മുംബൈ: ദക്ഷിണ മുംബൈയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായ 22 വയസുള്ള യുവതിയെ അഞ്ച് പേര് ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. സാരമായി പരുക്കേറ്റ യുവതി മുംബൈയിലെ ജസ്ലോക് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇരുപതോളം പേരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത് വരികയാണ്. പ്രദേശത്തെ ലഹരി സംഘത്തില്‍ പെട്ടുവരാണ് യുവതിയെ പീഡിപ്പിച്ചതെന്ന സൂചനയുണ്ട്. ദക്ഷിണ മുംബൈയിലെ ലോവര്‍ പരേലിലുള്ള ശക്തി മില്‍സിലാണ് നഗരത്തെ നടുക്കിയ സംഭവം നടന്നത്. സുഹൃത്തിനോടൊപ്പം ശക്തി മില്‍സ് കെട്ടിടത്തില്‍ എത്തിയ യുവതിയെ രാത്രി എട്ട് മണിയോടെ അഞ്ച്പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കി മരത്തില്‍ കെട്ടിയിട്ട ശേഷമായിരുന്നു മാനഭംഗം.
രണ്ട് പേര് തന്നെ വലിച്ചിഴച്ച് കെട്ടിടത്തിനുള്ളിലേക്ക് കൊണ്ടുപോയെന്നും മറ്റ് മൂന്ന് പേരെ കൂടി വിളിപ്പിച്ച് പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്കി. പ്രതികളില്‍ രണ്ടുപേര്‍ രൂപേഷ്, എന്നും സാജിദ് എന്നുമാണ് പരസ്പരം വിളിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. യുവതിയുടെയും സുഹൃത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാ ചിത്രം പോലീസ് തയ്യാറാക്കിയിട്ടുണ്ട്.
യുവതിയുടെ സുഹൃത്തിനെ ഇന്ന് രാവിലെ സംഭവ സ്ഥലത്ത് കൊണ്ടുപോയി പോലീസ് തെളിവെടുത്തു. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര് ആര് പാട്ടീല്‍ ഇന്നലെ രാത്രി ആശുപത്രിയിലെത്തി പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു. സംഭവത്തിന് ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ ദല്‍ഹിയില്‍ ഓടുന്ന ബസില്‍ ആറ് പേരുടെ ക്രൂരപീഡനത്തിന് ഇരയായി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. ഈ കേസിന്റെ വിചാരണ ഇനിയും അവസാനിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: