മാസ്മരശക്തി പാശ്ചാത്യ-പൗരസ്ത്യ ഭേദങ്ങളില്ലാതെ അവികസിതവും വികസ്വരവും സമ്പന്നവുമായ രാഷ്ട്രങ്ങളെ ഗള്‍ഫ് മേഖലയിലേക്ക് കോര്‍ത്തു വലിച്ചു. അതോടൊപ്പം അറബികളുടെ പൊതു സ്വത്തായ എണ്ണപ്പാടത്തില്‍ സ്വാധീനം ചെലുത്താനും എണ്ണയുടെ ക്രയവിക്രയത്തില്‍ പിടിമുറുക്കാനുമുള്ള പാശ്ചാത്യശക്തികളുടെ ശ്രമം ഗള്‍ഫ് മേഖലയെ സ്ഫോടനാത്മകമായ അവസ്ഥയിലെത്തിച്ചു. എണ്ണയുടെ സമൃദ്ധി പൂത്തുനില്ക്കുന്ന ഗള്‍ഫ് മേഖല തങ്ങളുടെ വലയത്തിലാക്കുക എന്ന ബിസിനസ് എക്കോണമിയുടെ പരാക്രമങ്ങളാണ് മദ്ധ്യപൗരസ്ത്യ ദേശത്ത് പിന്നീട് അരങ്ങേറിയത്.
പശ്ചിമേഷ്യയില്‍ നടന്ന എല്ലാ യുദ്ധങ്ങളുടെയും അടിസ്ഥാന കാരണം എണ്ണയാണെന്ന് സെന്റര്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് സ്റ്റഡീസ് പഠനത്തില്‍ സൂചിപ്പിക്കുന്നു.
ഒന്നാം ഗള്‍ഫ് യുദ്ധത്തെക്കുറിച്ച് മിലാന് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലെ കണക്കുകള്‍ ഇങ്ങനെ: 1991 ലെ ഗള്‍ഫ് യുദ്ധത്തിന്റെ ചെലവ് നാല്‍പ്പത് ബില്യന്‍ ഡോളര്‍. ഈ തുകയില്‍ പത്ത് ബില്യന്‍ അമേരിക്കയും മുപ്പത് ബില്യന്‍ കുവൈത്ത്, സൗദി അറേബ്യ എന്നിവര്‍ സംയുക്തമായും ചെലവഴിച്ചു. അവര്‍ ഈ തുക കണ്ടെത്തിയത് പെട്രോളിന്റെ വില ഭീമമായി വര്‍ധിപ്പിച്ചുകൊണ്ടായിരുന്നു. അമേരിക്ക മുടക്കിയ പത്ത് ബില്യന്‍ ഡോളര്‍ എണ്ണ വിലയില്‍ പ്രത്യേകം കിഴിവ് നേടിക്കൊണ്ട് തന്ത്രപൂര്‍വം അവര്‍ വസൂലാക്കി എടുത്തു എന്നത് ചിത്രത്തിന്റെ മറ്റൊരു വശം.
അറബ് ലോകത്ത് ആശങ്ക
എണ്ണയുടെ ഉറവ വറ്റിക്കൊണ്ടിരിക്കയാണെന്നും ലോകത്താകെ ഇപ്പോള്‍ 1.24 ലക്ഷം കോടി ബാരല്‍ എണ്ണ നിക്ഷേപം മാത്രമാണുള്ളതെന്നും ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ഇന്നത്തെ ഉപയോഗമനുസരിച്ച് 41 വര്‍ഷത്തേക്കുള്ള എണ്ണ മാത്രം. ഇതില്‍ 21.3 ശതമാനം സൗദി അറേബ്യയിലാണ്. (26420 കോടി ബാരല്‍ എണ്ണ) രണ്ടാം സ്ഥാനത്ത് ഇറാന് 11.2 ശതമാനം (13840 കോടി ബാരല്‍) ഇറാഖ് 9.3 ശതമാനം (11500 കോടി ബാരലുമായി) മൂന്നാം സ്ഥാനത്ത് നില്ക്കുന്നു. കുവൈത്തില്‍ 10150 കോടി ബാരലും യുഎഇയില്‍ 9780 കോടി ബാരലുമുള്ളത്. യുഎഇയുടെ എണ്ണ നിക്ഷേപത്തില്‍ തൊണ്ണൂറ്റഞ്ച് ശതമാനം അബുദാബിയിലും നാല് ശതമാനം ദുബായിലുമാണ്.
എണ്ണയുടെ വിനിയോഗത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഓരോ ദിവസവും ലോകമെങ്ങും ഉപയോഗിക്കുന്ന എണ്ണയുടെ കാല്‍ഭാഗത്തോളം തീര്‍ക്കുന്നത് യുഎസ് ആണ്. രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ ഉപയോഗം 9.5 ശതമാനം. ജപ്പാനു പിന്നില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ 3.3 ശതമാനം.
ദേശീയതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പെട്രോള്‍ വിലയിടിവ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടല്‍, ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് തുടങ്ങിയ വസ്തുതകള്‍ എണ്ണ ഉല്‍പ്പാദന രാജ്യങ്ങളുടെ ഭരണാധികാരികളില്‍ ആശങ്ക വളര്‍ത്തിയിരിക്കയാണ്. ‘ഗള്‍ഫില്‍ ഇനി എന്ത്?’ എന്ന ലേഖന പരമ്പരയില്‍ “മിഡില്‍ ഈസ്റ്റ് ഡൈജസ്റ്റ്” പത്രാധിപര്‍ ഡോ.ക്രിസ്റ്റോഫര്‍ മാക്റത്ത് വിശദീകരിക്കുന്നു.
ഈ പ്രതിസന്ധി മുന്‍കൂട്ടി മനസ്സിലാക്കി ഇത് അതിജീവിക്കാനുള്ള മാര്‍ഗങ്ങളും എണ്ണ രാജ്യങ്ങള്‍ തേടിക്കൊണ്ടിരിക്കയാണ്. വിദേശത്ത് എണ്ണ ശേഖരം വര്‍ധിപ്പിക്കാനുള്ള പദ്ധതിക്ക് കുവൈത്ത് രൂപം നല്കി വരുന്നു. ചൈനയിലും വിയറ്റ്നാമിലും എണ്ണ സംസ്കരണ ശാലകളുടെ നിര്‍മാണം കുവൈത്ത് ആരംഭിച്ചു കഴിഞ്ഞു. അമേരിക്ക ഇറാനെ അക്രമിക്കുമെന്നുള്ള ഭീതിയാണ് ഇത്തരമൊരു നടപടിയെക്കുറിച്ച് ചിന്തിക്കാന്‍ കുവൈത്തിനെ പ്രേരിപ്പിക്കുന്നത്. അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഹോര്‍മിസ് കടലിടുക്കുവഴിയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെടും. പ്രതിദിനം 17 ലക്ഷം വീപ്പ എണ്ണയാണ് കുവൈത്ത് ഹോര്‍മിസ് കടലിടുക്കുവഴി അയക്കുന്നത്.
പൈക്കിന്നു അമ്പത്
എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടനയായ പൈകിന്നു അമ്പത് വര്‍ഷം തികയുന്നതിനോടനുബന്ധിച്ച് ചേര്‍ന്ന ജൂബിലി ആഘോഷ ചടങ്ങിലെ പ്രധാന ചര്‍ച്ച എണ്ണയുടെ ഭാവിയെക്കുറിച്ചായിരുന്നു. പുതിയ മാറ്റങ്ങള്‍ വിലയിരുത്തുമ്പോള്‍ എണ്ണ വരുമാനത്തില്‍ മാത്രം ശ്രദ്ധയൂന്നി മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നാണ് പൈക് മേധാവിയും മുന്‍ ലിബിയന്‍ ഓയില്‍ മന്ത്രിയുമായ അബ്ദുള്ള അല്‍ബദരി ഒപെക് സമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത്. “എക്കാലവും കിട്ടാവുന്ന വിഭവമല്ല എണ്ണ. അതിന് പരിമിതിയുണ്ട്. എടുക്കും തോറും തീര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഇന്ധനത്തില്‍ നിന്നുള്ള വരുമാനം മാത്രം ആശ്രയിച്ചുകൊണ്ട് മുന്നോട്ട് പോകാനും ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കാനും ശ്രമിക്കുന്നത് ബുദ്ധിയല്ല. എണ്ണ വരുമാനം മറ്റു വരുമാന സ്രോതസ്സുകള്‍ ഉണ്ടാക്കാന്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. വ്യവസായം, ടൂറിസം, പാരമ്പര്യേതര ഊര്‍ജം തുടങ്ങിയ മേഖലകളെ വളര്‍ത്തിക്കൊണ്ടുവരാന്‍ എണ്ണയില്‍നിന്നുള്ള വരുമാനം ഉപയോഗപ്പെടുത്താനുള്ള ശ്രമം നടത്തണം.”
എണ്ണ ഖാനനം ആശങ്കാജനകമാം വിധം നിലച്ചുകൊണ്ടിരിക്കയാണെന്നും ഈ നൂറ്റാണ്ടിലെ ഏറ്റവും ഞെട്ടിക്കുന്ന വാര്‍ത്തയാണിതെന്നും വിശദീകരിച്ചുകൊണ്ട് ഗവേഷകനും പശ്ചിമേഷ്യയിലെ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. സഅദ് അല്ഖുബൈസ് “അറേബ്യന്‍ മിറര്‍” എന്ന പ്രസിദ്ധീകരണത്തിലെഴുതിയ ലേഖനത്തിലെ വരികള്‍ നമ്മെ ഞെട്ടിക്കുന്നു. ലേഖനത്തിന്റെ അവസാനം എഴുതിയ കവിതാ ശകലങ്ങള്‍ താഴെ ചേര്‍ക്കുന്നു.
“മണലാരണ്യത്തില്‍ എണ്ണപ്പാടങ്ങള്‍
അവയില്‍ ലോകത്തെ വിഴുങ്ങുന്ന എണ്ണ ടാങ്കുകള്‍
തീ തൂപ്പുന്ന പുകക്കുഴലുകള്‍; യന്ത്രങ്ങളുടെ ആരവങ്ങള്‍!
എണ്ണ നിലച്ചാല്‍!
കറുത്ത പാലിന്റെ കറവ വറ്റിയാല്‍!
പുക നിലച്ച കൂടാരങ്ങളില്‍ വറുതിയുടെ നോവുകള്‍…”
ആറ്റക്കോയ പള്ളിക്കണ്ടി (ലേഖകന്‍ ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ചെയര്‍മാനാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: