ന്യൂദല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ബില്ലും ലോക്സഭ ഇന്നലെ പാസാക്കി. നിരവധി ഭേദഗതികളോടെയാണ് ഇന്നലെ രാത്രി സഭയില്‍ ബില്ല് പാസാക്കിയത്. വികസനപദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് നിരവധി നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബില്ലാണ് ഇതോടെ നിയമമാകുന്നത്.
ഇന്നലെ രാവിലെ സഭയില്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ വിഷയം ഉന്നയിക്കുകയും ബഹളത്തില്‍ കലാശിക്കുകയും ചെയ്തു. വിഷയത്തില്‍ പ്രധാനമന്ത്രി ഇന്ന് വിശദമായ പ്രസ്താവന നടത്തുമെന്ന് വ്യക്തമാക്കിയതോടെയാണ് സഭ നടക്കാന്‍ അല്‍പ്പമെങ്കിലും സാഹചര്യമുണ്ടായത്.
അതിനിടെ ഡീസല്‍ വില കുത്തനെ ഉയര്‍ത്താന്‍ പെട്രോളിയം മന്ത്രാലയം തീരുമാനിച്ചിട്ടില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി സഭയില്‍ വ്യക്തമാക്കി. പുതിയ സാമ്പത്തിക സാഹചര്യത്തില്‍ ഡീസലിന് ഓരോ മാസവും 50 പൈസ വീതം വര്‍ദ്ധിപ്പിക്കുമെന്ന തീരുമാനം മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും വീരപ്പമൊയ്ലി പറഞ്ഞു.
പാചകവാതക സബ്സിഡി ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് ധനമന്ത്രി പി.ചിദംബരം സഭയില്‍ വ്യക്തമാക്കി. മൂന്നു മാസത്തിനകം ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതിന്റെ വിവരങ്ങള്‍ പാചകവാതക ഏജന്‍സിക്കു നല്‍കിയില്ലെങ്കില്‍ സബ്സിഡി ലഭ്യമാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
അതിനിടെ എല്‍പിജി സബ്സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ച കേന്ദ്രമന്ത്രി രാജീവ് ശുക്ലക്കെതിരെ എം.പി അച്യുതന് എംപി അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. എല്‍പിജി സബ്സിഡി ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണോ എന്ന ചോദ്യത്തിന് നിര്‍ബന്ധമല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സബ്സിഡി ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് പെട്രോളിയം മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എം.പി അച്യുതന് എംപി അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇതിനു ശേഷമാണ് ധനമന്ത്രി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: