ന്യൂദല്‍ഹി: തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച പന്ത്രണ്ട് എം.പിമാരെ സസ്പെന്‍ഡ് ചെയ്തു. അഞ്ച് ദിവസത്തേക്കാണ് സസ്പെന്ഷന്. വകുപ്പ് 374 (9) പ്രകാരം സ്പീക്കര്‍ മീരാകുമാറാണ് എം.പിമാരെ സസ്പെന്‍ഡ് ചെയ്തത്.
സസ്പെന്‍ഡ് ചെയ്ത എം.പിമാരോട് സഭയില്‍ നിന്ന് പുറത്തുപോകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. ആന്ധ്ര വിഭജിച്ച് പ്രത്യേക തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ്സിലെ ഏഴും തെലുങ്കുദേശം പാര്‍ട്ടിയിലെ നാലും എം.പി.മാര്‍ രണ്ടാഴ്ചയായി സഭാനടപടി തടസ്സപ്പെടുത്തുന്നത്. ഇവരെ സസ്പെന്‍ഡ് ചെയ്യാനാവശ്യപ്പെടുന്ന പ്രമേയം ഇന്നലെ കേന്ദ്രമന്ത്രി കമല്‍നാഥ് അവതരിപ്പിച്ചെങ്കിലും പാസാക്കിയിരുന്നില്ല. പ്രതിപക്ഷം പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
ഇന്ന് രാവിലെ സഭ സമ്മേളിച്ചപ്പോല് ഐക്യ ആന്ധ്രയെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എം.പിമാര്‍ ബഹളം തുടങ്ങിയിരുന്നു. ബഹളത്തെ തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. മുംബയില്‍ മാധ്യമ പ്രവര്‍ത്തകയെ കൂട്ടമാനഭംഗം ചെയ്ത സംഭവവും പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കി. ചില എം.പിമാര്‍ ഉത്തര്‍പ്രദേശിലെ പീഡന കണക്കുകളും വിവരിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നായിരുന്നു രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിയുടെ നിര്‍ദ്ദേശം.
സംഭവത്തെ കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്.പി.എന്‍.സിംഗ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: