ബാഴ്സലോണ: സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്സലോണക്ക്. ഒരുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ബാഴ്സലോണ സ്പാനിഷ് സൂപ്പര്‍ കാപ്പില്‍ മുത്തമിടുന്നത്. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡിനോട് അടിയറവെക്കേണ്ടി വന്ന കിരീടമാണ് ഇത്തവണ അവര്‍ തിരിച്ചുപിടിച്ചത്. ഇന്നലെ പുലര്‍ച്ചെ ബാഴ്സയുടെ സ്റ്റേഡിയമായ നൗ കാമ്പില്‍ സമാപിച്ച രണ്ടാം പാദ മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയാണ് ബാഴ്സലോണ കിരീടം ഉയര്‍ത്തിയത്. എവേ ഗോളിന്റെ ആനുകൂല്യത്തിലായിരുന്നു ബാഴ്സയുടെ കിരീടധാരണം. സൂപ്പര്‍ കപ്പിന്റെ ചരിത്രത്തില്‍ 11-ാം തവണയാണ് ബാഴ്സ കിരീടം നേടുന്നത്. 81-ാം മിനിറ്റില്‍ അത്ലറ്റികോയുടെ പ്രതിരോധനിര താരം ഫിലിപ്പെ ലൂയിസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്. പിന്നീട് കളിയുടെ ഇഞ്ച്വറി സമയത്ത് ആര്ഡ തുറാനും ചുവപ്പുകാര്‍ഡ് കണ്ട് കളംവിട്ടു. ഈ സീസണില്‍ പരിശീലകനായി ചുമതലയേറ്റ ജെറാര്‍ഡോ മാര്‍ട്ടിനോയ്ക്ക് കീഴില്‍ ബാഴ്സ നേടുന്ന ആദ്യ കിരീടമാണിത്.
അത്ലറ്റികോയുടെ തട്ടകത്തില്‍ നടന്ന ആദ്യ പാദമത്സരത്തില്‍ യുവ സൂപ്പര്‍താരം നെയ്മറുടെ ഗോളിലൂടെ ബാഴ്സ സമനില സ്വന്തമാക്കിയിരുന്നു. നെയ്മര്‍ നേടിയ ഈ ഗോളാണ് ബാഴ്സക്ക് ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം കിരീടം നേടാന്‍ സഹായിച്ചത്. ഇന്നലെ നടന്ന മത്സരത്തില്‍ പരിക്കുമാറി തിരിച്ചെത്തിയ സൂപ്പര്‍താരം ലയണല്‍ മെസ്സി പെനാല്‍റ്റി പാഴാക്കുകയും ചെയ്തു. 89-ാം മിനിറ്റിലാണ് മെസ്സി സ്പോട്ട് കിക്ക് പാഴാക്കിയത്. ഇതോടെ മെസ്സി മത്സരത്തിലെ ദുരന്തനായകനുമായി മാറി. എന്നാല്‍ അത്ലറ്റികോയുടെ രണ്ട് സുവര്‍ണ്ണാവസരങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെടുത്തിയ ബാഴ്സഗോളി വിക്ടര്‍ വാല്ഡസാണ് മത്സരത്തില്‍ സൂപ്പര്‍ ഹീറോ ആയത്.
ഇന്നലെ സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ ആധികാരികമായ വിജയത്തോടെ കിരീടം സ്വന്തമാക്കാനായിരുന്നു ബാഴ്സലോണയെ ശ്രമം. എന്നാല്‍ സൂപ്പര്‍താരങ്ങളായ മെസിയും നെയ്മറുമെലാം കളം നിറഞ്ഞുകളിക്കുമെന്ന പ്രതീക്ഷ മാത്രം നടപ്പായില്ല.
അത്ലറ്റികോ മാഡ്രിഡിന്റെ കെട്ടുറപ്പുള്ള പ്രതിരോധമാണ് ബാഴ്സയുടെ കണക്കുകൂട്ടലുകള്‍ക്ക് കൂച്ചുവിലങ്ങിട്ടത്. അത്യന്തം വാശിയേറിയ മത്സരത്തില്‍ ഇരു ടീമുകളും ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങളാണ് തുറന്നെടുത്തത്. മെസ്സിയും നെയമറും ഇനിയേസ്റ്റയും സാവിയും ഉള്‍പ്പെട്ട ബാഴ്സനിര നിരവധി തവണ അത്ലറ്റികോയെ വിറപ്പിച്ചെങ്കിലും കരുത്തുറ്റ പ്രതിരോധം മറികടക്കാനായില്ല. അതുപോലെ ആക്രമണമാണ് യഥാര്‍ത്ഥ പ്രതിരോധമെന്ന തിരിച്ചറിവില്‍ ഈ സീസണില്‍ അത്ലറ്റികോയിലെത്തിയ ഡേവിഡ് വിയയുടെയും ഡീഗോ കോസ്റ്റയുടെയും ആര്ഡ തുറാന്റെയും കരുത്തില്‍ ബാഴ്സ കോട്ടയില്‍ നിരവധി തവണയാണ് വിള്ളലുണ്ടാക്കിയത്. 35-ാം മിനിറ്റിലും 42-ാം മിനിറ്റിലും അത്ലറ്റികോ ഗോളിന് അടുത്തെത്തുകയും ചെയ്തു. എന്നാല്‍ ബാഴ്സയുടെ വിശ്വസ്ത ഗോളി വിക്ടര്‍ വാല്‍ഡസിന്റെ ഉജ്ജ്വല മെയ്വഴക്കത്തിന് മുന്നില്‍ അത്ലറ്റികോയുടെ ശ്രമങ്ങള്‍ പാഴാവുകയായിരുന്നു.
35-ാം മിനിട്ടില്‍ ഡീഗോ കോസ്റ്റ നല്കിയ പാസ് ഗോളാക്കാനുള്ള ഡേവിഡ് വിയയുടെ നീക്കവും 42-ാം മിനിറ്റില്‍ ആര്ഡ തുറാന്റെ ശ്രമവുമാണ് ബാഴ്സ ഗോള്‍കീപ്പര്‍ വിക്ടര്‍ വാല്‍ഡെസിന് മുന്നില്‍ പാഴായത്.
രണ്ടാം പകുതിയിലും ഇരുടീകളും സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ ആവേശത്തിലാറാടിച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 52-ാം മിനിറ്റില്‍ നെയ്മറുടെ ഒരു ലോംഗ്റേഞ്ച് ഷോട്ട് പുറത്തുപോയി. നാല് മിനിറ്റിനുശേഷം അത്ലറ്റികോയുടെ ഡേവിഡ് വിയയുടെ തകര്‍പ്പന്‍ ഷോട്ട് ബാഴ്സ ഗോളി കുത്തിയകറ്റി. പിന്നീട് 88-ാം മിനിറ്റിലാണ് ബാഴ്സക്ക് പെനാല്‍റ്റി ലഭിച്ചത്. പെഡ്രോയെ ബോക്സിനുള്ളില്‍ വച്ച് മിറാന്‍ഡ വീഴ്ത്തിയതിനാണ് സ്പോട്ട്കിക്ക് ലഭിച്ചത്.
എന്നാല്‍ കിക്കെടുത്ത സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് പിഴച്ചു. പിന്നീട് അവസാന മിനിറ്റുകളില്‍ വിജയത്തിനായി ഇരുടീമുകളും ആഞ്ഞുപൊരുതിയെങ്കിലും വിജയഗോള്‍ മാത്രം വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: