ന്യൂദല്‍ഹി: അയോധ്യയിലെ പരിക്രമ യാത്ര തടഞ്ഞതിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം. രാവിലെ രാജ്യസഭ സമ്മേളിച്ചപ്പോള്‍ തന്നെ സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ അയോധ്യയില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിക്കുകയായിരുന്നു. ഇക്കാര്യം എഴുതിയ ബാനറുകളുമായാണ് സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ രാജ്യസഭയില്‍ എത്തിയത്. തുടര്‍ന്നുണ്ടായ ബഹളത്തില്‍ രാജ്യസഭ പതിനഞ്ച് മിനിറ്റ് നിര്‍ത്തിവച്ചു.
ബാനറുകളുമായി അംഗങ്ങള്‍ സഭയില്‍ എത്തിയതില്‍ രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി അതൃപത്രി അറിയിച്ചു. പരിക്രമ യാത്ര തടഞ്ഞതിനെതിരെ പ്രതിഷേധവുമായി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ളവരാണ് ലോക്സഭയില്‍ രംഗത്ത് എത്തിയത്. ഇത് ശൂന്യവേളയില്‍ ഉന്നയിക്കാമെന്നായിരുന്നു സ്പീക്കര്‍ മീരാകുമാറിന്റെ നിലപാട്. എന്നാല്‍ ബി.ജെ.പി ഇതിനെതിരെ ശക്തമായി രംഗത്തെത്തി. ഇതിനെ പ്രതിരോധിച്ചു കൊണ്ട് സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ രെഗത്തെത്തിയതോട് കൂടി ബഹളം രൂക്ഷമാകുകയായിരുന്നു. തുടര്‍ന്ന് ലോക്സഭ നിര്‍ത്തി വയ്ക്കുന്നതിനായി സ്പീക്കര്‍ അറിയിച്ചു.
യുപിഎ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ഭക്ഷ്യ സുരക്ഷാ ബില്‍ പരിഗണിക്കാനിരിക്കെയാണ് പാര്‍ലമെന്റ് പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയത്. ഈയാഴ്ച എല്ലാ ദിവസവും സഭയില്‍ ഹാജരാകണമെന്ന് കാണിച്ച് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: