കോഴിക്കോട്: നെല്ല്യാടി പഞ്ചായത്തിലെ കണയങ്കോട് മീത്തല്‍ ചാത്തുവിന്റെ മൃതദേഹം സംസ്കരിക്കുന്നത് ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ മുടങ്ങി.
ശ്മശാനത്തില്‍ ആധാര്‍കാര്‍ഡ് കാണിക്കാനാവാത്തതിനാല്‍ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയി. ആധാര്‍കാര്‍ഡ് സംഘടിപ്പിക്കുന്നതുവരെ വീട്ടില്‍ ശീതീകരണിയില്‍ മൃതദേഹം സൂക്ഷിക്കും. പേടിക്കണ്ട. ഇത്തരമൊരു വാര്‍ത്ത അധികം വൈകാതെ പത്രങ്ങളിലും ചാനലിലും വെബ്സൈറ്റിലും കണ്ടാല്‍ അത്ഭുതപ്പെടാനില്ല.അത്തരമൊരു സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.സാധാരണക്കാരനെ അങ്ങേയറ്റത്തെ ദുരിതത്തിലേക്കു തള്ളിവിടുന്ന ഒരു ഏര്‍പ്പാടായി ആധാര്‍കാര്‍ഡ് മാറിയിട്ടുണ്ട് എന്നത് വ്യക്തം. ഒരു പക്ഷെ, സര്‍ക്കാറിന് സാധാരണക്കാരോട് അതിയായ സ്നേഹം തോന്നിയതു കൊണ്ടാകും ഇമ്മാതിരിയൊരു സംഗതിക്ക് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. സാധാരണക്കാരന്റെ അവകാശം എന്നാണല്ലോ സര്‍ക്കാര്‍ ഇതിനെവിശേഷിപ്പിക്കുന്നത്.
അര്‍ഹതപ്പെട്ടവര്‍ അര്‍ഹിക്കുന്ന ഇളവുകള്‍ അവര്‍ക്കു തന്നെ കിട്ടണമെന്ന ഉദ്ദേശ്യത്തോടെയാണത്രെ ആധാര്‍ നിര്‍ബ്ബന്ധമാക്കിയത്.നന്ദന് നിലേകനി എന്ന ബ്യൂറോക്രാറ്റിനെ ഇതിന്റെ എല്ലാമായി അവരോധിക്കുകയുംചെയ്തു. ചുക്കും മുളകും എന്താണെന്നറിയാത്ത ഉദ്യോഗസ്ഥവൃന്ദങ്ങള്‍ ഫയലുകളില്‍ എന്ത് എഴുതിവെച്ചാലും അതിന്റെ ദുരിതം ഏറ്റുവാങ്ങേണ്ടിവരുന്നത് പാവം ഇവിടുത്തെ സാധാരണക്കാരാണ്. അവര്‍ക്ക് നേരെചൊവ്വേ ആധാര്‍കാര്‍ഡ് പോലുള്ളവ നല്‍കാതെ കുരങ്ങുകളിപ്പിക്കുകയാണ്. ഏറ്റവും വലിയദുരന്തം ഉണ്ടാവാന്‍ പോവുന്നത് ഗ്യാസ് വിതരണമേഖലയിലാണ്. ഒരു സിലിണ്ടറിന് ഇളവുകഴിച്ചുള്ള തുക ഏതാണ്ട് 445 രൂപവരും. നിശ്ചിത തിയ്യതിക്കകം (അത് ആഗസ്ത് 31, നവംബര്‍ 30 എന്നൊക്കെ പറയുന്നു) ആധാര്‍ കാര്‍ഡ് ബന്ധപ്പെട്ട ഏജന്‍സിയിലും അക്കൗണ്ടുള്ളബാങ്കിലും എത്തിച്ചില്ലെങ്കില്‍ സബ്സിഡി ക്ലോസ്. മാര്‍ക്കറ്റ് വിലയില്‍ (ഏതാണ്ട് 980 രൂപ) അത് വാങ്ങേണ്ടിവരും.
നൂറ്റിയിരുപതുകോടി ജനസംഖ്യയില്‍ കാല്‍ശതമാനത്തിനുപോലും മേപ്പടികാര്‍ഡ് വിതരണംചെയ്തിട്ടില്ല. ഫോട്ടോയും വിവരവും നല്കിയ മറ്റൊരു കാല്‍ശതമാനത്തിന് കാര്‍ഡ്കിട്ടിയിട്ടില്ല. ഇതൊന്നും നടക്കാത്തസ്ഥിതിക്ക് ഉഗ്രശാസനവുമായി അധികാരിമാര്‍ നില്ക്കുന്നു. അതിനിടെ കേന്ദ്രമന്ത്രിരാജീവ് ശുക്ല പറയുന്നു ഗ്യാസ് സബ്സിഡിക്ക് ആധാര്‍ നിര്‍ബ്ബന്ധമാക്കില്ലെന്ന്. എന്നാല്‍ ആ വാദഗതികള്‍ തള്ളിക്കൊണ്ട് കാളക്കൂറ്റന്മാരായ പെട്രോളിയം മന്ത്രാലയം കണ്ണുരുട്ടിപേടിപ്പിക്കുന്നു. ആധാര്‍ ഇല്ലെങ്കില്‍ സബ്സിഡിയും ഇല്ല എന്നാണ് അവരുടെ നിലപാട്. പാവം ജനങ്ങള്‍ ആരെ വിശ്വസിക്കണം. എന്തിനും ഏതിനും ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്ന സംവിധാനമാണെങ്കില്‍ ചുരുങ്ങിയപക്ഷം തൊണ്ണൂറു ശതമാനം പേര്‍ക്കെങ്കിലും ആയത് കിട്ടിയ ശേഷമല്ലേ ഇത്തരം നിബന്ധനകള്‍വെക്കാവൂ.സാധാരണജനങ്ങളെ കൂട്ടക്കൊള്ളയടിക്കാനുള്ള എണ്ണക്കമ്പനികളുടെ അജണ്ടയ്ക്ക് സര്‍ക്കാര്‍ ഒത്താശചെയ്യുന്നത് എന്തിന്? ഉത്തരവാദപ്പെട്ട മന്ത്രിയുടെ ഉറപ്പ് കാറ്റില്‍ പറത്താന്‍ ഒരു മന്ത്രാലയം തയാറാവുന്നതെന്തുകൊണ്ട്?
നേരത്തെ ജൂനിയര്‍ഗാന്ധി (ക്ഷമിക്കണേ) ഒരു സംഗതിചൂണ്ടിക്കാണിച്ചിരുന്നു. ഇതൊരു ബനാന റിപ്പബ്ലിക്കാണെന്ന്. പ്രധാനമന്ത്രിപദമേറാന്‍ കോപ്പുകൂട്ടുന്ന ടിയാന്റെ മനസ്സിലിരിപ്പ് അമ്മയുടെ പൂര്‍വാശ്രമരാജ്യത്തെക്കുറിച്ചാണെന്ന് അന്‍ഞ്ചിലരൊക്കെ അഭിപ്രായപ്പെട്ടു. എന്നാല്‍ പത്ര- മാധ്യമ പരസ്യങ്ങളും മറ്റുംകാണുമ്പോള്‍ അറിയാതെ നമുക്കും തോന്നിപ്പോകുന്നു ഇവിടമൊരു ബനാന റിപ്പബ്ലിക്കായോ എന്ന്. അവശരെയും ആര്‍ത്തരെയും കൈപിടിച്ചുകയറ്റാനുള്ള ഒരുപാധി എന്ന നിലയ്ക്കാണ് സബ്സിഡി ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ജനാധിപത്യരാജ്യത്ത് നിലനില്‍ക്കുന്നത്. കുറെയേറെ അസ്വസ്ഥതകളും മറ്റും നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരു വിധത്തില്‍ അതൊക്കെ നടന്നുപോകുന്നുണ്ട്. അതൊക്കെ അട്ടിമറിക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചന കുറെകാലമായിസജീവമാണ്. അത്തരം ഒരു രഹസ്യ ഏര്‍പ്പാട് ആധാര്‍കാര്‍ഡിന്റെ കാര്യത്തിലും അത് ഗ്യാസ് സബ്സിഡിക്കായി ബന്ധപ്പെടുത്തുന്നകാര്യത്തിലും വന്നിട്ടില്ലേ എന്നസംശയം അസ്ഥാനത്തല്ല. നൂലാമാലയൊന്നും വേണ്ട മാര്‍ക്കറ്റ് വിലയ്ക്ക് സാധനം വാങ്ങാം എന്ന് കുറച്ചുപേര്‍ക്കെങ്കിലും തോന്നിയാല്‍ സര്‍ക്കാറിന് അത് ഗുണപ്രദമാവും. എണ്ണക്കമ്പനികള്‍ ഒന്നുകൂടി തടിച്ചുവീര്‍ക്കും. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള അന്ത്യശാസനം എത്തിയസ്ഥിതിക്ക് അവര്‍ വര്‍ധിതവീര്യരായി നിലകൊള്ളുന്നു.
കേന്ദ്രമന്ത്രി ഒന്നു പറയുന്നു, മന്ത്രാലയം മറ്റൊന്നു പറയുന്നു, എണ്ണക്കമ്പനികള്‍ ഇതൊന്നും പോരാതെ മറ്റ് പല രേഖകളും ആവശ്യപ്പെടുന്നു. ചില ഗ്യാസ് ഏജന്‍സികള്‍ നിശ്ചിത ഫോട്ടോസ്റ്റാറ്റ് കടകളില്‍ നിന്നുതന്നെ രേഖകളുടെ പകര്‍പ്പെടുക്കാന്‍ നിര്‍ബന്ധിക്കുന്നു. സാധാരണയിലും നാലും അഞ്ചും ഇരട്ടി പണമാണ് ഇവിടങ്ങളില്‍ ഈടാക്കുന്നത്. ഈ കൂട്ടക്കൊള്ളയടിയെക്കുറിച്ച് ചോദിച്ചാല്‍ “500 രൂപ സബ്സിഡിയായി അക്കൗണ്ടില്‍ കാലാകാലം എത്തില്ലേ.
മുപ്പതു രൂപ ഞങ്ങള്‍ക്കു തന്നാല്‍ പ്രശ്നം എന്താ?”എന്നാണ് അത്തരക്കാരുടെ മറുചോദ്യം. അപ്പോള്‍ നമുക്കു തോന്നുന്നില്ലേ ജൂനിയര്‍ ഗാന്ധിപറഞ്ഞ ബനാന റിപ്പബ്ലിക് എത്ര ശരിയെന്ന്. പക്ഷേ, വേണ്ട. നമുക്ക് ആ ബനാന റിപ്പബ്ലിക്കാവേണ്ട. ഗാന്ധിജി സ്വപ്നം കണ്ട റിപ്പബ്ലിക് മതി. സാധാരണക്കാര്‍ക്കു പോലും പ്രാപ്യമാവുന്ന രാമരാജ്യറിപ്പബ്ലിക്. അത് നന്ദന്‍നിലേകനിയും അദ്യത്തിന്റെ ഒത്താശക്കാരും അവര്‍ക്ക് പിന്തുണനല്‍കുന്നവരും കൊണ്ടുവരുമെന്ന് തോന്നുന്നില്ല. അതിന് കഠിനപരിശ്രമം വേണ്ടിവരും. ആ പരിശ്രമം 2014 ല്‍ പൂവണിഞ്ഞാല്‍ രൂപയെ ആഴക്കയത്തില്‍ നിന്ന് ഉയര്‍ത്തിയെടുക്കാം, കുരങ്ങുകളിപ്പിക്കുന്ന ആധാര്‍ കാര്‍ഡിനെ വരുതിയില്‍ നിര്‍ത്താം,ഏറ്റവും കുറഞ്ഞത് മനസ്സമാധാനത്തോടെ കിടന്നുറങ്ങാം.
വോട്ടിലേക്ക് ഒരു അരി ദൂരം എന്നു പറയാമോ എന്നറിയില്ല, നമ്മുടെ പ്രമാദമാന ഭക്ഷ്യസുരക്ഷാബില്‍ ലോക്സഭപാസ്സാക്കിയെന്നു കേള്‍ക്കുന്നു. സാധാരണക്കാരന് അരിയും പരിപ്പും ചുമ്മാകിട്ടിയാല്‍ ജീവിതം കുശാല്‍ എന്ന രീതിയിലേക്കു പോവുമെന്നാണ് ജൂനിയര്‍ ഗാന്ധിയുടെ ആളുകള്‍ കരുതുന്നത്. മേപ്പടി സാധനങ്ങള്‍ സ്റ്റോറില്‍ നിന്ന് (റേഷന്‍കടയെന്ന് നാട്ടുപേര്), സഞ്ചിയിലാക്കുമ്പോള്‍ മനസ്സില്‍ എന്താവണം തെളിയേണ്ടതെന്ന് അറിയുമോ? ഇല്ലെങ്കില്‍ അത് ദഹിന്ദു വില്‍ (ആഗസ്റ്റ് 28) കേശവ് വരച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് എന്നല്ല എന്നത്തെ കാലത്തും ഒരു വോട്ട്പിടിക്കുക എന്നു പറഞ്ഞാല്‍ വല്ലാത്ത ബുദ്ധിമുട്ടുള്ളഏര്‍പ്പാടാണ്. അത് ചുളുവില്‍ തരപ്പെടുത്തുക എന്നതും ഒരു രാഷ്ട്രീയമല്ലേ. അല്ലെങ്കില്‍ രാഷ്ട്രീയം എന്നു പറയുന്നത് രാഷ്ട്രത്തെ സംബന്ധിച്ചതല്ലേ?
രാമരാജ്യത്തിലേക്ക് ഉയരണമെങ്കില്‍ പശിയടങ്ങണം. പശിയങ്ങനെ ചുമ്മാ അടങ്ങുമോ? അതിന് ചില വിദ്യകള്‍ അനിവാര്യം. ഏത് കംപ്യൂട്ടറും ആധുനിക സംവിധാനങ്ങളും വന്നാലും വിശക്കുന്ന വയറിന് ഭക്ഷണം വേണം. ഭക്ഷണം കിട്ടിയശേഷമേ എന്തുമുള്ളൂ. ഇത് തിരിച്ചറിഞ്ഞ ജൂനിയര്‍ ഗാന്ധിയും പരിവാരങ്ങളും കണ്ടെത്തിയ വിദ്യക്കെതിരെ പറയാന്‍ ഏറെയുണ്ടെങ്കിലും ഭക്ഷണ പ്രശ്നമല്ലേ നടക്കട്ടെ എന്ന് സമാധാനിക്കുക. രൂപയുടെ മൂല്യം പടവലങ്ങയുടെ രീതിയില്‍ ആയസ്ഥിതിക്ക് മേപ്പടി സാധനം കൊടുത്ത് ഇനിയുള്ള കാലം എന്തെങ്കിലും വാങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇനി ഭക്ഷ്യ സുരക്ഷയുടെ പേരില്‍ വല്ലതും കിട്ടിയാലായി. ഇനി അതും ആധാര്‍ കാര്‍ഡിന്റെ പരുവത്തിലാവുമോ എന്തോ?
ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് വര്‍ധിച്ചുവരുന്ന പിന്തുണകണ്ട് കെപിസിസിയും ആ വഴിക്ക് പോകാമെന്നുവെച്ചു . കാര്യം നല്ലതല്ലേ എന്നു കരുതി കാലികവട്ടം കഴിഞ്ഞതവണ അഭിനന്ദനവും ചൊരിഞ്ഞു. ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.
മേപ്പടി വിദ്വാന്മാര് മുന്‍ തീരുമാനത്തില്‍ നിന്ന് പിന്മാറി. ആനപ്പിണ്ടം കണ്ട മുയല് മോഹാലസ്യപ്പെടുകയല്ലാതെ എന്ത് ചെയ്യാന്‍! ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി കുത്തക പൊളിക്കുകയായിരുന്നത്രേ കെപിസിസിയുടെ അജണ്ട. ആഗസ്റ്റ് 28 ന് കേരളത്തിലെ വീഥികളില്‍ ബാലഗോകുലത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞദൃശ്യങ്ങള്‍ കണ്ട് ഏതേതൊക്കെ കെപിസിസിക്കാര്‍ ബോധം കെട്ടിരിക്കാം.. കൃഷ്ണ..കൃഷ്ണ.. കൃഷ്ണ…ഹരേ കൃഷ്ണാ..
തൊട്ടുകൂട്ടാന്‍
പെരുകാലത്തിനെ
ചിരിച്ചു തള്ളുമ്പോള്‍
ഇടയ്ക്കൊരു സാരി-
ത്തലപ്പിന്‍ ചാഞ്ചാട്ടം
കഴുത്തു ലക്ഷ്യമായ്
വരുന്നേരം ഇല്ല
തടുക്കുവാന്‍ തോക്കും
ഭരണകൂടവും!….
മണമ്പൂര്‍ രാജന് ബാബു
കവിത: സാരിക്കാലം
കലാകൗമുദി (സെപ്തം.01)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: