പാട്ന: ബുധനാഴ്ച പിടിയിലായ കൊടും ഭീകരന് യാസിന് ഭട്കലിനെ ചോദ്യം ചെയ്യുന്നതില്‍ നിന്നും ബീഹാര്‍ പോലീസ് ഒഴിഞ്ഞ് മാറിയത് അന്വേഷണ ഏജന്‍സികളെ അമ്പരിപ്പിച്ചു. ബീഹാറിലെ ദര്‍ബംഗയില്‍ യാസിന് ഭട്കല് ഇന്ത്യന്‍ മുജാഹിദ്ദീന്‍ നല്ല വേരോട്ടമുണ്ടാക്കയിട്ടുണ്ടെന്നാണ് വിവരം.
ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപകരിലൊരാളും 40 സ്ഫോടനക്കേസുകളില്‍ പ്രതിയുമായ യാസിന് ഭട്കലിനെ ചോദ്യം ചെയ്യുന്നതില്‍ നിന്നുമാണ് ബീഹാര്‍ പോലീസ് ഒഴിഞ്ഞുമാറിയത്. ബോധ്ഗയയിലെ സ്ഫോടനങ്ങളില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. യാസിന് ഭട്കലിനാകട്ടെ ബീഹാറില്‍ നല്ല സ്വാധീനമുണ്ട്, പ്രത്യേകിച്ചും ദര്‍ബംഗ ജില്ലയില്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഭട്കലിനെയും കൂട്ടാളിയെയും പ്രത്യേക വിമാനത്തില്‍ ദല്‍ഹിയിലേക്ക് കൊണ്ടുപോയി.
ഭട്കലിനെയും കൂട്ടാളി ഒസദുള്ള അക്തര്‍ എന്ന ഹഡ്ഡിയെയും എന്‍ഐഎ ഉദ്യോഗസ്ഥരെയും വഹിച്ചുകൊണ്ടുള്ള ദല്‍ഹി വിമാനം ജയപ്രകാശ് നാരായണ്‍ വിമാനത്താവളത്തില്‍ നിന്നും ഉച്ചയ്ക്ക് 12.38നാണ് പറന്നുപൊങ്ങിയത്. നേരത്തെ കനത്ത സുരക്ഷാവലയത്തിനുള്ളില്‍ ബിഎംപി ക്യാമ്പില്‍ നിന്നും ഇരുവരെയും മുഖം മൂടിക്കെട്ടിയാണ് വിമാനത്താവളത്തില്‍ എത്തിച്ചത്. ഭട്കലിനും കൂട്ടാളിക്കും വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ആള്ക്കാര് വിമാനത്താവള പരിസരത്ത് മുദ്രാവാക്യം മുഴക്കി.
ഭട്കലിനെയും കൂട്ടാളിയെയും ഇവിടെ നിന്നും മാറ്റാനായി മൂന്നു ദിവസത്തെ സമയം മോത്തിഹരി കോടതിയില്‍ നിന്നും വ്യാഴാഴ്ച എന്‍ഐഎ വാങ്ങിയിരുന്നു. നേപ്പാള്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന് തുടങ്ങിയ സ്ഥലങ്ങളിലെ നീണ്ട അഞ്ചുവര്‍ഷത്തെ ഒളിവുജീവിതത്തിന് ശേഷം ഭട്കലിനെ ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നുമാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: