രാജ്കോട്ട്: പ്രധാനമന്ത്രി മന്മോഹന് സിംഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി രംഗത്ത്. പ്രധാനമന്ത്രിയും ഇന്ത്യന്‍ കറന്‍സിയും ഒരു പോലെ മൂകമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രൂപ ‘ഉറക്കെ ശബ്ദി’ച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതിന് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു. അതുപോലെയാണ് നമ്മുടെ പ്രധാനമന്ത്രി മന്മോഹന് സിംഗും. ശബ്ദം നഷ്ടപ്പെട്ട അദ്ദേഹം പറയുന്നത് എന്താണെന്ന് നമുക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലെന്നും മോദി പരിഹസിച്ചു.
രാജ്കോട്ടില്‍നിന്ന് വേര്‍പെടുത്തി മോര്‍ബി ജില്ല രൂപീകരിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് നല്കിയ സ്വീകരണ ചടങ്ങിലായിരുന്നു മോഡിയുടെ പ്രസംഗം. രൂപ ഇന്ന് മരണശയ്യയിലാണ്. അതില്‍ എല്ലാവര്ക്കും ആശങ്കയുണ്ട്. ഒരു ഡോക്ടറുടെ സേവനം ആവശ്യമുള്ള സമയമാണിത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ജ്ജീവമാണ്. അധികാരത്തില്‍ വരുമ്പോള്‍ യു.പി.എ പറഞ്ഞത് നൂറു ദിവസത്തിനുള്ളില്‍ പണപ്പെരുപ്പം നിയന്ത്രിക്കുമെന്നായിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല. ഇപ്പോള്‍ സര്‍ക്കാരിനും രൂപയ്ക്കും വിലയില്ലാതായിരിക്കുകയാണ്.
രാജ്യത്തെ നാശത്തില്‍ നിന്ന് രക്ഷിക്കേണ്ട സമയം എത്തിയിരിക്കുന്നു. ജനങ്ങളെ തെറ്റായി നയിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും മോദി പറഞ്ഞു. ഓഗസ്റ്റ് 15നാണ് ഗുജറാത്തില്‍ പുതിയതായി ഏഴു ജില്ലകള്‍ പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ ഭുജില്‍ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രിക്കെതിരേ രൂക്ഷമായ ആക്രമണമാണ് മോദി അഴിച്ചു വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: