അദ്ധ്യായം-8
പത്ര വായനയില്‍ മുഴുകിയിരിക്കയാല് ഇന്നും കുട്ടികള്‍ എത്തിയത് ഞാന്‍ അറിഞ്ഞില്ല.
“ഞങ്ങള്‍ ഇവിടെയുണ്ടമ്മാവാ! ഒന്നു മുഖമുയര്ത്തണേ! എന്തോ കാര്യമായ വാര്‍ത്തയുണ്ടെന്ന് തോന്നുന്നല്ലോ.” അമൃത പറഞ്ഞു.
“ങാ! നിങ്ങള്‍ വന്നോ? വാര്‍ത്തകള്‍ അനേകമുണ്ട്. പക്ഷേ, സദ്വാര്‍ത്തകള്‍ കുറയുകയാണ്. പലതും മനസ്സില്‍ ദുഃഖവും ഭീതിയും ആശങ്കയും ഉളവാക്കുന്നു എന്നതാണ് കുഴപ്പം. ബാങ്കില്‍നിന്നും വിദ്യാഭ്യാസ വായ്പ കിട്ടാഞ്ഞതിനാല്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരിക്കുന്നു!”
കഷ്ടമായിപ്പോയി. അവരെ സഹായിക്കാനോ മറ്റു വഴികള്‍ നിര്‍ദ്ദേശിച്ചു ആശ്വസിപ്പിക്കാനോ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു, അല്ലേ അമ്മാവാ? പ്രസാദ് ചോദിച്ചു.
ഒരു പരിധിവരെ എന്നു പറയാം. കാലം അതാണ്. ഇന്നലെ നാം കവിയായ ഇടപ്പള്ളിയുടെ ആത്മഹത്യയിലാണല്ലോ നിര്‍ത്തിയത്. തന്റെ പ്രണയത്തെപ്പറ്റി അദ്ദേഹം ചങ്ങമ്പുഴയോട് പറഞ്ഞിരുന്നു. പണമുള്ള വീട്ടിലെ പെണ്ണാണ്. വിവാഹം നടക്കാന്‍ തടസ്സങ്ങളുണ്ട് എന്നും മറ്റും. അതിന് ഉപദേശ രൂപേണ ചങ്ങമ്പുഴ ഇങ്ങനെ എഴുതുകയുണ്ടായത്രെ.
നിസ്സാരമായൊരു പെണ്ണു മൂലം
നിത്യനിരാശയില്‍ നിന്റെ കാലം
ഈവിധം പാഴാക്കുകെന്നതാണോ
ജീവിതധര്മമെന്നോര്ത്തു നോക്കൂ.
ഈ വരികള്‍ ചങ്ങമ്പുഴയുടെ ‘രമണന്’ എന്ന കാവ്യത്തിലും ഉള്‍ച്ചേര്‍ന്നു കിടപ്പുണ്ട്. അതിലെ ആദ്യവരി നിസ്സാരമായൊരു പെണ്ണുമൂലം എന്നത് മാറ്റി വായ്പ മൂലം, വാശി മൂലം, വഴക്കു മൂലം, പേടി മൂലം, സംശയം മൂലം എന്നൊക്കെ ചേര്‍ത്തു പറയാം ഇപ്പോള്‍! ഒറ്റയ്ക്കല്ല, കൂട്ട ആത്മഹത്യകള്‍ തന്നെ നടക്കുകയാണ് എവിടെയും.
ഇക്കാര്യത്തില്‍ ചങ്ങമ്പുഴയെ വേണം മാതൃകയാക്കാന്‍. പലതരത്തിലുള്ള അപമാനങ്ങള്‍ സഹിക്കേണ്ടിവന്നിട്ടും, പണത്തിന് ഏറെ ബുദ്ധിമുട്ടുണ്ടായിട്ടും, ഇടയ്ക്കിടെ മുടങ്ങിപ്പോയിട്ടും അദ്ദേഹം പഠിത്തം തുടര്‍ന്നില്ലേ? വായനയും എഴുത്തും തുടര്‍ന്നില്ലേ?
എന്നാല്‍ ചില പിഴച്ച വഴികളിലൂടെയും ചങ്ങമ്പുഴ സഞ്ചരിച്ചിട്ടുണ്ട്. ആ ജീവിത ഭാഗമൊന്നും നാം നോക്കേണ്ടതില്ല. ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന വിദ്യാര്‍ത്ഥിയെ കണ്ടാല്‍ മതി, കവിയെ കണ്ടാല്‍ മതി; അദ്ദേഹം മുന്നോട്ട് വെച്ച നല്ല നല്ല ആദര്‍ശങ്ങളേയും കണ്ടാല്‍ മതി!
“അമ്മാവാ, രമണന്റെ കഥ പറഞ്ഞില്ലല്ലൊ.” അമൃത ഓര്‍മപ്പെടുത്തി.
“ഓ! ശരിയാണ്. ഇടപ്പള്ളിയുടെ മരണത്തില്‍ അനുശോചിക്കുന്ന ‘തകര്‍ന്ന മുരളി’ എന്ന കവിതയ്ക്ക് ശേഷവും ചങ്ങമ്പുഴയുടെ മനസ്സില്‍ വേദനകള്‍ നീറിക്കൊണ്ടിരുന്നു. ആത്മസുഹൃത്തിനെപ്പറ്റിയുള്ള ഓരോ ഓര്‍മകള്‍ ചിന്തകള്‍, സംഭാഷണ ശകലങ്ങള്‍……. എന്തോ എഴുതാന്‍ ബാക്കിയുണ്ടെന്ന തോന്നല്‍…..
മഹാരാജാസ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായ രാമസ്വാമി മാസ്റ്റര്‍ ചങ്ങമ്പുഴയ്ക്ക് വാത്സല്യപൂര്‍വം ചില പുതിയ കവിതാരീതികള്‍ പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. അതിലൊരെണ്ണം മനസ്സില്‍ ഉയര്‍ന്നുവന്നു. ആരണ്യക വിലാപ കാവ്യം അഥവാ “പാസ്റ്റൊറല്‍ എലിജി” എന്നാണ് അതിന്റെ പേര്. പ്രകൃതി രമണീയമായ വനത്തിന്റെ പശ്ചാത്തലത്തില്‍, ഇടയന്മാരുടെ ഗായകസംഘം കഥ അവതരിപ്പിക്കുന്നതാണ് രീതി. നാടകീയമായ രംഗങ്ങള്‍, കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍….. വിട പറഞ്ഞ സുഹൃത്തിന്റെ സ്മരണയില്‍ ചങ്ങമ്പുഴയുടെ ഹൃദയം തുടിച്ചു; വരികള്‍ പ്രവഹിച്ചു……
മലരണിക്കാടുകള്‍ തിങ്ങി വിങ്ങി
മരതക കാന്തിയില്‍ മുങ്ങി മുങ്ങി,
കരളും മിഴിയും കവര്‍ന്നു മിന്നി,
കറയറ്റൊരാ ലസല്‍ ഗ്രാമഭംഗി!
പുളകംപോല്‍ കുന്നിന് പുറത്തുവീണ
പുതുമൂടല്‍ മഞ്ഞല പുല്കി നീക്കി,
പുലരൊളി മാമല ശ്രേണികള്‍ തന്
പുറകിലായ് വന്നുനിന്നെത്തി നോക്കി.
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം;
ഒരു കൊച്ചു കറ്റ്ങ്ങാന് വന്നു പോയാല്‍
തുരുതുരെപ്പൂമഴയായി പിന്നെ!
“ഇതു ഞാന്‍ കേട്ടിട്ടുണ്ടമ്മാവാ! നല്ല രസമാണ് ചൊല്ലാന്‍. കൂടുതല്‍ വരികള്‍ എനിക്ക് പഠിക്കണം” അമൃത പറഞ്ഞു.
ഈ ഗായകന്മാര് പിന്നെ കഥാപാത്രങ്ങളിലേക്കും അവരുടെ സംഭാഷണങ്ങളിലേക്കും നമ്മെ നയിക്കും. നാലു കഥാപാത്രങ്ങളേയുള്ളൂ. രമണനാണ് നായകന്. അയാള്‍ക്കൊരു കൂട്ടുകാരനുണ്ട് മദനന്. ചന്ദ്രിക എന്ന ധനിക യുവതിയാണ് നായിക. അവള്‍ക്കൊരു തോഴിയുണ്ട്, ഭാനുമതി.
ആട്ടിടയനായ രമണനും ധനവതിയായ ചന്ദ്രികയും പ്രണയബദ്ധരായിരുന്നു. പക്ഷേ, മാതാപിതാക്കള്‍ ചന്ദ്രികയ്ക്ക് വലിയ ഒരു പണക്കാരനുമായി വിവാഹബന്ധം ഉറപ്പിച്ചു. ആദ്യം അതില്‍ എതിര്‍പ്പും വിഷമവും ഉണ്ടായെങ്കിലും അവളുടെ മനസ്സ് അങ്ങോട്ടു തന്നെ ചാഞ്ഞു. അതോടെ നിരാശയിലാണ്ട രമണന് തൂങ്ങി മരിച്ചു എന്നതാണ് കഥ. ഇടപ്പള്ളി രാഘവന് പിള്ളയുടെ ജീവിതവുമായി ഇതിന് സാദൃശ്യമുണ്ട്. ആ സുഹൃത്തിന്റെ പാവനസ്മരണയ്ക്കായിട്ടാണ് കൃതി സമര്‍പ്പിക്കുന്നതെന്നും ചങ്ങമ്പുഴ രേഖപ്പെടുത്തിയിരിക്കുന്നു.
‘രമണന്’പ്രസിദ്ധപ്പെടുത്തുന്നതിന് ആദ്യമാരും സന്നദ്ധത കാട്ടിയില്ല. ചങ്ങമ്പുഴ പലരേയും ചൊല്ലി കേള്‍പ്പിച്ചു. അക്കൂട്ടത്തില്‍ നേരത്തെ പരിചിതനായ എ.കെ.ഹമീദ് എന്ന സുഹൃത്തും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹായത്താല്‍ 1936 ല്‍ തന്നെ ‘രമണന്’ പ്രസിദ്ധീകൃതമായി. വില ആറണ! (38 പൈസ). തുടക്കത്തില്‍ കുറച്ചു കോപ്പികളെ ചെലവായുള്ളൂ. അതില്‍ ഹമീദിന് അല്‍പ്പം വിഷമം തോന്നാതിരുന്നില്ല.
എന്നാല്‍ ചങ്ങമ്പുഴയ്ക്ക് വാശിയാണ് തോന്നിയത്. പുസ്തകക്കെട്ടും പേറി അദ്ദേഹം തിരുവിതാംകൂറിലേക്ക് ഇറങ്ങി. കോളേജുകളിലും വിവിധ സ്ഥാപനങ്ങളിലും കയറി പുസ്തകം വിറ്റു. വാരികകളിലൂടെ കവിതകള്‍ വായിച്ചും മറ്റുള്ളവര്‍ പറഞ്ഞുകേട്ടുമുള്ള പ്രശസ്തി ചങ്ങമ്പുഴയ്ക്ക് തുണയായി. പുസ്തകം വാങ്ങാന്‍ കഴിയാതിരുന്നവര്‍ ഉള്ളവരോട് ചോദിച്ചു വാങ്ങി നോട്ടു പുസ്തകത്തില്‍ പകര്‍ത്തിയെടുത്താണ് പിന്നീട് വായിച്ചതും ചൊല്ലി ആസ്വദിച്ചതും.
കുറച്ചുനാള്‍ക്കുശേഷം മഹാരാജാസ് കോളേജില്‍ തിരിച്ചെത്തുമ്പോള്‍ പണം അധികമായൊന്നും ചങ്ങമ്പുഴയുടെ പക്കല്‍ മിച്ചമുണ്ടായിരുന്നില്ല. പക്ഷേ, രമണന് എഴുതിയ കവി എന്ന പ്രശസ്തിയുടെ പൊന്‍തൂവല്‍ ഉണ്ടായിരുന്നു. മറ്റു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അപ്പോഴും വലിയ ഭാവങ്ങളൊന്നും ചങ്ങമ്പുഴ കാട്ടിയില്ല.
രമണന് ആസ്വാദനങ്ങളും വിമര്‍ശനങ്ങളും ധാരാളം പതിപ്പുകളും ക്രമേണ ഉണ്ടായി. മലയാളത്തിലെ ഒരു മഹാത്ഭുതമായി. അതേപ്പറ്റി ഇവിടെ വിവരിക്കുന്നില്ല. മഹാരാജാസിലെ പഠിത്തം എങ്ങനെയായെന്ന് നോക്കാം.
വായനയുടെ ലഹരിയിലായിരുന്ന ചങ്ങമ്പുഴ കോളേജ് ലൈബ്രറിയും എറണാകുളം പബ്ലിക് ലൈബ്രറിയും മറ്റു വായനശാലകളും അദ്ദേഹം നന്നായി പ്രയോജനപ്പെടുത്തി. പണത്തിന്റെ ബുദ്ധിമുട്ട് തീര്‍ക്കാന്‍ ഹൈസ്കൂളില്‍ ചെയ്തതുപോലെ കൂട്ടുകാര്‍ക്ക് ട്യൂഷനെടുക്കാനും തുടങ്ങി. കോളേജിന് സമീപം ഒരു ട്യൂട്ടോറിയല്‍ കോളേജ് പ്രവര്‍ത്തിച്ചിരുന്നു. അവിടെ അദ്ധ്യാപകനായ ചങ്ങമ്പുഴയെ കുട്ടികള്‍ ഏറെ ഇഷ്ടപ്പെട്ടു-നല്ല അറിവ്, പ്രസംഗ വൈഭവം, ഫലിതവും. അദ്ധ്യാപന ജോലി ചങ്ങമ്പുഴയ്ക്കും ഇഷ്ടമായിരുന്നു. അങ്ങനെ പഠിപ്പിലും പഠിപ്പിക്കലിലും കവിതയെഴുത്തിലും വിജയിച്ചു നില്‍ക്കേ, ഇന്റര്‍മീഡിയറ്റ് വിജയവും ചങ്ങമ്പുഴയ്ക്ക് അനായാസമായി ലഭിച്ചു.
ഇനിയെന്ത് എന്ന കാര്യത്തില്‍ ചങ്ങമ്പുഴയ്ക്ക് അല്പ്പവും സംശയമുണ്ടായില്ല. തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ ബിഎ ഓണേഴ്സിന് ചേര്‍ന്ന് പഠനം തുടരണം. അതിന് സഹായിക്കാന്‍ ഒരു സുഹൃത്തിനേയും കണ്ടുപിടിച്ചു. തന്റെ കവിതകളുടെ നല്ലൊരു ആസ്വാദകനും ആരാധകനുമായ ടി.എന്‍.ഗോപിനാഥന് നായരായിരുന്നു അത്. ബാഷ്പാഞ്ജലി വായിച്ചു ചങ്ങമ്പുഴയെ നേരിട്ടുവന്നു കണ്ടു സൗഹൃദം സ്ഥാപിച്ച ആള്. കത്തിടപാടുകള്‍ നേരത്തെ തുടങ്ങിയിരുന്നു.
പ്രതീക്ഷിച്ചതിലേറെ സഹായം ഗോപിനാഥന് നായരിലൂടെ ലഭിച്ചു. മലയാളം ഓണേഴ്സിനാണ് ചേര്‍ന്നത്. അടുത്തുള്ള നായര്‍ യൂണിയന് ഹോസ്റ്റലില്‍ താമസസൗകര്യവും തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഉദ്യോഗസ്ഥനായ ക്യാപ്ടന് വി.പത്മനാഭന് തമ്പിയില്‍നിന്ന് പഠനച്ചെലവുകളും ഏര്‍പ്പെടുത്തി കിട്ടിയത് ചങ്ങമ്പുഴയ്ക്ക് വലിയ അനുഗ്രഹമായി. മൂന്നുവര്‍ഷം നീണ്ടുനിന്ന തിരുവനന്തപുരം ജീവിതത്തെപ്പറ്റി നാളെ പറയാം, അല്ലേ? എന്ന ചോദ്യവുമായി ഞാന്‍ നിര്‍ത്തി.
അമൃതയും പ്രസാദും യാത്ര പറഞ്ഞ് ഇറങ്ങി.
പി.ഐ.ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: