അഹമ്മദാബാദ്: അഴിമതി പ്രധാനമന്ത്രിപദത്തിന്റെ മാന്യത ഇല്ലാതായതാക്കിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി. അഴിമതി വ്യാപകമായതിനെത്തുടന്ന് പ്രധാനമന്ത്രിപദത്തിന്റെ മാന്യത നശിച്ചെന്നും പ്രധാനമന്ത്രിയുടെ കീഴില്‍ ജോലിചെയ്യുന്നവര്‍ കൂടുതലായി അഴിമതിയില്‍ മുഴുകിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. സബര്‍കാന്താ ജില്ലയില്‍നിന്നും ആരവല്ലിയെ ഒരു പ്രത്യകം ജില്ലയാക്കി വിഭജിച്ചതു സംബന്ധിച്ച് മോദാസയില് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.
അഴിമതിക്കെതിരെ 1974 ല്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ നടന്ന നവ നിര്മാണ് ആന്ദോളനെ ഓര്‍മിപ്പിക്കും വിധം അഴിമതിക്കെതിരേ അതേ ശക്തിയും സ്വാതന്ത്ര്യവും പ്രകടിപ്പിക്കാന്‍ മോദി ജനങ്ങളെ ആഹ്വാനം ചെയ്തു. ” നമ്മളെല്ലാം ഒന്നിച്ചുനിന്ന് നവനിര്‍മാണ്‍ ആന്ദോളനില്നിന്ന് ആവേശമുള്‍ക്കൊണ്ടു പ്രവര്‍ത്തിച്ചാല്‍, ഇന്നത്തെ അഴിമതിക്കാരായ ഭരണകര്‍ത്താക്കളില്‍നിന്ന് നമ്മുടെ രാജ്യത്തിന് സ്വയമേവ മുക്തിയുണ്ടാവു”മെന്ന് അദ്ദേഹം പറഞ്ഞു.വികസനം വെറുമൊരു തെരഞ്ഞെടുപ്പു മുദ്രാവാക്യമല്ലെന്നു പറഞ്ഞ മോദി, “നമ്മുടെ ലക്ഷ്യം വികസനത്തോടൊപ്പം സാധാരണക്കാരന്റെ ജീവിതനിലവാരവും മെച്ചപ്പെടുത്തുകയാണ്. നമ്മുടെ സര്‍ക്കാര്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. ലോകത്തിനു മുഴുവന്‍ അഭിമാനമായ സംസ്ഥാനമായി ഗുജറാത്തിനെ ഉയര്‍ത്തുന്ന ഒരു ദിവസം വരുമെന്നു” വിശ്വാസം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: