പ്രാഗ്: നിലവിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ കപ്പ് ജേതാക്കളും തമ്മില്‍ ഏറ്റുമുട്ടുന്ന യുവേഫ സൂപ്പര്‍ കപ്പ് പോരാട്ടം ഇന്ന് നടക്കും. ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരായ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കും യൂറോപ്പ ലീഗ് ജേതാക്കളായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയുമാണ് ഇന്ന് ചെക്ക് റിപ്പബ്ലിക്കിലെ ഈഡന് അരീനയില്‍ നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ലോക ഫുട്ബോളിലെ പ്രമുഖ പരിശീലകരായ ഹോസെ മൊറീഞ്ഞോയും പെപ്പ് ഗ്വാര്ഡിയോളം ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം മുഖാമുഖം വരുന്ന പോരാട്ടമെന്ന സവിശേഷതകൂടിയുണ്ട് ഈ സൂപ്പര്‍ പോരാട്ടത്തിന്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.15നാണ് ഈ സൂപ്പര്‍ പോരാട്ടത്തിന് കിക്കോഫ്. 1998-ല്‍ സൂപ്പര്‍ കപ്പ് കിരീടം ചെല്‍സിക്കായിരുന്നു. എന്നാല്‍ ബയേണിന് ഇതുവരെ സൂപ്പര്‍കപ്പ് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല്.
മുന്‍പ് സ്പാനിഷ് ലീഗിലെ സൂപ്പര്‍ ക്ലബ്ബുകളായ റയല്‍ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും പരിശീലകരായിരുന്നു മൊറീഞ്ഞോയും ഗ്വാര്‍ഡിയോളയും. ഇരുവര്‍ക്കും തങ്ങളില്‍ കേമനാരെന്ന് തെളിയിക്കാനുള്ള പോരാട്ടം കൂടിയാണിത്. 2008 മുതല്‍ 2012 വരെ ബാഴ്സയുടെ പരിശീലകനായിരുന്ന ഗ്വാര്‍ഡിയോള ടീമിന് 14 കിരീടങ്ങള്‍ നേടിക്കൊടുത്തതോടെയാണ് സൂപ്പര്‍ പരിശീലകന്മാരുടെ നിരയിലേക്ക് ഉയര്‍ന്നത്. മറുവശത്ത് മൊറീഞ്ഞോ എഫ്സി പോര്‍ട്ടോയെയും ഇന്റര്‍മിലാനെയും യൂറോപ്പിന്റെ ചാമ്പ്യന്മാരാക്കിയതിലൂടെയാണ് പ്രശസ്തനായത്. ചെല്‍സിയില്‍ മൊറീഞ്ഞോക്ക് ഇത് രണ്ടാം ഊഴവുമാണ്. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ 50 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ചെല്‍സിക്ക് ആദ്യ പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്തതും മൊറീഞ്ഞോയുടെ ചാണക്യ തന്ത്രങ്ങളാണ്.
രണ്ട് തവണയാണ് മൊറീഞ്ഞോയുടെ ശിക്ഷണത്തില്‍ ചെല്‍സി ലീഗ് കിരീടം സ്വന്തമാക്കിയത്.2004-05, 2005-06 വര്‍ഷങ്ങളിലായിരുന്നു മൊറീഞ്ഞോയുടെ കീഴില്‍ ചെല്‍സിയുടെ കിരീടധാരണം.
പിന്നീട് റയലിന്റെ പരിശീലകനായിരുന്ന മൊറീഞ്ഞോ ഈ വര്‍ഷമാണ് മൊറീഞ്ഞോ ചെല്‍സിയുടെ പരിശീലകനായി വീണ്ടും സ്ഥാനമേറ്റത്. ബാഴ്സയുടെ പരിശീലകനായിരുന്ന ഗ്വാര്‍ഡിയോള യുപ് ഹെയ്ന്കെസിന്റെ പിന്‍ഗാമിയായാണ് ബയേണിന്റെ പരിശീലകനായി ചുമതലയേറ്റത്. പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് നല്ല തുടക്കമാണ് മൊറീഞ്ഞോയുടെ കീഴില്‍ നേടാന്‍ കഴിഞ്ഞത്. ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയം സ്വന്തമാക്കിയ ചെല്‍സി മൂന്നാം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ പിടിക്കുകയും ചെയ്തു. എന്നാല്‍ ഗ്വാര്‍ഡിയോളയുടെ കീഴില്‍ ബയേണിന്റെ പ്രകടനം ഇനിയും മെച്ചപ്പെട്ടിട്ടില്ല. ബുണ്ടസ് ലീഗില്‍ മുന്ന് മത്സരങ്ങളില്‍ രണ്ട് വിജയം നേടിയെങ്കിലും ദുര്‍ബലരായ ഫ്രീബര്‍ഗിനെതിരെ 1-1 സമനില പാലിക്കേണ്ടിവന്നിരുന്നു.
2011-12 സീസണിലെ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ബയേണിനെ കീഴടക്കിയ ചരിത്രവും ചെല്‍സിക്കുണ്ട്. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബയേണിനെ കീഴടക്കിയാണ് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയത്.
എന്തായാലും രണ്ട് സൂപ്പര്‍ പരിശീലകരുടെ ശിക്ഷണത്തില്‍ ചെല്‍സിയും ബയേണും ഇന്ന് പോരിനിറങ്ങുമ്പോള്‍ വിജയം ആരുടെ പക്ഷത്താകുമെന്നാണ് കായികപ്രേമികളുടെ ആകാംക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: