ന്യൂദല്‍ഹി: ദല്‍ഹിയില്‍ കഴിഞ്ഞ ഡിസംബര്‍ 16ന് യുവതി ബസിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായി പിന്നീട് കൊല്ലപ്പെട്ട കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ശിക്ഷ വിധിക്കാന്‍ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് സുപ്രീംകോടതി അനുമതി നല്കി. ജുവൈനല്‍ എന്ന പദത്തിന് പുതിയ വ്യാഖ്യാനം നല്‍കണമെന്ന ഹര്‍ജി പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. മാനസിക, ബൗദ്ധിക പക്വതയുടെ അടിസ്ഥാനത്തില്‍ വേണം 18 വയസിന് താഴെയുള്ളവരുടെ കുറ്റകരമായ പ്രവൃത്തിയെ വിലയിരുത്തേണ്ടതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ജുവൈനല്‍ എന്ന പദത്തിന് പുതിയ വ്യാഖ്യാനം നല്‍കണമെന്നാവശ്യപ്പെട്ട് ഡോ. സുബ്രഹ്മണ്യന് സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുക. സ്വാമിയുടെ ഹര്‍ജിയില്‍ കോടതി കേന്ദ്രസര്‍ക്കാരിനും നോട്ടീസയച്ചു. 23 വയസ്സുള്ള പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ വച്ച് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ആറു പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളായിരുന്നു. ഇയാള്‍ക്കെതിരെ ശിക്ഷ പ്രഖ്യാപിക്കുന്നതില്‍ നിന്നും സുപ്രീംകോടതി നേരത്തെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിനെ തടഞ്ഞിരുന്നു. പെണ്‍കുട്ടി ഡിസംബര്‍ 29ന് സിംഗപ്പൂര്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.
പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് ഗീതാഞ്ജലി ഗോയല്‍ അധ്യക്ഷയായുള്ള ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് ആഗസ്റ്റ് 19ന് കേസില്‍ വിധി പറയുന്നത് മാറ്റിവച്ചിരുന്നു. 31 വരെയായിരുന്നു മാറ്റിവച്ചത്. ജൂലൈ 11 മുതല്‍ ഇത് നാലാം തവണയാണ് വിധി പ്രഖ്യാപനം മാറ്റുന്നത്. സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ചു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കൂട്ടബലാത്സംഗം, മോഷണം എന്നീ കുറ്റങ്ങളിലെ പ്രയപൂര്‍ത്തിയാകാത്ത പ്രതിക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയായത് ജൂലൈ അഞ്ചിനായിരുന്നു. ഇയാള്‍ക്കെതിരായി കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും വിധി പറയാതെ മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, അന്നു രാത്രി തന്നെ അതേ ബസില്‍ യാത്ര ചെയ്തിരുന്ന രാംധറെന്ന മരപ്പണിക്കാരനെ കൊള്ളയടിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഇതിനുള്ള ശിക്ഷയും വിധിക്കേണ്ടതുണ്ട്.
18 വയസിന് താഴെ പ്രായമുള്ളവര്‍ ജുവൈനല്‍ ജസ്റ്റിസ് ആക്ടിലെ ജുവൈനല്‍ എന്ന മേലങ്കിയുടെ ബലത്തിലാണ് നിലനില്‍ക്കുന്നതെന്ന് സ്വാമി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം പ്രതിയുടെ വയസ്സു മാത്രമല്ല മനസിക-ബൗദ്ധിക പക്വതയുടെ അടിസ്ഥാനത്തിലും ആണ് നിശ്ചയിക്കേണ്ടതെന്ന് കുട്ടികളുടെ അവകാശത്തിനായി ഐക്യ രാഷ്ട്ര സഭ നടത്തിയ കണ്‍വെന്‍ഷനില്‍ പറയുന്നുണ്ടെന്ന് സ്വാമി വാദിച്ചു. എന്നാല്‍ മൂന്നാമനായ സ്വാമിയെ കേസില്‍ ഇടപെടാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് കാണിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിദ്ധാര്‍ഥ് ലുതറെ രംഗത്തെത്തിയിരുന്നു. തന്റെ ഹര്‍ജി വ്യക്തിഗതമല്ലെന്നാണ് സ്വാമി അന്ന് മറുപടി നല്‍കിയത്.
പോലീസ് നല്‍കിയിരിക്കുന്ന കുറ്റപത്രമനു സരിച്ച് പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരമായി പെരുമാറിയത് പ്രായപൂര്‍ത്തിയാകാത്ത ഈ പ്രതിയാണ്.
ഉത്തര്‍പ്രദേശുകാരനായ പ്രതി 11 വയസ്സുള്ളപ്പോഴാണ് ദല്‍ഹിയിലെത്തുന്നത്. ഐപിസി പ്രകാരം ഒത്തുചേര്‍ന്ന് കവര്‍ച്ച നടത്തുക (395), തടങ്കലില്‍ വയ്ക്കുക (342), കൂട്ടകവര്ച്ചയിലൂടെ നേടിയ തൊണ്ടിയുടെ പങ്ക് പറ്റുക (412) എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ തട്ടിക്കൊണ്ടുപോയി മനഃപ്പൂര്‍വം തടങ്കലില്‍ വയ്ക്കുക (365), കവര്‍ച്ചയ്ക്കായി മനഃപ്പൂര്‍വം മുറിവേല്‍പ്പിക്കുക (394) എന്നീ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: