ന്യൂദല്‍ഹി: രാജ്യത്തെ ഞെട്ടിച്ച ദല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ സപ്തംബര്‍ പകുതിയോടെ വിധി പ്രഖ്യാപനമുണ്ടായേക്കും. കേസില്‍ അന്തിമ വിചാരണ നടക്കുകയാണിപ്പോള്‍. സപ്തംബര്‍ ആദ്യവാരത്തോടെ വിചാരണ പൂര്‍ത്തിയാകുകയും പകുതിയോടെ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. ദൃക്സാക്ഷി എന്ന നിലയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴിയും പെണ്‍കുട്ടിയുടെ മരണമൊഴിയും സംഭവസ്ഥലത്ത് നിന്നുള്ള ഡിഎന്‍എ സാമ്പിളുകളും മറ്റും പ്രതികള്‍ക്കെതിരെയുള്ള നിര്‍ണ്ണായക തെളിവുകളാണ്.
ഫെബ്രുവരിയില്‍ തുടങ്ങിയ വിചാരണ ഇപ്പോള്‍ 121 ദിവസം പൂര്‍ത്തിയാക്കി. കേസ് മാറ്റി വച്ചതിനാല്‍ 15 ദിവസവും ജഡ്ജി അവധിയിലായിരുന്നതിനാല്‍ 11 ദിവസവും വിചാരണ നടന്നിട്ടില്ല. ആറ് പ്രതികള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിച്ചത് . ഇതില്‍ മുഖ്യപ്രതികളിലൊരാളായ രാം സിംഗ് തീഹാര്‍ ജയിലില്‍ വിചാരണ തടവില്‍ കഴിയവേ തൂങ്ങിമരിച്ചിരുന്നു. മറ്റ് പ്രതികളായ വിനയ് ശര്‍മ്മ, അക്ഷയ് താക്കൂര്‍, പവന് ഗുപ്ത, മുകേഷ് എന്നിവര്‍ക്കെതിരെ കൂട്ടബലാത്സംഗവും കൊലപാതകകുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതിനെതിരെയും ഇവര്‍ക്കെതിരെ കേസുണ്ട്.
കേസിലെ ആറാം പ്രതി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിലാണ് വിചാരണ നേരിടുന്നത്. ഈ മാസം 31ന് ഇയാള്‍ക്കെതിരെയുള്ള കേസില്‍ വിധിയുണ്ടാകുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: