മുംബൈ: മുംബൈയില്‍ കൂട്ടമാനഭംഗത്തിന് ഇരയായ വനിതാ മാധ്യമപ്രവര്‍ത്തകയുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മാധ്യമങ്ങള്‍ക്ക് കത്ത് നല്കി. നന്ദി പറഞ്ഞുകൊണ്ടാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മാധ്യമങ്ങള്‍ക്ക് കത്തയച്ചത്.
ദല്‍ഹിയില്‍ പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ പേര് വിവരങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മുംബൈയിലെ പെണ്‍കുട്ടിയെ കുറിച്ചുള്ള വ്യക്തിവിവരങ്ങള്‍ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത് വന്നത്.
മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം മാധ്യമങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്തു. യുവതിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും ബന്ധുക്കള്‍ നന്ദി അറിയിച്ചു. യുവതിയെ ചികിത്സിക്കുന്ന ആശുപത്രി അധികൃതര്‍ക്കും ബന്ധുക്കള്‍ കത്തിലൂടെ നന്ദി പറഞ്ഞു. കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടിയ മഹാരാഷ്ട്ര പോലീസിനും പ്രത്യേക നന്ദി പറഞ്ഞു.
അതേസമയം യുവതിയുടെ ആരോഗ്യനില സാധാരണ നിലയില്‍ തുടരുന്നതായി ജസ്ലോക് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉടന്‍ ആശുപത്രി വിടാനാകുമെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: